എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി
Published on

നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, വടിവാള്‍ സലിം എന്ന എച്ച്.സലിം, പ്രദീപ് എന്നിവര്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി 20 വര്‍ഷത്തെ കഠിന തടവ് വിധിച്ചത്. കൂട്ടബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളതെങ്കിലും പരമാവധി ശിക്ഷ കോടതി നല്‍കിയില്ല. കൂട്ടബലാല്‍സംഗത്തിന് നല്‍കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വര്‍ഷത്തെ തടവാണ് ഇവര്‍ക്ക് നല്‍കിയത്. 50,000 രൂപ വീതം പിഴയും പ്രതികള്‍ നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ഐടി ആക്ട് പ്രകാരം 5 വര്‍ഷത്തെ തടവ് കൂടിയുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

അതിജീവിതക്ക് 5 ലക്ഷം രൂപ നല്‍കണമെന്നും തൊണ്ടിമുതലായ വിവാഹനിശ്ചയ മോതിരം തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ സുരക്ഷിതമായി വെക്കണമെന്നും വിധിയില്‍ കോടതി വ്യക്തമാക്കി. ഒന്നേകാല്‍ മണിക്കൂറോളം ശിക്ഷയില്‍ വാദം കേട്ട ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. പുറത്തു നടന്ന കോലാഹലങ്ങള്‍ ഒന്നും വിധിയെ സ്വാധീനിച്ചിട്ടില്ലെന്നും തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്നും കോടതി അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ അന്തസ്സിനെ ഇല്ലാതാക്കിയ സംഭവമാണ് നടന്നത്. വലിയ ട്രോമയാണ് പെണ്‍കുട്ടി അനുഭവിച്ചത്. അതേസമയം പ്രതികള്‍ എല്ലാവരും നാല്‍പത് വയസില്‍ താഴെ പ്രായമുള്ളവരാണെന്നും അവരുടെ പ്രായവും കുടുംബപശ്ചാത്തലവും ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളല്ല എന്നതും പരിഗണിക്കണമെന്നു കോടതി പറഞ്ഞു.

ശിക്ഷാ വിധിയില്‍ വാദം കേള്‍ക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടതി നടപടിക്രമങ്ങളുടെ റിപ്പോര്‍ട്ടിംഗ് അപകീര്‍ത്തികരമാകരുതെന്നും കോടതിയുടെ അച്ചടക്കം പാലിക്കണമെന്നും ജഡ്ജി ഹണി എം. വര്‍ഗീസ് വാക്കാല്‍ നിര്‍ദേശം നല്‍കി. പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിരുന്നു.

വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

കൂട്ടബലാല്‍സംഗ കേസുകൡ പാര്‍ലമെന്റ് പറഞ്ഞിട്ടുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. അജകുമാര്‍ പ്രതികരിച്ചു. ഇത് സമൂഹത്തില്‍ അങ്ങേയറ്റം തെറ്റായ ഒരു സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷ കുറഞ്ഞു പോയതിനാല്‍ അപ്പീല്‍ നല്‍കുന്നതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഉണ്ടായില്ലെന്നും തെളിവുകള്‍ ഉള്ളതുകൊണ്ടാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ജീവപര്യന്തം വിധിച്ചത് അതിജീവിതക്ക്; ഭാഗ്യലക്ഷ്മി

ശിക്ഷാവിധിയിലൂടെ യഥാര്‍ത്ഥത്തില്‍ അതിജീവിതക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. കുറ്റവാളികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചപ്പോള്‍ അതിജീവിതയുടെ പ്രായവും ജീവിതവുമൊന്നും കോടതി പരിഗണിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത് അനീതിയാണെന്നും സഹിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പെണ്‍കുട്ടി അനുഭവിച്ച വേദനക്ക് അനുസരിച്ച ശിക്ഷയായില്ലെന്നാണ് കെ.കെ.ശൈലജ എംഎല്‍എ പ്രതികരിച്ചത്. ഒന്നാം പ്രതിക്ക് പോലും പരമാവധി ശിക്ഷയില്ലാത്തത് നിരാശാജനകമാണെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വിധിയില്‍ നിരാശയെന്ന് സംവിധായകന്‍ കമലും പ്രതികരിച്ചു. പ്രതികളില്‍ ആര്‍ക്കും പരമാവധി ശിക്ഷ കിട്ടിയില്ല. അതിജീവിതക്ക് നീതി കിട്ടിയില്ലെന്നാണ് പറയാന്‍ കഴിയുകയെന്നും കമല്‍ പറഞ്ഞു. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ശിക്ഷയില്‍ കുറവുണ്ടായോ എന്ന് പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in