ഫ്രാങ്കോ വിധിയില്‍ അപ്പീല്‍ പോകും;അംഗീകരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍

ഫ്രാങ്കോ വിധിയില്‍ അപ്പീല്‍ പോകും;അംഗീകരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുന്‍ കോട്ടയം എസ്.പി ഹരിശങ്കര്‍. വിധി പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ അപ്പീല്‍ പോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഡി.ജി.പി ഇക്കാര്യം നിര്‍ദേശിച്ചിട്ടുണ്ട്.

വളരെ നിര്‍ഭാഗ്യകരമായ വിധിയാണ്. ഇത്തരം കേസില്‍ ഇങ്ങനെയൊരു വിധി എങ്ങനെ വന്നു എന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ തന്നെ അത്ഭുതമായിരിക്കും. 2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ 2018ലാണ് പരാതി നല്‍കിയത്. അധികാര സ്ഥാനത്ത് ഇരുന്ന ആളാണ് പീഡിപ്പിച്ചത്. അത്തരമൊരു സാഹചര്യത്തില്‍ പീഡനം നടക്കുന്ന സമയത്ത് പരാതി പറയാന്‍ കഴിയില്ല. ജീവന്‍ തന്നെ അപകടത്തിലാവുന്ന സാഹചര്യമായിരിക്കാം. രണ്ട് വര്‍ഷം പുറത്ത് പറയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍. വൈദികന്‍ നല്‍കിയ കരുത്തിലാണ് സഹകന്യാസ്ത്രീകളോട് പറയുന്നത്. എന്നിട്ടും അച്ചടക്ക നടപടി നേരിടേണ്ടി വന്നു. ഒടുവിലാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിത്.

സാക്ഷികള്‍ സാധാരണക്കാരായിരുന്നു. മൊഴി നല്‍കാന്‍ തയ്യാറായവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. കൃത്യമായ മെഡിക്കല്‍ തെളിവുകളുണ്ടായിരുന്നു. അസാധാരണ വിധിയാണ്. ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന കോടതി വിധികളാണ് ബലാത്സംഗ കേസുകളില്‍ ഉണ്ടാവാറുള്ളത്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴി ശിക്ഷിക്കപ്പെടാനുള്ള തെളിവായി കണക്കാക്കാറുണ്ട്.

കന്യാസ്ത്രീ അവര്‍ക്ക് കിട്ടിയ കച്ചിത്തുരുമ്പില്‍ പിടിച്ച് കയറി പോരാടിയ കേസാണിത്. ഞങ്ങള്‍ക്ക് ചെയ്യാവുന്നത് പരമാവധി ചെയ്തിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ടിട്ടും പരാതി പറയാന്‍ ഭയക്കുന്നവര്‍ക്ക് ഈ വിധി എന്ത് സന്ദേശമാണ് നല്‍കുന്നത്. ഇത്തരം ആളുകള്‍ ആജീവനാന്തം നിശബ്ദരായി ഇരിക്കണമെന്നാണ് വിധിയിലൂടെ പറയുന്നതെങ്കില്‍ അത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ഹരിശങ്കര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in