ഡീൻ അടക്കമുള്ളവരെ കൂടി അറസ്റ്റ് ചെയ്യണം,
പരമാവധി ശിക്ഷ നൽകണം,

സിദ്ധാർഥന്റെ അച്ഛൻ

ഡീൻ അടക്കമുള്ളവരെ കൂടി അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നൽകണം, സിദ്ധാർഥന്റെ അച്ഛൻ

Published on

കേസിൽ പ്രതിചേർത്ത 18 പേരെയും പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് ക്യൂവിനോട് സംസാരിക്കുന്നു.

പ്രതിചേർക്കപ്പെട്ട 18 പേരെയും അറസ്റ്റ് ചെയ്തതിൽ ആശ്വാസമുണ്ട്. എന്നാൽ മരണം ആത്മഹത്യ മാത്രമാക്കി ഒതുക്കാനും ഹോസ്റ്റലിൽ മകനെതിരെ നടന്ന ആക്രമണങ്ങൾ മറച്ചുവെക്കാനും ശ്രമിച്ച ഡീൻ അടക്കമുള്ള അധ്യാപകരെ കൂടി പ്രതി ചേർത്ത് അറസ്റ്റ് ചെയ്യണം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം. അതിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോവും. പ്രതിചേർക്കപ്പെട്ട 18 പേരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയുള്ള സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു.

സിദ്ധാർഥന്റെ കുടുംബം
സിദ്ധാർഥന്റെ കുടുംബം

സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് ക്യൂവിനോട് പങ്ക് വെച്ച പ്രതികരണത്തിലെ പ്രസക്ത ഭാഗങ്ങൾ

കൃത്യമായ രീതിയിൽ മർദ്ദനമേറ്റതായി കണ്ടെത്തിയിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് അതിനെ സാധൂകരിച്ചിട്ടും അന്വേഷണത്തിൽ മെല്ലെ പോക്ക് നയമാണ് ആദ്യം ഉണ്ടായത്. ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്.

ഫെബ്രുവരി- 18 ന് മരണം നടന്ന് പിറ്റേ ദിവസം തന്നെ കുറച്ച് സഹപാഠികൾ തന്നെ കണ്ടിരുന്നു. സിദ്ധാർഥ് മരിച്ചതല്ലെന്നും ഹോസ്റ്റലിൽ കഴിഞ്ഞ ദിവസങ്ങളിൽ മർദ്ദനമുണ്ടായിട്ടുണ്ടെന്നും ആദ്യം പറഞ്ഞത് ആ മൂന്ന് വിദ്യാർഥികളാണ്. എന്നാൽ ശരീരത്തിൽ വ്യക്തമായ മുറിവുകൾ കണ്ടെത്തിയിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടും കോളേജ് അധികൃതർ സ്വമേധയാ അന്വേഷണം നടത്തണമെന്ന് പോലീസിനോട് ആവശ്യപെട്ടില്ല. യുജിസിയുടെ ആന്റി റാഗിങ് സെല്ലിന് ചില വിദ്യാർഥികൾ നൽകിയ പാരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് യുജിസിയുടെ ആന്റി റാഗിങ് സെൽ കോളേജിന് നിർദേശം നൽകിയപ്പോയാണ് ഡീൻ അടക്കമുള്ളവർ സംഭവം അറിഞ്ഞ ഭാവം നടിക്കുന്നത്. മരണം നടന്ന സമയത്ത് പൊലീസിനെ അറിയിക്കാതെയാണ് അവർ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നത്. ആ സമയത്ത് തന്നെ ദുരൂഹതയുണ്ടെന്ന് മനസ്സിലായിരുന്നു.

മരണം നടന്ന സംഭവം തന്നെ വിളിച്ചു പറയുന്നത് അവിടത്തെ മറ്റ് വിദ്യാർഥികളാണ്. ഒരു കോളേജിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഒരു അത്യാഹിതം വന്നാൽ അത് അവരുടെ വീട്ടുകാരെ അറിയിക്കാനുള്ള ഉത്തരവാദിത്തം അധികൃതർക്കില്ലേ? അവർ സംഭവം മൂടി വെക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. സിദ്ധാർഥിന്റെ സഹപാഠികളോട് ഹോസ്റ്റലിൽ നടന്ന സംഭവം പറയരുത് എന്ന് അധ്യാപകർ പറഞ്ഞതായി ചിലർ പറഞ്ഞു. അവിടത്തെ കുട്ടികളെല്ലാവരും പേടിച്ചു നിൽക്കുകയാണ്. അങ്ങനെ പേടിച്ചു നിർത്തുന്ന ഗുണ്ടാ സംഘങ്ങളുള്ള ക്യാമ്പസാണ് അത്.

മൂന്ന് ദിവസം തുടർച്ചയായി വെള്ളവും ഭക്ഷണവും പോലും കൊടുക്കാതെ പീഡനത്തിരയാക്കിയിട്ടും കണ്ട് നിന്ന വിദ്യാർഥികൾ ആരും പ്രതികരിച്ചില്ല എന്നതാണ് എന്നെ ഏറെ സങ്കടപ്പെടുത്തിയത്. കൂടാതെ വിവസ്ത്രനാക്കി കമ്പി കൊണ്ടും ബെൽറ്റ് കൊണ്ടും അടിച്ചു. അതെല്ലാം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഫെബ്രുവരി 18 - വരെ നടന്ന ഈ പരസ്യവിചാരണക്കും മർദ്ദനങ്ങൾക്കും മൂന്ന് ദിവസം മുന്നേ വീട്ടിലേക്ക് വരാൻ ഒരുങ്ങിയതായിരുന്നു അവൻ. കോഴിക്കോട് നിന്നും ട്രെയിൻ കയറിയ ശേഷമാണ് പിന്നീട് കോളേജിൽ അത്യാവശ്യമുണ്ടെന്നും തിരിച്ച് പോകണമെന്നും 'അമ്മയോട് പറഞ്ഞു.

അവനെ വീട്ടിൽ നിന്നും വിളിച്ചു വരുത്തിയത് അവന്റെ കൂട്ടുകാരനായ റഹാനായിരുന്നു. അവന്റെ കൂട്ടുകാരായ റഹാനും അക്ഷയും ഒക്കെയാണ് സീനിയർ വിദ്യാർഥികളുടെ ആക്രമണങ്ങൾക്ക് കൂട്ടുനിന്നത്. അവരെല്ലാം നെടുമങ്ങാട്ടെ ഞങ്ങളുടെ വീട്ടിൽ വന്ന് താമസിച്ച് ഭക്ഷണം കഴിച്ചവർ കൂടിയാണ്. അവർ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല.. എസ്എഫ്ഐക്കോ പാർട്ടിക്കോ ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. . പാർട്ടി എന്ത് പറയുന്നു അതാണ് ഡീൻ ചെയ്യുന്നത്. അത് കൊണ്ടാണ് മരണം നടന്നിട്ടും ഒരാഴ്ച്ചയോളം പ്രതികൾ ക്യാമ്പസിൽ തന്നെ തുടർന്നത്.

ഡീൻ അടക്കമുള്ളവരെയും വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ മൂടി വെച്ചവർക്കെതിരെയും നടപടികൾ വേണം. പരമാവധി ശിക്ഷ നൽകണം. സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു

ഫ്രെബുവരി പതിനെട്ടിനായിരുന്നു സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ സീനിയർ വിദ്യാർഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു.

ബെൽറ്റും കേബിളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മർദിച്ചതിന്റെ മുറിവുകൾ സിദ്ധാർത്ഥന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.

logo
The Cue
www.thecue.in