രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച കഠ്‌വ കേസില്‍ 3 പേര്‍ക്ക് ജീവപര്യന്തം; 3 പ്രതികള്‍ക്ക് കഠിനതടവ്  

രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച കഠ്‌വ കേസില്‍ 3 പേര്‍ക്ക് ജീവപര്യന്തം; 3 പ്രതികള്‍ക്ക് കഠിനതടവ്  

ജമ്മുവിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. ഗ്രാമമുഖ്യന്‍ സാഞ്ജിറാം, പര്‍വേശ് കുമാര്‍, പൊലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ എന്നീ പ്രതികളെയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. എസ്‌ഐ ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, എന്നിവര്‍ക്ക് 5 വര്‍ഷം കഠിന തടവും വിധിച്ചു. പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. സാഞ്ജിറാമിന്റെ മകന്‍ വിശാലിനെ വെറുതെ വിട്ടു,

എട്ട് പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഇയാളുടെ വിചാരണ പിന്നീട് നടക്കും. ഇയാളുടെ പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2018 ജനുവരി 10 ന് കുട്ടിയെ കാണാതാവുകയും ദിവസങ്ങള്‍ക്ക് ശേഷം ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. നാടോടി വിഭാഗമായ ബഖര്‍വാലകളെ കഠ്‌വയിലെ രസാനയില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്രൂരഹത്യ.

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പ്രദേശത്തെ ക്ഷേത്രത്തില്‍ ലൈംഗിക പീഡനത്തിന്‌ ഇരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഗ്രാമമുഖ്യനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജിറാമാണ് മുഖ്യ ആസൂത്രധാരന്‍. കേസില്‍ 275 ഹിയറിംഗ് ആണ് നടന്നത്. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സാഞ്ജിറാമിനെയും മകനെയും കുടുക്കിയതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു. ഇയാളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍വെച്ചാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in