തിരിച്ചടിച്ച് ഇറാന്‍; ഇറാഖിലെ യുഎസ് സൈനികതാവളങ്ങളിലേക്ക് മിസൈല്‍ ആക്രമണം

തിരിച്ചടിച്ച് ഇറാന്‍; ഇറാഖിലെ യുഎസ് സൈനികതാവളങ്ങളിലേക്ക് മിസൈല്‍ ആക്രമണം

ഇറാഖിലെ അമേരിക്കല്‍ സൈനികതാവളങ്ങളിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം. അല്‍ ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് മിസൈലാക്രമണം. ആക്രമണം നടത്തിയെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. ദേശീയ ചാനലിലൂടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം. യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ട് പിന്നാലെയായിരുന്നു ഇറാന്‍ തിരിച്ചടിച്ചത്.

ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന് പെന്റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്മാനാണ് പുറത്തു വിട്ടത്. നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടില്ല. ഒരു ഡസനോളം മിസൈലുകള്‍ പതിച്ചിട്ടുണ്ടെന്നാണ് വിവരം. ഇറാന്റെ ആക്രമണം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി വിലയിരുത്തിയതായി വൈറ്റ്ഹൗസ് അറിയിച്ചു. വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാരും വൈറ്റ് ഹൗസിലെത്തി.

യുഎസ് സൈന്യത്തെ ഭീകരവാദികളായി പ്രഖ്യാപിച്ച ഇറാന്‍ അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയെ പിന്തുണച്ച് ബ്രിട്ടന്‍ രംഗത്തെത്തി. ബ്രിട്ടീഷ് സൈന്യത്തോട് സജ്ജരാവാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശിച്ചു.

ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടു. സൈനികര്‍ക്ക് ജീവഹാനിയുണ്ടായാല്‍ ഉത്തരവാദിത്വം അമേരിക്കയ്ക്കായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. യുഎസ് വിമാനക്കമ്പനികളോട് ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ വ്യോമയാന അതോറിറ്റി നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in