ആൻണി പെരുമ്പാവൂർ പ്രതികരിക്കുന്നു; ലൂസിഫർ 3 ഉണ്ടാകും, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട; മോഹൻലാലിന് എമ്പുരാന്റെ കഥയറിയാം

ആൻണി പെരുമ്പാവൂർ പ്രതികരിക്കുന്നു; ലൂസിഫർ 3 ഉണ്ടാകും, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട; മോഹൻലാലിന് എമ്പുരാന്റെ കഥയറിയാം
Published on

എമ്പുരാൻ സിനിമ റി എഡിറ്റ് ചെയ്യാന‍് തീരുമാനിച്ചത് ആരുടെയും സമ്മർദ്ദം കൊണ്ടോ ഭയം കൊണ്ടോ അല്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. മുരളി ​ഗോപി ഉൾപ്പെടെ സമ്മതമറിയിച്ച ശേഷമാണ് എഡിറ്റ് ചെയ്യാനുള്ള തീരുമാനം. എമ്പുരാൻ വിവാദം ഇതോടെ അവസാനിച്ചെന്നും ആന്റണി പെരുമ്പാവൂർ. പൃഥ്വിരാജ് സുകുമാരനെ ആരും ഒറ്റപ്പെടുത്തില്ല, പൃഥ്വിരാജിനൊപ്പമുണ്ടാകും. ലൂസിഫർ മൂന്നാം ഭാ​ഗം ഉണ്ടാകുമെന്നും മാധ്യമങ്ങളോട് ആന്റണി പെരുമ്പാവൂർ.

ആന‍്റണി പെരുമ്പാവൂരിന്റെ പ്രതികരണം.

എമ്പുരാൻ സിനിമ റി എഡിറ്റ് ചെയ്യാനുള്ള തീരുമാനം ‍ഞങ്ങൾ ഒന്നിച്ചെടുത്തല്ല, ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ് ഞങ്ങൾ. ‍ഞാനും മോഹൻലാൽ സാറും പൃഥ്വിരാജും സമൂഹത്തിൽ ആർക്ക് എങ്കിലും വിഷമം ഉണ്ടാകണമെന്ന് കരുതുന്നവരല്ല. മോഹൻലാൽ സാറിന് എമ്പുരാന്റെ കഥയറിയാം, ഈ സിനിമ നിർമ്മിക്കണമെന്ന് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്.

രണ്ട് മിനുട്ടും ചുരുങ്ങിയ സെക്കൻഡുകളുമാണ് സിനിമയിൽ നിന്ന് നീക്കിയിരിക്കുന്നത്. സിനിമയിൽ വലിയ പ്രശ്നമുള്ള തരത്തിലുള്ള മാറ്റമല്ല വരുത്തിയിരിക്കുന്നത്. ഒരു പാർട്ടിയുടെ അല്ലാതെ വ്യക്തികൾക്ക് വിഷമം ഉണ്ടായല്ല ഇത് പോലെ നീങ്ങുമായിരുന്നു. മോഹൻലാൽ സാർ സിനിമയുടെ കഥ അറിഞ്ഞാണ് ചെയ്തത്. തിരക്കഥാകൃത്ത് മുരളി ​ഗോപിക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റി എഡിറ്റിം​ഗ്. ഞങ്ങളെല്ലാം കഥ കേട്ട ശേഷം ചെയ്യാൻ തീരുമാനിച്ച സിനിമയാണ്.

empuraan re edited re edited version details
empuraan re edited re edited version details

മല്ലിക സുകുമാരൻ എമ്പുരാന‍് വിവാദത്തിൽ പ്രതികരിച്ചത്

'എമ്പുരാൻ' എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.

ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം.എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.

എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്.....പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?

മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു.."ഞാൻ തിരക്കിൽ ആണ് അമ്മേ... ലാലേട്ടൻ വന്നിട്ടുണ്ട്.ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം" എന്നാണ് അവൻ പറഞ്ഞത്.ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല.തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.

പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ.മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് ഇവർ നടത്തുന്നത്.പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എൻ്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്?

പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ.അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല.

"അത് വേണ്ടായിരുന്നു മേജർ രവി" എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്.മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല.പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല.പട്ടാള ഗ്രൂപ്പുകളിൽ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു?

ആരൊക്കെയോ ഉണ്ടാക്കിയ കഥകൾ ആണ് ചിലരിലൂടെ ഇപ്പോൾ പുറത്തു വരുന്നത്.പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരിൽ ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്.ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്.അവരെ ഞാൻ മറക്കുന്നില്ല.പാർട്ടിയുടെയോ ജാതി,മത ചിന്തയുടെയോ അടിസ്ഥാനത്തിൽ അല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളർത്തിയത്.എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്.ഇതിനു പിന്നിൽ ചില ചലച്ചിത്ര പ്രവർത്തകരും ഉണ്ടെന്ന സംശയം ഞങ്ങൾക്ക് ഉണ്ട്.എനിക്കോ മക്കൾക്കോ രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും സ്‌ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാൻ ഒരു അതിമോഹവും ഇല്ല.അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കിൽ അവരോടാണ് ഇക്കാര്യം പറയുന്നത്.

പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്.ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല.ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്.രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും.ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല.70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കണം.....

ഇനി മാധ്യമ പ്രവർത്തകരോട് രണ്ട് വാക്ക് :

പൃഥ്വിരാജ് സെൻസർ ബോർഡിൽ പോയി "എന്റെ പടത്തിൽ മാറ്റം വരുത്തരുതേ" എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തക പറയുന്നത് കേട്ടു. സെൻസറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെൻസർ ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടായാൽ തീർത്തു കൊടുക്കാൻ സംവിധായകനോ നിർമാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവർക്ക് അറിഞ്ഞു കൂടേ?അടിക്കടി അഭിപ്രായം മാറ്റുന്ന 'മന്ദബുദ്ധി' ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനൽ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. 'അടിക്കടി ചാനലിൽ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവർത്തകരെ പോലെ അഭിപ്രായം മാറ്റുന്നവൻ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.പ്രിയപ്പെട്ട വിവിധ രാഷ്ട്രീയ കുടുംബാംഗങ്ങളെ.....പൃഥ്വിരാജ് ആരുടെയും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾക്ക് ഒരിക്കലും എതിരല്ല....സത്യമേവ ജയതേ....

മോഹൻലാലിന്റെ ഖേദപ്രകടനം

'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ

അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു...

സ്നേഹപൂർവ്വം മോഹൻലാൽ

Related Stories

No stories found.
logo
The Cue
www.thecue.in