മാപ്പ് പറഞ്ഞ് തടിയൂരി ജന്‍മഭൂമി ; ബൂമറാങ്ങായത് കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചത് 

മാപ്പ് പറഞ്ഞ് തടിയൂരി ജന്‍മഭൂമി ; ബൂമറാങ്ങായത് കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചത് 

കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ മാപ്പ് പറഞ്ഞ് തടിയൂരി ബിജെപി മുഖപത്രമായ ജന്‍മഭൂമി. സെപ്റ്റംബര്‍ 13 ന് എഡിറ്റോറിയല്‍ പേജില്‍ അരവിന്ദ് പുന്നപ്രയുടെ 'അഫ്ഗാനിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍' എന്ന ലേഖനത്തോടൊപ്പം ചേര്‍ത്ത ചിത്രമാണ് വിവാദമായത്. കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ പത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെ ഖേദ പ്രകടനം നടത്താതെ വഴിയില്ലാതാവുകയായിരുന്നു.

‘സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നു, പാക് അധിനിവേശ കശ്മീരില്ലാത്ത ഭൂപടം ചേര്‍ക്കാനിടയായത് മനഃപൂര്‍വമല്ലാത്ത തെറ്റാണ്’. എന്നാണ് പത്രാധിപരുടെ പേരില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച വിശദീകരണം.

പാക് അധീന കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയോട് ചേര്‍ക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബി.ജെ.പി മുഖപത്രത്തിന് വന്‍ പിഴവ് സംഭവിച്ചത്. അതേസമയം ഇന്ത്യന്‍ ഭൂപടത്തെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലാത്തവരാണോ പത്രത്തിന്റെ എഡിറ്റോറിയല്‍ കൈകാര്യം ചെയ്യുന്നതെന്ന പരിഹാസത്തോടെയായിരുന്നു വിമര്‍ശനങ്ങള്‍. പത്രത്തിന്റെ നടപടിക്കെതിരെ, ഖേദപ്രകടനത്തിന് ശേഷവും സാമൂഹമാധ്യമങ്ങളില്‍ എതിര്‍പ്പുയരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in