ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവില്ല; വീഴ്ച വരുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍- മുഖ്യമന്ത്രിയുടെ മറുപടി

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവില്ല; വീഴ്ച വരുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍- മുഖ്യമന്ത്രിയുടെ മറുപടി

ടിപി കേസ് കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിപി കേസ് കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ബി. ജി. അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അര്‍ഹതയില്ല. ടിപി കേസ് പ്രതികള്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഇളവ് അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 25-11-2022ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍ മേധാവി സര്‍ക്കാരിന് നല്‍കി. പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനെത്തുടര്‍ന്ന് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക നല്‍കാന്‍ ജൂണ്‍ മൂന്നിന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കി.

നിലവിലുള്ള മാനദണ്ഡപ്രകാരം ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ കഴിയില്ലെന്നിരിക്കെ ഇവര്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ അധികൃതര്‍ പോലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജയില്‍ മേധാവി സൂപ്രണ്ടിന്റെ വിശദീകരണം തേടിയിരുന്നു. ടിപി കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷാ ഇളവിനുള്ളവരുടെ അന്തിമ പട്ടിക സര്‍ക്കാരില്‍ നല്‍കുമെന്ന് 22.06.2024ന് ജയില്‍ മേധാവി വാര്‍ത്താക്കുറിപ്പും നല്‍കിയിരുന്നു.

ശിക്ഷായിളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ആരാഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ കത്തും ഇക്കാര്യത്തില്‍ ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് ജയില്‍ സൂപ്രണ്ട് നല്‍കിയ വിശദീകരണവും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ശിക്ഷായിളവ് നല്‍കുന്നതിന് 2022ലെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തടവുകാരുടെ പുതുക്കിയ പട്ടിക സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷാണ് മറുപടി നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in