കല്ലടയുടെ ഇരട്ടത്താപ്പ് ;ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നും മാപ്പെന്നും മലയാളത്തില്‍; ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് ഇംഗ്ലീഷില്‍

കല്ലടയുടെ ഇരട്ടത്താപ്പ് ;ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നും മാപ്പെന്നും മലയാളത്തില്‍; ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് ഇംഗ്ലീഷില്‍

ജീവനക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് മലയാളം വാര്‍ത്താക്കുറിപ്പില്‍ ‘സുരേഷ് കല്ലട’ ശരിവെയ്ക്കുന്നു.

യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും വ്യത്യസ്ത വിശദീകരണവുമായി കല്ലട ട്രാവല്‍സ്. ജീവനക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് മലയാളം വാര്‍ത്താക്കുറിപ്പില്‍ 'സുരേഷ് കല്ലട' ശരിവെയ്ക്കുന്നു. എന്നാല്‍ ജീവനക്കാരനെ മൂന്ന് യാത്രക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് 6 തുന്നലിടാന്‍ ഇടയാക്കിയെന്ന് ഇംഗ്ലീഷ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇക്കാര്യം മലയാളം വിശദീകരണത്തില്‍ പരാമര്‍ശിക്കുന്നില്ല. ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ആത്മാര്‍ത്ഥമായ ഖേദം നിര്‍വ്യാജം പ്രകടിപ്പിക്കുന്നുവെന്നാണ് മലയാളം വിശദീകരണത്തിലുള്ളത്. എന്നാല്‍ ജീവനക്കാരെ പൂര്‍ണ്ണമായും സംരക്ഷിച്ച് ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ഇംഗ്ലീഷ് വിശദീകരണം.

രണ്ട് തവണ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നാണ് ഇംഗ്ലീഷ് അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. സാങ്കേതികത്തകരാര്‍ മൂലം വാഹനം ഹരിപ്പാട് നിന്നുപോയപ്പോള്‍ 3 യാത്രക്കാര്‍ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു. ശേഷം ബസ് വൈറ്റിലയിലെത്തിയപ്പോള്‍ കല്ലടയുടെ ഓഫീസില്‍ കയറി ജീവനക്കാരനെ കയ്യേറ്റം ചെയ്‌തെന്നും പറയുന്നു. എന്നാല്‍ ഇത് മലയാളത്തിലുള്ള പ്രസ്താവനയില്‍ ഇല്ല.

രണ്ട് വിദ്യാര്‍ത്ഥികള്‍ ഹരിപ്പാട് വെച്ച് ഡ്രൈവറേയും ക്ലീനറെയും മര്‍ദ്ദിച്ചെന്ന വിവരമാണ് ഓഫീസില്‍ ലഭിച്ചതെന്നാണ് മലയാളത്തിലെ വിശദീകരണം. അപ്പോള്‍ ജീവനക്കാരോട് പൊലീസില്‍ പരാതിപ്പെടാനാണ് ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിച്ചത്. ജീവനക്കാര്‍ അതിന് വിരുദ്ധമായി സുഹൃത്തുക്കളെയും ഒപ്പംകൂട്ടി യാത്രക്കാരായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് കമ്പനിക്ക് അറിവുള്ളതല്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ വൈറലായപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇംഗ്ലീഷ് വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍,വിദ്യാര്‍ത്ഥികള്‍ ഡ്രൈവറെ മര്‍ദ്ദിച്ചെന്നാണ് ആദ്യമറിഞ്ഞതെന്ന് മലയാളം കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കുറ്റക്കാരെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയെന്ന് ഇംഗ്ലീഷ് മലയാളം മറുപടികളിലുണ്ട്.

മലയാളം പത്രക്കുറിപ്പ്

ഇംഗ്ലീഷ് വാര്‍ത്താക്കുറിപ്പ്‌

Related Stories

No stories found.
logo
The Cue
www.thecue.in