എത്ര രൂപ കൊടുത്തുവെന്നതിനും സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിനും തെളിവുണ്ട്: ബാലചന്ദ്രകുമാര്‍

എത്ര രൂപ കൊടുത്തുവെന്നതിനും സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിനും തെളിവുണ്ട്: ബാലചന്ദ്രകുമാര്‍

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ കൂറുമാറ്റുന്നതിന് ദിലീപ് പണം കൊടുത്തതിനും സ്വാധീനിച്ചതിനും തെളിവുണ്ടെന്ന് ബാലചന്ദ്രകുമാര്‍. കേസിലെ പുതിയ വെളിപ്പെടുത്തലില്‍ പൊലീസിന് മുമ്പാകെ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാര്‍. പൊലിസീന് ഡിജിറ്റല്‍ രേഖകള്‍ കൈമാറിയിട്ടുണ്ട്.

ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട്

വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ദിലീപിന്റെ സുഹൃത്തായ നിര്‍മ്മാതാവ് തന്റെ വീടും വഴിയും അന്വേഷിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാര്‍. ദിലീപിനെതിരെ കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍. സാക്ഷികളെ കൂറു മാറ്റാന്‍ സാമ്പത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ബാലചന്ദ്രകുമാര്‍.

സാക്ഷികളെ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീല്‍ നടത്തിയതെന്ന് വിശദമാക്കുന്നതിന്റെ തെളിവുണ്ട്. സാക്ഷിയായ സാഗര്‍ കൂറുമാറിയതിന്റെ വിശദാംശങ്ങള്‍ കയ്യിലുണ്ടെന്നും ബാലചന്ദ്രകുമാര്‍. ഇക്കാര്യം ദിലീപ് പറയുന്നതിന്റെ തെളിവ് പക്കലുണ്ട.

ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്നത് ഇരുപതോളം ക്ലിപ്പിംഗുകള്‍ വേറെ ഉണ്ടെന്നും ബാലചന്ദ്രകുമാര്‍.

വധഭീഷണി, ഗൂഡാലോചന എന്നിവയുള്‍പ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ്, അപ്പു, ബൈജു ചെങ്ങമനാട് തുടങ്ങി ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ബാലചന്ദ്രകുമാര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറുന്ന സാഹചര്യത്തിലുണ്ടായ വെളിപ്പെടുത്തല്‍ അന്വേഷണ സംഘം ഗൗരവമായാണ് എടുക്കുന്നത്. കേസില്‍ വിചാരണ കോടതിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതി സമീപിച്ചിരുന്നു. പുനര്‍വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരെയാണ് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രൊസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ദിലീപിനെ നായകനാക്കി 'പിക് പോക്കറ്റ്' എന്ന സിനിമ മുമ്പ് പ്രഖ്യാപിച്ചിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നത്. ജാമ്യത്തിലിറങ്ങി നാല്‍പത് ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വി.ഐ.പി എത്തിച്ചിരുന്നുവെന്നും. ഇത് ദിലീപും സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായും ബാലചന്ദ്രകുമാര്‍.

2016 ഡിസംബറില്‍ ദിലീപിന്റെ വിട്ടില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനിയോടും ദിലീപിന്റെ സഹോദരന്‍ അനുപിനോടുമൊപ്പം താന്‍ കാറില്‍ സഞ്ചരിച്ചുവെന്നും ഈ ഘട്ടത്തില്‍ ഇത്രയധികം പൈസ ബസില്‍ കൊണ്ടു പോകുന്നത് സുരക്ഷിതമാണോ എന്ന് അനൂപ് പള്‍സര്‍ സുനിയോട് ചോദിച്ചുവെന്നും ബാലചന്ദ്രകുമാര്‍ അഭിമുഖത്തില്‍ പറയുന്നു. നിരന്തരം ദിലീപ് പള്‍സര്‍ സുനിയുമായുള്ള തന്റെ ബന്ധം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ തന്നെ വിളിച്ചിരുന്നതായും ഇതിന് രേഖകളുണ്ടെന്നും ബാലചന്ദ്രകുമാര്‍. ദിലീപുമായുള്ള പള്‍സര്‍ സുനിയുടെ ബന്ധത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാന്‍ ദിലീപിന്റെ ബന്ധുക്കള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി. പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം പുറത്തു പറഞ്ഞാല്‍ തന്റെ ജാമ്യത്തെ അതൊരുപക്ഷേ ബാധിച്ചേക്കാമെന്ന് ദിലീപ് പറഞ്ഞതായും ബാലചന്ദ്രകുമാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in