
ഒരു ചാനല്‍ സ്റ്റുഡിയോയില്‍ ബൈറ്റ് എടുത്ത ശേഷം ഒഴിവാക്കി
ദിലീപിനെതിരായ വെളിപ്പെടുത്തലുകളും ഫോണ്‍ രേഖകളും വാര്‍ത്തയാക്കാന്‍ മലയാളത്തിലെ മുന്‍നിര ചാനലുകള്‍ ഉള്‍പ്പെടെ തയ്യാറായില്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയും ദിലീപും ബന്ധമുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം വലുതും ചെറുതുമായ മാധ്യമങ്ങളെ സമീപിച്ചെന്നും ആരും സഹകരിച്ചില്ലെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.
ബാലചന്ദ്രകുമാര്‍ പറഞ്ഞത്
ഒരു മാധ്യമപ്രവര്‍ത്തകന് ഓഡിയോ ക്ലിപ് നല്‍കിയപ്പോള്‍ സ്റ്റുഡിയോയില്‍ വിളിച്ച് ബൈറ്റ് എടുത്തു. പക്ഷെ വെളിയില്‍ വിടരുതെന്ന് മുകളില്‍ നിന്ന് പറഞ്ഞതായി ആ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. കോഴിക്കോട് നിന്ന് വിളിച്ച് പറഞ്ഞു, ഈ വീഡിയോ പുറത്തുവിടരുത് എന്നാണ് ആ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടപടി വൈകിയപ്പോള്‍ അവസാനമാണ് എം.വി നികേഷ് കുമാറിനെ സമീപിച്ചത്. ഓഡിയോ ക്ലിപ്പുകള്‍ മുഴുവന്‍ കേട്ടശേഷം നികേഷ് കുമാറിനെ കണ്ടു. ഫോണ്‍ രേഖകളും വോയ്‌സ് ക്ലിപ്പുകളും കേട്ട് ബോധ്യപ്പെട്ട ശേഷമാണ് നികേഷ് കുമാര്‍ വാര്‍ത്ത നല്‍കാന്‍ തയ്യാറായത്. ക്രിസ്മസ് ദിവസം അത് സംപ്രേഷണം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു.
ബാലചന്ദ്രകുമാറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിക്കും എഡിറ്റര്‍ നികേഷ് കുമാറിനുമെതിരെ ദിലീപ് വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്.
നവകേരള ന്യൂസ് അഭിമുഖത്തിലാണ് ബാലചന്ദ്രകുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രൊപ്പഗന്‍ഡയാണ് ചാനലിലൂടെ നടന്നതെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിക്കുന്ന രാമന്‍പിള്ള അസോസിയേറ്റ്‌സ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ദിലീപ് അയച്ച വക്കീല്‍ നോട്ടീസിലെ പ്രസക്ത ഭാഗങ്ങള്‍
റിപ്പോര്‍ട്ടര്‍ ചാനല്‍ ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും ദിലീപിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ ആരോപിക്കുന്നു.