കോണ്‍ഗ്രസ് തകര്‍ച്ച ഇടതുപക്ഷം ആഘോഷിക്കുന്നത് ഫാസിസത്തെ സഹായിക്കലാകുമെന്ന് ഡോ ആസാദ്

കോണ്‍ഗ്രസ് തകര്‍ച്ച ഇടതുപക്ഷം ആഘോഷിക്കുന്നത് ഫാസിസത്തെ സഹായിക്കലാകുമെന്ന് ഡോ ആസാദ്

കോണ്‍ഗ്രസിന്റെ തകര്‍ച്ച കേരളത്തില്‍ ഇടതുപക്ഷം ആഘോഷിക്കുന്നത് ഫാസിസത്തെ സഹായിക്കലാകുമെന്ന് ഇടതുചിന്തകന്‍ ഡോ.ആസാദ്. ജ്യോതിരാദിത്യസിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനെ മുന്‍നിര്‍ത്തിയാണ് ഡോ.ആസാദിന്റെ നിരീക്ഷണം.

കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയാണ് (കോണ്‍ഗ്രസ് രഹിത ഭാരതം) ആദ്യചുവടെന്ന് ബി ജെ പി നേരത്തേ പ്രഖ്യാപിച്ചതാണ്. ജനാധിപത്യ മൂല്യങ്ങളോ രാഷ്ട്രീയവും ധാര്‍മികവുമായ സദാചാരങ്ങളോ അവര്‍ക്കതിന് തടസ്സമല്ലെന്ന് നാം കണ്ടു. ഏതു ദുര്‍വൃത്തിയിലൂടെയും ലക്ഷ്യം നേടാന്‍ ബിജെപി അറയ്ക്കുന്നില്ല. കോണ്‍ഗ്രസ്സിനെയല്ല ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെയാണ് അവര്‍ ഇല്ലതാക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഡോ. ആസാദ് എഴുതുന്നു.

ഡോ.ആസാദ് എഴുതിയത്

കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയാണ് (കോണ്‍ഗ്രസ് രഹിത ഭാരതം) ആദ്യചുവടെന്ന് ബി ജെ പി നേരത്തേ പ്രഖ്യാപിച്ചതാണ്. ജനാധിപത്യ മൂല്യങ്ങളോ രാഷ്ട്രീയവും ധാര്‍മികവുമായ സദാചാരങ്ങളോ അവര്‍ക്കതിന് തടസ്സമല്ലെന്ന് നാം കണ്ടു. ഏതു ദുര്‍വൃത്തിയിലൂടെയും ലക്ഷ്യം നേടാന്‍ ബിജെപി അറയ്ക്കുന്നില്ല. കോണ്‍ഗ്രസ്സിനെയല്ല ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെയാണ് അവരില്ലാതാക്കുന്നത്. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച കേരളത്തില്‍ ഇടതുപക്ഷത്തിന് ആഘോഷമാണ്. ബി ജെ പിയെക്കാളും അവരത് ആഗ്രഹിക്കുകയും നടപ്പാകുന്നതില്‍ ആനന്ദിക്കുകയുമാണ്. കോണ്‍ഗ്രസ്സിനോട് ഇടതുപക്ഷത്തിനുള്ളത് വര്‍ഗതാല്‍പ്പര്യങ്ങളില്‍ അധിഷ്ഠിതമായ വിയോജിപ്പുകളാണ്. ഇന്ത്യന്‍ ഭരണവര്‍ഗ രാഷ്ട്രീയം എന്ന നിലയ്ക്കു കൈക്കൊണ്ട നടപടികളാണ്. ഇന്ന് അതിലും വലിയ ആപത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സിനോട് യുദ്ധം പ്രഖ്യാപിക്കുന്നത് ഫാഷിസത്തെ സഹായിക്കലാവും.

ആപല്‍ക്കരമായ ഇന്നത്തെ തീവ്ര വലത് ഫാഷിസ്റ്റ് വാഴ്ച്ചയുടെ കാലത്ത് കോണ്‍ഗ്രസ് വലത് ലിബറല്‍ രാഷ്ട്രീയത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഹിന്ദുത്വ മതരാഷ്ട്ര ഫാഷിസത്തെ എതിര്‍ക്കുന്ന ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഒരു മുഖമാണത്. കാലം ആവശ്യപ്പെടുന്ന വിശാല സമരമുന്നണിയില്‍ ഇടതുപക്ഷത്തിന്റെ സഖ്യശക്തിയാവേണ്ടവര്‍. രാജ്യത്തെ സാമൂഹിക സമരശക്തികളെ ഒന്നിപ്പിക്കാന്‍ ഒത്തു നില്‍ക്കേണ്ടവര്‍.

കോണ്‍ഗ്രസ്സ് കേഡര്‍ പാര്‍ട്ടിയല്ല. ബഹുജന പ്രസ്ഥാനമാണ്. സമൂഹത്തിലെ സകലവിധ പ്രവണതകളും കടന്നുകയറാന്‍ എളുപ്പം. അധികാരബദ്ധ പാര്‍ട്ടിയായതിനാല്‍ ജീര്‍ണത കൂടപ്പിറപ്പാവും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദുസ്വാധീനം തുടക്കംമുതല്‍ കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം പിടിക്കാന്‍ വരേണ്യ ഹിന്ദുസഭകളും ആര്‍ എസ് എസ്സും എന്നും കരുക്കള്‍ നീക്കിയിട്ടുമുണ്ട്.

അധികാരമില്ലാതാകുന്ന കാലത്ത്, പ്രത്യേകിച്ചും ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ തനതു രൂപത്തില്‍ അധികാരത്തിലിരിക്കെ കോണ്‍ഗ്രസ് വിട്ടുപോകാന്‍ ഒളിഹിന്ദുത്വവും മൃദു ഹിന്ദുത്വവും തിടുക്കം കാട്ടും. അതു കോണ്‍ഗ്രസ്സിനെ ദുര്‍ബ്ബലപ്പെടുത്താന്‍ മാത്രമല്ല ശക്തിപ്പെടുത്താന്‍ വേണ്ട സാധ്യതകളും ബാക്കിവെയ്ക്കുന്നുണ്ട്. അക്കാര്യം പക്ഷെ അവര്‍ക്കു ബോധ്യമാകുന്നില്ല.

കോണ്‍ഗ്രസ് തകരുകയല്ല, തകര്‍ക്കപ്പെടുകയാണെന്നു വേണം ഇടതുപക്ഷം മനസ്സിലാക്കാന്‍. ജനാധിപത്യേതര മാര്‍ഗങ്ങളില്‍ ഫാഷിസം ആ പാര്‍ട്ടിയെ തകര്‍ക്കുകയാണ്. ഇടതുപക്ഷത്തെയും അതേ വിധി കാത്തിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ആഘോഷിക്കാനല്ല, ബിജെപിയുടെ ജനാധിപത്യ കശാപ്പിനെ തുറന്നുകാട്ടാനും ചെറുക്കാനുമാണ് ഉത്സാഹിക്കേണ്ടത്.

കോണ്‍ഗ്രസ്സില്‍നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ കൂടുമാറുമ്പോള്‍ ബിജെപിക്ക് ഇല്ലാത്ത ആനന്ദമാണ് ചില ഇടതുപക്ഷ കക്ഷികള്‍ പ്രകടിപ്പിക്കുന്നത്. അവര്‍ മാറുകയല്ല, പണമോ ഭീഷണിയോ ബലമോ പ്രയോഗിച്ചു മാറ്റുകയാണെന്ന് ബിജെപിക്കു നല്ല ബോധ്യമുണ്ട്. ഇടതുപക്ഷം അക്കാര്യം മറച്ചുവെച്ച് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ആഘോഷിക്കുന്നത് ബിജെപിയുടെ ദുര്‍വൃത്തികള്‍ക്കു നല്‍കുന്ന അംഗീകാരമാണ്.

ഗോവയിലും കര്‍ണാടകയിലും മധ്യപ്രദേശിലും മറ്റനവധിയിടങ്ങളിലും ഇന്ത്യന്‍ ജനാധിപത്യം അവഹേളിക്കപ്പെട്ടു. പകല്‍വെളിച്ചത്തില്‍ മാനഭംഗം ചെയ്യപ്പെട്ടു. എതിര്‍പ്പുകള്‍ തീരെ ഏശാത്തവിധം ചട്ടമ്പി രാഷ്ട്രീയമായി ബിജെപി രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്താകെ വലിയ മുന്നേറ്റമൊരുക്കി പ്രതിരോധിക്കാനാണ് ജനാധിപത്യ ബോധമുള്ളവര്‍ ശ്രമിക്കേണ്ടത്. ഒന്നിച്ചു നില്‍ക്കേണ്ടവരില്‍ പിളര്‍പ്പുണ്ടാക്കുന്നത് ഫാഷിസ്റ്റു സേവയാണെന്നു പറയേണ്ടിവരും.

Related Stories

No stories found.
logo
The Cue
www.thecue.in