ഷൂട്ടിനിടെ ലഹരി ഉപയോ​ഗിച്ച് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് അമ്മക്കും ഫിലിം ചേംബറിനും പരാതി നൽകി

ഷൂട്ടിനിടെ ലഹരി ഉപയോ​ഗിച്ച് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് അമ്മക്കും ഫിലിം ചേംബറിനും പരാതി നൽകി
Published on

സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോ​ഗിച്ച് നടൻ തന്നോട് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സിനിമാ നടൻ ആരെന്ന് വെളിപ്പെടുത്തണമെന്നും പൂർണപിന്തുണ നൽകുമെന്നും താരസംഘടന അമ്മയും ഫിലിം ചേംബറും പറഞ്ഞിരുന്നു.നടൻ ഷൈൻ ടോം ചാക്കോയാണ് സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ച് മോശമായി പെരുമാറിയതെന്ന് ഫിലിം ചേംബറിന് നൽകിയ പരാതിയിൽ വിൻസി അലോഷ്യസ്. ലഹരി ഉപ​യോ​ഗിക്കുന്ന അഭിനേതാക്കൾക്കൊപ്പം താൻ ഇനി സിനിമ ചെയ്യില്ലെന്ന വിൻസിയുടെ പ്രസ്താവനയ്ക്കെതിരെ മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ വന്നതിന് പിന്നാലെയാണ് നടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നത്.വിൻസി ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്

കുറച്ചുദിവസം മുൻപ് ഞാൻ ലഹരി വിരുദ്ധ പ്രചാരണം മുൻനിർത്തിക്കൊണ്ട് ചെയ്യുന്ന ഒരു പ്രോഗ്രാമിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടയിൽ ഒരു പ്രസ്താവന ‍നടത്തിയിരുന്നു. കുറച്ചുപേർ ആ പ്രസ്താവനയുമായി ബന്ധപ്പെടുത്തി ചില പോസ്റ്ററുകൾ ചെയ്യുകയും അത് പലരും എനിക്ക് അയച്ചു തരുകയും ചെയ്തു. അതിലെ കമന്റ് സെക്ഷൻ വായിച്ചപ്പോൾ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നി. എന്തുകൊണ്ടാണ് അത്തരത്തിൽ ഒരു പ്രസ്താവന ഞാൻ പറഞ്ഞതെന്നും എന്താണ് പറയാനുള്ളത് എന്ന് വ്യക്തമാക്കണമെന്നുമുള്ള തോന്നൽ ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ വിഡിയോ ചെയ്യുന്നത്. ചിലരുടെ കമന്റുകൾ വായിച്ചപ്പോഴാണ് പല തരത്തിലുള്ള കാഴ്ചപ്പാടുകൾ ആണ് ആളുകൾക്ക് ഈ ഒരു പ്രസ്താവനയോടുള്ളതെന്ന് എനിക്ക് മനസ്സിലായത്. അതിന്റെ കാരണം ഞാൻ തന്നെ വ്യക്തമായി പറഞ്ഞാൽ ആളുകൾക്ക് അതിനെപ്പറ്റി പല കഥകൾ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. ഞാൻ ഭാഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രമായിരുന്ന ആർട്ടിസ്റ്റ് ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നുമുണ്ടായ എക്സ്പീരിയൻസ് മോശമായിരുന്നു. അദ്ദേഹം ഇത് ഉപയോഗിച്ച് വളരെ മോശമായ രീതിയിൽ എന്തുപറഞ്ഞാലും മനസ്സിലാകാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറിയിട്ടുണ്ട്. മോശം എന്ന് പറയുമ്പോൾ ഞാൻ അത് വ്യക്തമാക്കാം. ഒരിക്കൽ എന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ എന്റെ അടുത്ത് വന്നിട്ട് ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എന്നൊക്കെ എന്നോട് പറഞ്ഞു. എല്ലാവരുടെയും മുന്നിൽവെച്ച് എന്നോട് അങ്ങനെ മോശമായ രീതിയിൽ പെരുമാറിയപ്പോൾ പിന്നീട് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

മറ്റൊരു അവസരത്തിൽ ഞങ്ങൾ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നതൊക്കെ മറ്റൊരു കാര്യമാണ്. പക്ഷേ സിനിമ സെറ്റിൽ ഉപയോഗിച്ച് അത് മറ്റുള്ളവർക്ക് ഉപദ്രവകരം ആകുമ്പോൾ സഹിക്കാൻ കഴിയില്ല. അതെല്ലാം സഹിച്ചുകൊണ്ട് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ അഭിനയിക്കാനും എനിക്ക് താൽപര്യമില്ലായിരുന്നു. എന്റെ വ്യക്തിപരമായ അനുഭവം കാരണം ഞാൻ എടുക്കുന്ന തീരുമാനമാണിത്.

ലഹരി ഉപയോഗിക്കുന്നവർ വ്യക്തിജീവിതത്തിൽ എന്തും ചെയ്‌തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്‌നം. അങ്ങനെയുള്ളവർക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്‌സുകളിൽ കാണാനായത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകൾ ചെയ്യാൻ ആൾക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവർക്ക് വിനോദമാണ്. എന്റെ ജീവിതത്തിൽ ആൽക്കഹോൾ, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.

wcc യുടെ പ്രതികരണം

ഫിലിം സെറ്റിൽ വെച്ച് തൻ്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിർത്തുകൊണ്ട് ശബ്ദമുയർത്തിയ വിൻസി ആലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു.പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയിൽപ്പെടുത്തുന്നത്.

മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ഐ.സിയിലാണ്.

കേരളത്തിലെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി (IC) ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്. പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് IC യുടെ ഉത്തരവാദിത്വം. ഐ.സി അംഗങ്ങൾക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നൽകാനായി വനിത ശിശു വികസന വകുപ്പ് വർക്ക്ഷോപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സർക്കാറും കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്.

മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മൾ ഓരോരുത്തരും തങ്ങൾ പ്രവർത്തിക്കുന്ന സെറ്റിൽ IC നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം, അത് പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതുമാണ് . സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിർമ്മാതാവിൻ്റെ ഉത്തരവാദിത്വമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികൾക്ക് ഉയർന്നു വന്നാൽ IC യെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്. ഐ.സിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ചേമ്പറിൻ്റെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ്ങ് രൂപീകരിച്ചിട്ടുള്ളത്.

ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിർവ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങൾ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതിൽ ഉൾപ്പെടുന്നതാണ്. ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിർമ്മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണ്. ഐ.സി യുടെ കാര്യക്ഷമമായ പ്രവർത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ തൊഴിൽ ചെയ്യാൻ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കും.IC സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും ഈ അവസരത്തിൽ വീണ്ടും അറിയിക്കട്ടെ.

#അവൾക്കൊപ്പം

Related Stories

No stories found.
logo
The Cue
www.thecue.in