സൂഫി ദര്‍ഗകളിലേക്ക് യാത്ര പോകാം; പ്രധാന കേന്ദ്രങ്ങള്‍ ഇവയാണ് 

സൂഫി ദര്‍ഗകളിലേക്ക് യാത്ര പോകാം; പ്രധാന കേന്ദ്രങ്ങള്‍ ഇവയാണ് 

സൂഫി ആചാര്യന്‍മാരുള്ള ഈ ദര്‍ഗകള്‍ മതഭേദമന്യേ ഏവര്‍ക്കും സന്ദര്‍ശിക്കാവുന്നവയാണ്. 

ആത്മീയയാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കും സൂഫികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ദര്‍ഗകള്‍. മുഗള്‍ഭരണകാലം മുതല്‍തന്നെ ഇന്ത്യയില്‍ ഇത്തരം ദര്‍ഗ്ഗകള്‍ സജീവമായിരുന്നു.

സൂഫി ആചാര്യന്‍മാരുള്ള ഈ ദര്‍ഗകള്‍ മതഭേദമന്യേ ഏവര്‍ക്കും സന്ദര്‍ശിക്കാവുന്നവയാണ് .ഇന്ത്യയിലെ പ്രധാന ദര്‍ഗകള്‍ അജ്മീര്‍, മുംബൈ, ശ്രീനഗര്‍, നാല്‍കൊണ്ട തുടങ്ങിയ മേഖലകളില്‍ സ്ഥിതി ചെയ്യുന്നു.

അജ്മീര്‍ ദര്‍ഗ

രാജസ്ഥാനിലെ താരഗണ്ഡ് മലനിരകളുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രധാന ദര്‍ഗയാണ് അജ്മീര്‍ ദര്‍ഗ. മുസ്ലിം തീര്‍ത്ഥാടനകേന്ദ്രമാണെങ്കിലും മതഭേദമന്യേ ആളുകള്‍ ധാരാളമായെത്തുന്ന സൂഫി കേന്ദ്രമാണിത്. സൂഫിസത്തിന്റെ ആചാര്യനായ ക്വാജാ മൊയ്തീനുദ്ദിന്‍ ഛിഷ്തിയുടെ ശവകുടീരം കൂടിയാണിവിടം.

ഹാജി അലി ദര്‍ഗ്ഗ

വെള്ളത്തിന്‌ നടുവില്‍ നില്‍ക്കുന്ന ഈ ദര്‍ഗ്ഗ ഏറെ പ്രശസ്തമാണ്. ഏവര്‍ക്കും സന്ദര്‍ശനം സാധ്യമാകുന്ന മുംബൈയിലെ ദര്‍ഗയാണിത്. വോര്‍ളി സീഫേസിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്. വെള്ളിയാഴ്ചകളില്‍ ഇവിടെ സന്ദര്‍ശനം നടത്താന്‍ വലിയ ബുദ്ധിമുട്ടാണ്. നിരവധിപേര്‍ നമസ്‌കാരത്തിന് എത്തുന്നതിനാല്‍ മറ്റു ദിവസങ്ങളിലേക്ക് സന്ദര്‍ശനം മാറ്റിവെയ്ക്കുന്നതാണ് നല്ലത്.

ഹസ്രത് ബാല്‍ , ശ്രീനഗര്‍

കാശ്മീരിലെ പ്രധാന ദര്‍ഗകളില്‍ പ്രസിദ്ധമാണ് ഹസ്രത് ബാല്‍ ദര്‍ഗ്ഗ. മദിനത്-അസ്- സാനി എന്നപേരിലും ഈ സൂഫി കേന്ദ്രം അറിയപ്പെടുന്നു. ഹിമാലയന്‍ പശ്ചാത്തലവും ഡാല്‍ തടാകവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്.

നിസാമുദ്ദിന്‍ ബസ്തി

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ദര്‍ഗ്ഗകളില്‍ ഒന്നാണ് നിസാമുദ്ദിന്‍ ബസ്തി. ഡല്‍ഹിയിലാണ് നിസാമുദ്ദിന്‍ ദര്‍ഗ്ഗ സ്ഥിതിചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ട സൂഫി കേന്ദ്രമായതുകൊണ്ടുതന്നെ നിരവധിപേരാണ് ദര്‍ഗ്ഗ സന്ദര്‍ശിക്കാന്‍ എത്തുന്നത്.

പ്രസിദ്ധരായ ഉര്‍ദു പേര്‍ഷ്യന്‍ കവികളുടെ ശവകുടീരങ്ങളും ഇവിടെയുണ്ട്. സൂഫി ആചാര്യന്‍ നിസാമുദ്ദിന്‍ ഔലിയ, അമീര്‍ ഖുസ്രു, എന്നിവരുടെയും ഗസല്‍ മാന്ത്രികനായിരുന്ന മിര്‍സാ ഖാലിബിന്റെയും ശവകുടീരങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

ഡല്‍ഹി ഹുമയൂണ്‍ ടോമ്പിനടുത്താണ് ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്. നിസാമുദ്ദിന്‍ ബസ്തിയിലേക്കുള്ള വഴിയിലെ വഴിയോര ഭക്ഷണശാലകള്‍ ഏറെ പ്രസിദ്ധമാണ്. കബാബ്, ബിരിയാണി, റൊട്ടിയും റുമാലും, ഷീക്കബാബും ഇവിടെ സുലഭമാണ്.

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരുഘടകം നിസാമുദ്ദിന്‍ ദര്‍ഗ്ഗകളില്‍ വ്യാഴാഴ്ച മാത്രം അരങ്ങേറുന്ന ഖവാലിയാണ്. സൂഫിസംഗീതത്തിന്റെ മറ്റൊരു വിഭാഗമാണ് ഖവാലി. അമീര്‍ ഖുസ്രുവാണ് ഖവാലി സംഗീതത്തിന്റെ പിതാവ്.

ലത്തീഫ് സാഹിബ് ദര്‍ഗ്ഗ

ദര്‍ഗ്ഗകളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയും ഒട്ടും പിന്നിലല്ല. തെലങ്കാന സംസ്ഥാനത്തെ പ്രധാന ദര്‍ഗ്ഗകളിലൊന്നാണ് ലത്തീഫ് നല്‍കൊണ്ട സാഹേബ് ദര്‍ഗ. എല്ലാ മതവിഭാഗങ്ങളും ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്.

റൗ ഷെരീഫ്

ഇന്ത്യയിലെ സുന്നി മുസ്ലീങ്ങള്‍ രണ്ടാമത്തെ മക്കയായി കാണുന്ന ദര്‍ഗ്ഗയാണ് റൗസ ഷെരീഫ്. ഫത്തേഗര്‍ഗ് സാഹിബിനടുത്തുള്ള ഗുരുദ്വാരയ്ക്ക് സമീപമാണ് റൗസ ഷെരീഫ് സ്ഥിതി ചെയ്യുന്നത്. ഇസ്ലാം സന്യാസിയായിരുന്ന ശൈഖ് അഹമ്മദ് ഫറുഖി സിര്‍ഹിന്ദിയുടെ ശവകുടീരം കൂടിയാണ് ഈ ദര്‍ഗ്ഗ.

ബാബ ഭോലെ പീര്‍ ദര്‍ഗ്ഗ

നിരവധി ഗുരുദ്വാരകള്‍ ഉളള സംസ്ഥാനമാണ് പഞ്ചാബ്. ഇവിടുത്തെ പ്രധാന ദര്‍ഗകളിലൊന്നാണ് ബാബ ഭോലെ പീര്‍. അമൃത്സറില്‍ നിന്ന് ഏതാണ്ട് 120 കിലോമീറ്ററോളം അകലെയാണ് ഈൗ ദര്‍ഗ്ഗ സ്ഥിതി ചെയ്യുന്നത്. നിരവധി പേര്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. നവാ പിന്‍ഡ് ഷോങ്കിയ ഡായിലുള്ള ഈ ദര്‍ഗ മത, ജാതിഭേദമന്യേ ആര്‍ക്കും സന്ദര്‍ശിക്കാവുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in