പെണ്‍കുട്ടിയുടെ അന്തസ് തകര്‍ത്തതിന് കേസെടുക്കണം, പ്രതികരിക്കാത്ത നേതാക്കളെ ഓര്‍ത്ത് ലജ്ജിക്കുന്നു; സമസ്ത നേതാവിനെതിരെ ഗവര്‍ണര്‍

പെണ്‍കുട്ടിയുടെ അന്തസ് തകര്‍ത്തതിന് കേസെടുക്കണം, പ്രതികരിക്കാത്ത നേതാക്കളെ ഓര്‍ത്ത് ലജ്ജിക്കുന്നു; സമസ്ത നേതാവിനെതിരെ ഗവര്‍ണര്‍

വേദിയില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ഇറക്കിവിട്ട സമസ്ത നേതാവിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമസ്ത നേതാവിനെതിരെ പെണ്‍കുട്ടിയുടെ അന്തസ് തകര്‍ത്തതിന് കേസെടുക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍.

സമസ്തയുടെ വേദിയില്‍ നടന്നത് കുറ്റകൃത്യമാണ്. സ്വമേധയാ കേസെടുക്കാന്‍ തയ്യാറാകണം. ഇസ്ലാമോഫോബിയ പടര്‍ത്താന്‍ വഴിയൊരുക്കുന്നത് ഇത്തരക്കാരാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട്.

ഗവര്‍ണറുടെ വാക്കുകള്‍

സ്ത്രീപുരുഷ സമത്വത്തിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിക്കുന്ന കേരളീയ സമൂഹം ഈ വിഷയത്തില്‍ പുലര്‍ത്തിയ നിശബ്ദത ഖേദകരമാണ്. മുസ്ലീം സ്ത്രീകളെ വീടിന്റെ നാല് ചുവരില്‍ തളക്കാനുള്ള പുരോഹിതരുടെയും മതനേതാക്കളുടെയും ശ്രമമമാണ് ഇതിന് പിന്നില്‍. ഖുര്‍ ആന്‍ വചനങ്ങളുടെയോ ഭരണഘടനയുടെയോ പിന്‍ബലം ഇതിനില്ല.

പെരിന്തല്‍മണ്ണ പനങ്കാങ്കരയിലുള്ള മദ്രസാ വാര്‍ഷിക പരിപാടിയിലാണ് പുരസ്‌കാരം സ്വീകരിക്കാന്‍ ക്ഷണിച്ചതിന് പിന്നാലെ വേദിയിലെത്തിയ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക വിരുദ്ധമാണെന്ന് കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പരസ്യമായി അധിക്ഷേപിച്ചത്.

എം.ടി അബ്ദുള്ള മുസ്ലാര്‍ പറഞ്ഞത് '' ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്''