ബിജെപിയില്‍ ശ്രീധരന്‍പിള്ളക്കെതിരെ പടയൊരുക്കം, ഉയരുന്നത് നാല് ആരോപണങ്ങള്‍ 

ബിജെപിയില്‍ ശ്രീധരന്‍പിള്ളക്കെതിരെ പടയൊരുക്കം, ഉയരുന്നത് നാല് ആരോപണങ്ങള്‍ 

എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും വോട്ടുകള്‍ കിട്ടിയില്ലെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍. 

ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയെ മാറ്റണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമാകുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് ശ്രീധരന്‍പിള്ളയുടെ പരാജയമാണെന്നാണ് പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളും ആരോപിക്കുന്നത്. സീറ്റ് നേടാനായില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ശ്രീധരന്‍പിള്ളയെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടാന്‍ കൃഷ്ണദാസ് പക്ഷവും മുരളീധരന്‍ വിഭാഗവും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു.

ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍. സീറ്റ് നേടിയാല്‍ ശ്രീധരന്‍പിള്ളയെ മാറ്റാന്‍ ദേശീയ നേതൃത്വം തയ്യാറാവില്ലെന്നായിരുന്നു ഇരുപക്ഷത്തിന്റെയും ആശങ്ക. അങ്ങനെയെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പായി പുനസംഘടന ആവശ്യപ്പെടാനായിരുന്നു തീരുമാനം. എന്നാല്‍ ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന് ഇരുഗ്രൂപ്പുകളും ആവശ്യപ്പെടുന്നു.

പ്രധാനമായും നാല് ആരോപണങ്ങളാണ് ശ്രീധരന്‍പിള്ളക്കെതിരെ പാര്‍ട്ടികകത്ത് ഉയരുന്നത്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതില്‍ അപാകതയുണ്ടായി. എല്ലാ മണ്ഡലത്തിലും ആവശ്യമായ പണം എത്തിച്ചില്ല. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചില്ല. അനാവശ്യ പ്രസ്താവനകള്‍ നടത്തി മാനക്കേടുണ്ടാക്കിയെന്നും മറ്റ് നേതാക്കള്‍ ആരോപിക്കുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചിരിക്കുന്നത് കൃഷ്ണദാസ് പക്ഷമാണ്. എം ടി രമേശിന് സീറ്റ് നല്‍കാതിരുന്നതാണ് ഈ പക്ഷത്തെ ചൊടിപ്പിച്ചത്. തൃശ്ശൂരോ കോഴിക്കോടോ രമേശിനെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. തൃശ്ശൂരില്‍ സുരേഷ്‌ഗോപിയെ മത്സരിപ്പിച്ചത് ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ്. ജയസാധ്യതയുള്ള പത്തനംതിട്ടയും പാലക്കാടും മുരളീധരന്‍പക്ഷത്തിന് നല്‍കിയതാണ് അതൃപ്തിക്ക് കാരണം. എന്നാല്‍ സീറ്റ് തര്‍ക്കമുണ്ടെന്ന ചര്‍ച്ചയ്ക്ക സാഹചര്യമുണ്ടാക്കിയത് ശ്രീധരന്‍പിള്ളയുടെ മത്സരമോഹമാണെന്നും ഇരുപക്ഷവും ഒരേപോലെ കുറ്റപ്പെടുത്തുന്നുണ്ട്.

എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും വോട്ടുകള്‍ കിട്ടിയില്ലെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍. പത്തനംതിട്ടയിലും മാവേലിക്കരയിലും സമുദായ വോട്ടുകള്‍ യുഡിഎഫിനാണ് ലഭിച്ചത്. എന്‍ എസ് എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീധരന്‍പിള്ള വോട്ടുറപ്പിക്കാന്‍ ശ്രമിച്ചില്ലെന്നാണ് മുരളീധരന്‍ വിഭാഗത്തിന്റെ ആരോപണം. പ്രതീക്ഷിച്ച ഹിന്ദുവോട്ടുകള്‍ ലഭിച്ചില്ലെന്ന് പത്തനംതിട്ടയില്‍ മത്സരിച്ച കെ സുരേന്ദ്രന്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു.

ഉറച്ച പാര്‍ട്ടി വോട്ടുകള്‍ പോലും യുഡിഎഫിലേക്ക് പോയതായും വിലയിരുത്തപ്പെടുന്നു. വട്ടിയൂര്‍കാവില്‍ ഉള്‍പ്പെടെ പാര്‍ട്ടി വോട്ടുകള്‍ ചെയ്യിക്കുന്നതിലും ജാഗ്രത കാട്ടിയില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി സംസ്ഥാന കോര്‍ കമ്മിറ്റി ഉടന്‍ ചേര്‍ന്നേക്കും. സംഘപരിവാര്‍ സംഘടനകളുടെ യോഗം ആര്‍ എസ് എസ് വിളിച്ചേക്കും. കൊച്ചിയിലോ പാലക്കാടോ ആയിരിക്കും യോഗം. ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നേതൃമാറ്റം വേണമെന്ന നിലപാടില്‍ ഇരുപക്ഷവും ഉറച്ച് നില്‍ക്കാനാണ് സാധ്യത.

Related Stories

No stories found.
logo
The Cue
www.thecue.in