
എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നിവേദനം നല്‍കി കേരള എയ്ഡഡ് ടീച്ചേഴ്‌സ് കളക്റ്റീവ് (KATC). ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് നിവേദനത്തില്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. 2022 മുതല്‍ നിയമിക്കപ്പെട്ട് ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന 16000 അധ്യാപകരുടെ പ്രതിസന്ധിയും നിവേദനത്തില്‍ ഉന്നയിച്ചു. ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 30ന് ഇറക്കിയ ഉത്തരവ് പിന്‍വലിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും സര്‍ക്കുലര്‍ പിന്‍വലിച്ചത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. നിലവില്‍ ജോലിചെയ്യുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ജോലിസംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചു.
ഒരേസമയം ഭിന്നശേഷിക്കാര്‍ക്കും ജോലിയില്‍ തുടരുന്ന അധ്യാപകര്‍ക്കും ദീര്‍ഘകാലമായി ജോലിസ്ഥിരത ലഭിക്കാത്തത് നീതി നിഷേധമാണെന്നും കെഎടിസി അറിയിച്ചു. സംഘടനാ ഭാരവാഹികളായ ബിന്‍സിന്‍ ഏക്കാട്ടൂര്‍, ജിതിന്‍ സത്യന്‍ കോഴിക്കോട്, ഹെല്‍ന, ഹനാന, വിനായക് കൊല്ലം, ഇജാസ് കോഴിക്കോട്, സെബിന്‍ പാലക്കാട് എന്നിവരാണ് നിവേദനം നല്‍കിയത്.