

ജാതി അനാചാരങ്ങൾക്കെതിരെ നിരന്തരം പോരാടിയ എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂർ തിരൂരിലായിരുന്നു അന്ത്യം.അനുഭവങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രതിപാദിക്കുന്ന പുസ്‌തകങ്ങൾ ശ്രദ്ധ നേടിയിരുന്നു. "നഷ്ടബോധങ്ങളില്ലാതെ', "യാത്ര കാട്ടിലും നാട്ടിലും', വാതിൽ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികൾ. ഇവ ഒറ്റപ്പുസ്‌തകമാക്കി "കാലപ്പകർച്ച' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് "കാലപ്പകർച്ച' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. സമുദായത്തിലെ ജീർണമായ അനാചാരങ്ങൾക്കെതിരായ നവോത്ഥാന സംരംഭങ്ങളിലൂടെ പൊതു സാമൂഹ്യപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന വ്യക്തിത്വമാണ് ദേവകി നിലയങ്ങോടിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് അക്ഷരാഭ്യാസം നിഷിദ്ധമായ ഘട്ടത്തിൽ നിന്നാണ് എഴുത്തുകാരിയായി ദേവകി നിലയങ്ങോട് വളർന്നത്.
സാമൂഹിക നവീകരണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമെന്ന് മുഖ്യമന്ത്രി
'നഷ്ടബോധങ്ങളില്ലാതെ' എന്ന കൃതി ആ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. 'കാലപ്പകർച്ച', 'യാത്ര കാട്ടിലും നാട്ടിലും' തുടങ്ങിയ കൃതികളും അവരിലെ മൗലികതയുള്ള എഴുത്തുകാരിയെ വെളിച്ചത്ത് കൊണ്ടു വന്നു. 'തൊഴിൽ കേന്ദ്രത്തിലേക്ക്' എന്ന ചരിത്രത്തിൽ സ്ഥാനം പിടിച്ച നാടകത്തിന്റെ അവതരണത്തിന് ചുക്കാൻപിടിച്ചതടക്കമുള്ള ശ്രദ്ധേയസംഭവങ്ങൾകൊണ്ട് നിറഞ്ഞതാണ് അവരുടെ ജീവിതം. പൊതുജീവിത രംഗത്തിന് വലിയ നഷ്ടമാണ് മാറുന്ന തലമുറകൾക്ക് പ്രചോദനകരമാം വിധം ജീവിച്ച ദേവകി നിലയങ്ങോടിന്റേതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മന്ത്രി എം.ബി. രാജേഷ് അനുശോചന സന്ദേശത്തിൽ
പാർവതി നെന്മിനിമംഗലം, ആര്യാ പള്ളം, ദേവകി വാര്യർ തുടങ്ങി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച മഹതികൾക്കൊപ്പമാണ് ദേവകി നിലയങ്ങോടും പ്രവർത്തിച്ചത്. വിവാഹിതയാകുന്നതു വരെ തികച്ചും യാഥാസ്ഥിതികമായ അന്തരീക്ഷത്തിലാണ് ദേവകി നിലയങ്ങോട് വളർന്നത്. വിവാഹത്തിനു ശേഷമാണ് ഉല്പതിഷ്ണുവായ ഭർത്താവ് നിലയങ്ങോട് മന രവി നമ്പൂതിരിയുടെ പിന്തുണയോടെ അവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്കിറങ്ങിയത്. എന്നാൽ എതിർപ്പുകൾ ധാരാളമായിരുന്നു. നിലയങ്ങോട് മനയിലെ പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിച്ചിരുന്നു. രവി നമ്പൂതിരിപ്പാട് പോകുന്ന സ്ഥലങ്ങളിലൊക്കെ ഭാര്യയേയും ഒപ്പം കൂട്ടിയിരുന്നു. അങ്ങനെയാണ് അവർ സമൂഹത്തിലേക്കിറങ്ങുന്നത്.
നമ്പൂതിരി സമുദായത്തിൽ ജനിച്ച പെൺകുട്ടിയായതിനാൽ കുട്ടിക്കാലത്ത് വിദ്യാഭ്യാസം നേടാനുള്ള അവകാശമുണ്ടായിരുന്നില്ല. എന്നാൽ വീട്ടിൽ വെച്ചു തന്നെ എഴുതാനും വായിക്കാനും പഠിച്ചു. ഉത്പതിഷ്ണുക്കളായ സഹോദരന്മാരുടെ സഹായവും പിന്തുണയും കൊണ്ട് കുട്ടിക്കാലം മുതൽ തന്നെ വായനയുടെ ലോകത്തെത്താൻ അവസരമുണ്ടായി. തങ്ങൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ രഹസ്യമായി എത്തിച്ചിരുന്നത് സഹോദരന്മാരാണെന്ന് ദേവകി നിലയങ്ങയോട് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. ആർത്തവ സമയത്ത് ഒറ്റപ്പെട്ട് കഴിയുന്ന അവസരങ്ങളിൽ സഹോദരന്മാർ എത്തിച്ചിരുന്ന പുസ്തകങ്ങളായിരുന്നു കൂട്ട്. പുസ്തകത്തിൽ തൊടാതിരിക്കാൻ വേണ്ടി, പേജ് മറിച്ചുകൊടുക്കാൻ ഒരു ദാസിയും ഒപ്പമുണ്ടാകും. ആരെങ്കിലും വരുന്നുവെന്നറിഞ്ഞാൽ പുസ്തകം ഒളിപ്പിച്ചുവെക്കും. ഇങ്ങനെയാണ് വിക്ടർ യൂഗോയുടെ 'പാവങ്ങൾ', പേൾ എസ് ബക്കിന്റെ 'ഗുഡ് എർത്ത്', ബംഗാളി നോവലുകളുടെ പരിഭാഷകൾ, ലളിതാംബിക അന്തർജ്ജനത്തിന്റെയും ഉറൂബിന്റെയും കൃതികൾ അടക്കമുള്ള പ്രസിദ്ധമായ ഗ്രന്ഥങ്ങൾ അവർ വായിച്ചിട്ടുള്ളത്.
നാല്പതുകളിൽ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൽ പങ്കെടുത്തുവെങ്കിലും അതേക്കുറിച്ച് നമ്മൾ വിശദമായി അറിയുന്നത് 75ാം വയസ്സിൽ അവർ തന്റെ ജീവിതാനുഭവങ്ങളെ ആസ്പദിച്ചെഴുതിയ പുസ്തകത്തിലൂടെയാണ്. ആനുകാലിക പ്രസിദ്ധീകരണത്തിലൂടെ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വലിയ സ്വീകാര്യത ലഭിച്ച ഈ രചന പിന്നീട് പുസ്തകമാക്കി. 2003 ൽ 'നഷ്ടബോധങ്ങളില്ലാതെ: ഒരു അന്തർജനത്തിന്റെ ആത്മകഥ' പ്രസിദ്ധീകരിച്ചു. യാത്ര: കാട്ടിലും നാട്ടിലും', വാതിൽപ്പുറപ്പാട്, എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. കാലപ്പകർച്ച എന്ന പേരിൽ സമാഹൃത കൃതിയും പ്രസിദ്ധീകരിച്ചു. 'കാലപ്പകർച്ച' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേരക്കുട്ടി തഥാഗതനോട് പല തവണയായി പറഞ്ഞ ജീവിതാനുഭവങ്ങൾ എഴുതാൻ പ്രചോദനം കൊടുത്തത് ജാമാതാവായ, അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ ചിന്ത രവിയടക്കമുള്ള ബന്ധുക്കളാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങൾ വരച്ചുകാട്ടിയ ഒരു എഴുത്തുകാരിയെ അങ്ങനെ മലയാളഭാഷയ്ക്ക് ലഭിച്ചു. ദേവകി നിലയങ്ങോടിന്റെ സഹോദരൻ പി ചിത്രൻ നമ്പൂതിരിപ്പാട് കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്. രണ്ടു പേരും കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണ രംഗത്ത് തിളങ്ങിനിന്ന വ്യക്തിത്വങ്ങളാണ്.
ദേവകി നിലയങ്ങോടിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.