രാഷ്ട്രീയത്തിൽ ഉണ്ടാകും, എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കും, മറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് ചെറിയാൻ ഫിലിപ്പ്

രാഷ്ട്രീയത്തിൽ ഉണ്ടാകും, എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കും, മറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് ചെറിയാൻ ഫിലിപ്പ്
Published on

രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാത്തത് കൊണ്ടാണ് എഴുത്തിലേയ്ക്ക് തിരയുന്നതെന്ന വാർത്തയിൽ വാസ്തവമില്ലെന്ന് ചെറിയാൻ ഫിലിപ്. കർമ്മ മേഖല എന്ന നിലയിൽ എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് മാത്രം. തന്റെ ഫേസ്ബുക് പോസ്റ്റിനെ ചിലർ തെറ്റായി വായിച്ചെടുക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് ദ ക്യുവിനോട് പ്രതികരിച്ചു.

നാല്പത്ത് വർഷത്തെ കേരള ചരിത്രമാണ് പുതിയ പുസ്തകത്തിന്റെ പ്രമേയം. നേരത്തെ എഴുതിയ 'കാൽ നൂറ്റാണ്ട്' എന്ന പുസ്തകം 25 വർഷത്തെ ചരിത്രമായിരുന്നു പരാമർശിച്ചിരുന്നത്. ഒരു വർഷമെടുത്തായിരുന്നു ആ പുസ്തകം പൂർത്തിയാക്കിയത്. ഇടതും വലതുമെന്ന പുതിയ പുസ്തകം പൂർത്തിയാക്കുവാൻ രണ്ട് വർഷമെങ്കിലും വേണ്ടി വരും.

രാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പിന്റെ പേരായിരുന്നു പരിഗണിച്ചിരുന്നത് എന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു . ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് രാജ്യസഭയിലേക്കുള്ള സിപിഎം പ്രതിനിധികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസിനെയും, സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ ഡോ വി ശിവദാസനെയുമാണ് സിപിഐഎം പരിഗണിച്ചിരിക്കുന്നത്.

ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

‘ഇടതും വലതും ‘ -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും.

നാല്പതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്.

ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആൻ്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.ഈ പുസ്തകത്തിൻ്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.

കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിന്റെ തലക്കെട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in