സൗദിയുടെ ഖത്തര്‍ ക്ഷണം ; ഉപരോധത്തിന് അറുതിയാകുമോയെന്ന് ഉറ്റുനോക്കി ലോകം  

സൗദിയുടെ ഖത്തര്‍ ക്ഷണം ; ഉപരോധത്തിന് അറുതിയാകുമോയെന്ന് ഉറ്റുനോക്കി ലോകം  

മെയ് 30 ന് നടക്കാനിരിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ അടിയന്തര യോഗത്തെ ഉറ്റുനോക്കി അന്താരാഷ്ട്ര സമൂഹം. ഉപരോധത്തിന്റെ പശ്ചാത്തലത്തിലും സൗദി അറേബ്യ ഖത്തറിനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ യോഗത്തിന് ക്ഷണിച്ചതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തുവന്നിരുന്നു. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2017 ജൂണ്‍ മുതല്‍ സൗദി അറേബ്യ. ഈജിപ്റ്റ്, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഉപരോധം പിന്‍വലിക്കണമെങ്കില്‍ 13 നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഖത്തര്‍ തള്ളുകയായിരുന്നു. തങ്ങള്‍ ഭീകരവാദത്തിന് ഒത്താശ നല്‍കുന്നില്ലെന്ന് ഖത്തര്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

ഉപരോധത്തെ അതിജീവിച്ച് സമ്പദ് വ്യവസ്ഥ കരുപ്പിടിപ്പിക്കാന്‍ ഖത്തറിന് സാധിച്ചിട്ടുണ്ട്. മേഖലയിലെ പുതിയ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടിയെങ്കിലും ഉപരോധവിഷയത്തില്‍ മഞ്ഞുരുകലുണ്ടാകുമോയെന്ന് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്. ഉപരോധം രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് സൗദി ഭരണാധികാരി കിങ് സല്‍മാന്‍ അടിയന്തര ജിസിസി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

മെയ് 30 ന് മെക്കയിലാണ് യോഗം. സൗദിക്കെതിരെ യെമനില്‍ നിന്നുള്ള ഹൂതികളുടെ പ്രകോപനം തുടരുകയാണ്. എണ്ണസംഭരണശാലകള്‍ക്ക് നേരെയടക്കം ഇക്കഴിഞ്ഞയിടെ ആക്രമണമുണ്ടായിരുന്നു. ഇറാനാണ് ആക്രമണങ്ങള്‍ക്ക് ഒത്താശ നല്‍കുന്നതെന്നാണ് സൗദിയുടെ നിലപാട്. ഇറാനുമായി എന്തുവിലകൊടുത്തും യുദ്ധമൊഴിവാക്കുമെന്നും സൗദി നിലപാട് പ്രഖ്യാപിച്ചിരുന്നു. യോഗം ഇറാനെതിരെ എന്ത് നിലപാടെടുക്കുമെന്നും അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.

നേരത്തെ ക്ഷണിക്കപ്പെട്ടിട്ടും ജിസിസി യോഗത്തില്‍ നിന്ന് ഖത്തര്‍ മാറി നിന്നിട്ടുണ്ട്. ഇത്തവണ പങ്കെടുക്കുമോയെന്ന കാര്യം രാജ്യം വ്യക്തമാക്കിയിട്ടില്ല. ഖത്തര്‍ ഭരണാധികാരികള്‍ യോഗത്തില്‍ പങ്കെടുത്തേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in