വെള്ളം നല്‍കി; ചിരിച്ച് കൊണ്ട് ബാബു; ദൗത്യസംഘം ബാബുവിനടുത്തേക്ക്

വെള്ളം നല്‍കി; ചിരിച്ച് കൊണ്ട് ബാബു; ദൗത്യസംഘം ബാബുവിനടുത്തേക്ക്

24 News

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന് രക്ഷാപ്രവര്‍ത്തകര്‍ വെള്ളം നല്‍കി. രക്ഷാപ്രവര്‍ത്തകരെ കണ്ട ബാബു എഴുന്നേറ്റ് നിന്ന് കൈവീശി. വെള്ളം ആവശ്യപ്പെട്ടു. മല മുകളിലെത്തിയ സംഘം കയര്‍ കെട്ടി താഴേക്ക് ഇറങ്ങുകയായിരുന്നു. കയറില്‍ പിടിച്ച് കയറാന്‍ ബാബുവിന് കഴിയുമോ എന്നതാണ് ആശങ്ക. ആരോഗ്യനില തൃപ്തികരമാണെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച രാവിലെയാണ് ബാബു സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയത്. 1000 മീറ്റര്‍ ഉയരമുള്ള മല. സുഹൃത്തുക്കള്‍ വിശ്രമിക്കുന്നതിനിടെ മുകളിലേക്ക് കയറിയ ബാബു കാല്‍ വഴുതി പാറയിടുക്കിലേക്ക് വീണു.

കുടുങ്ങിക്കിടക്കുന്ന വിവരം ബാബു തന്നെയാണ് സുഹൃത്തുക്കളെ അറിയിച്ചത്. മൊബൈല്‍ ഫോണില്‍ ഫോട്ടോകള്‍ എടുത്ത് ബാബു അയച്ചു. രക്ഷിക്കണമെന്ന് ഫയര്‍ ഫോഴ്‌സിനെ വിളിച്ച് ആവശ്യപ്പെട്ടു. രക്ഷപ്രവര്‍ത്തനം ആരംഭിച്ചു. ഫോണിന്റെ ഫ്‌ളാഷ് തെളിയിച്ച് കുടുങ്ങി കിടന്ന സ്ഥലം അറിയിക്കാന്‍ ബാബു ശ്രമിക്കുന്നുണ്ടായിരുന്നു. ഷര്‍ട്ടുയര്‍ത്തി കാണിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബാബു കുടുങ്ങി കിടക്കുന്ന സ്ഥലം തിരിച്ചറിയാന്‍ പറ്റിയത്.

രക്ഷാപ്രവര്‍ത്തരോട് ബാബു വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ശക്തമായ കാറ്റ് കാരണം ഹെലികോപ്റ്ററിന് ബാബുവിന് അടുത്തേക്ക് അടുക്കാന്‍ പറ്റിയില്ല.

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നുള്‍പ്പെടെയുള്ള സംഘം എത്തി. ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമം സൈന്യം ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ തന്നെ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് സൈന്യത്തിന്റെ രക്ഷപ്രവര്‍ത്തനം.

പുലര്‍ച്ചെ മൂന്ന് മണിയോടെ ദൗത്യസംഘം ബാബുവിനോട് സംസാരിച്ചു. ബാബു വെള്ളം ആവശ്യപ്പെട്ടു. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

സൈന്യവും എന്‍.ഡി.ആര്‍.എഫും മലമുകളിലേക്ക് കയറി. റോപ്പ് കെട്ടി ദൗത്യസംഘം ബാബുവിന് സമീപത്തേക്ക് എത്തുകയാണ്. മൂന്നംഗ ഡോക്ടര്‍ സംഘവും രക്ഷാദൗത്യത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in