പാനായിക്കുളം പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഫ്രെറ്റേണിറ്റി മൂവ്മെന്റ്, തടയുമെന്ന് പോലീസ്

പാനായിക്കുളം പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഫ്രെറ്റേണിറ്റി മൂവ്മെന്റ്, തടയുമെന്ന് പോലീസ്

പാനായിക്കുളം കേസില്‍ പ്രതികളെ ഹെക്കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ നടത്താനിരുന്ന വിശദീകരണയോഗം പോലീസ് തടഞ്ഞതില്‍ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മേയ് രണ്ടിന് പാനായിക്കുളത്ത് നടത്താനിരുന്ന പരിപാടിക്ക് ബിനാനി പുരം പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിശ്ചയിച്ച പ്രകാരം പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച, പാനായികുളം കേസ്: ഭരണകൂടത്തോട് പറയാനുള്ളത് എന്ന പേരില്‍ വൈകിട്ട് നാലിനാണ് പരിപാടി. വിഷയം വിഷയം തീവ്ര സ്വഭാവമുള്ളതിനാലും ക്രമസമാധാന പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൈക്ക് അനുമതി നിഷേധിക്കുന്നതായും പരിപാടിക്ക് പോലീസ് അനുമതിയില്ലെന്നുമായിരുന്നു ബിനാനിപുരം സബ് ഇന്‍സ്‌പെകടര്‍ വിശദീകരണം നല്‍കിയത്.

 അനുമതി നിഷേധിച്ചുകൊണ്ടുള്ള പോലീസ് വിശദീകരണം /വിശദീകരണ യോഗം നോട്ടീസ്
അനുമതി നിഷേധിച്ചുകൊണ്ടുള്ള പോലീസ് വിശദീകരണം /വിശദീകരണ യോഗം നോട്ടീസ്

പാനായിക്കുളം എന്ന സ്ഥലം കേരളത്തില്‍ ഇപ്പോഴും അറിയപ്പെടുന്നത് ആ കേസിന്റെ പേരിലാണ്. ഭീകരവത്കരിക്കപ്പെട്ട സ്ഥലമായി നില്‍ക്കുകയാണ്. കേരളത്തില്‍ ഉടനീളം സ്വീകരണ പരിപാടി നടത്തുമ്പോള്‍ ഇവിടെ മാത്രം അനുമതി നല്‍കാത്തത് എന്തുകൊണ്ടാണ്?

ലജിത റയ്ഹാന്‍ , ഫ്രെറ്റേണിറ്റി മൂവ്‌മെന്റ് വൈസ്പ്രസിഡന്റ്

2006 ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സിമിയുടെ പേരില്‍ രഹസ്യക്യാമ്പ് നടത്തിയെന്ന് ആരോപിച്ചാണ് പതിനാറ് പേര്‍ അറസ്റ്റിലായത്. കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ കേസ് എന്‍ഐഎയ്ക്ക് വിട്ടു. എന്‍ഐഎ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ വിചാരണ കോടതി ശിക്ഷിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്. ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, നടയ്ക്കാല്‍ പാറയ്ക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വി, പാനായിക്കുളം ജാസ്മിന്‍ മന്‍സില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്

കെട്ടിച്ചമയ്ക്കപ്പെട്ട കേസാണെന്ന് കണ്ട് ഹൈക്കോടതി പോലും വെറുതെ വിട്ടിട്ടും അതിന്റെ തീവ്ര സ്വഭാവം ഇങ്ങനെ നിലനിര്‍ത്താന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് ഫ്രെറ്റേണിറ്റി മൂവ്മെന്റ് ആരോപിക്കുന്നത്. പോലീസിന്റേത് വിചിത്രവാദമാണെന്നും സംഘടന ആരോപിക്കുന്നു. പോലീസും ഭരണകൂടവും ചേര്‍ന്ന് വേട്ടയാടിയ അഞ്ച് ചെറുപ്പക്കാരെ കേരളത്തിലെ ഉന്നത നീതിപീഠം വെറുതെ വിട്ട വിഷയവുമായി ബന്ധപ്പെട്ട് പോലീസും സര്‍ക്കാരും അടങ്ങുന്ന ഭരണകൂട സംവിധാനങ്ങളോട് ജനാധിപത്യപരമായ വിമര്‍ശനം ഉന്നയിക്കാനോ ചോദ്യങ്ങള്‍ ചോദിക്കാനോ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പാനായിക്കുളം കേസിലെ ഭരണകൂടവേട്ടയെ പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വെക്കുന്നത് എങ്ങനെയാണ് തീവ്ര സ്വഭാവമുള്ളതാകുന്നത്? കോടതി വെറുതെ വിട്ട ശേഷവും വിഷയത്തെ ഗൂഢോദ്ദേശ്യത്തോട് കൂടി സമീപിക്കുന്ന പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. പിണറായി സര്‍ക്കാറിന്റെ പൊലീസിനെ ബാധിച്ചിരിക്കുന്ന രോഗമെന്താണെന്ന് നന്നായറിയാം. പരിപാടി ഏതായാലും അവിടെ നടത്തും. ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും അനുമതി നിഷേധിച്ചു കൊണ്ട് റദ്ദ് ചെയ്യാനുള്ള പോലീസ് നടപടിക്കെതിരില്‍ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയാണ്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം പ്രസ ക്ലബ്ബില്‍ കുറ്റവിമുക്തരായവര്‍ക്ക് കഴിഞ്ഞ ദിവസം സ്വീകരണം നല്‍കിയിരുന്നു. എന്‍സിഎച്ച്ആര്‍ഒ, മൈനോറിറ്റി റൈറ്റ് വാച്ച്, പൗരാവകാശ സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മെയ് രണ്ടിന് തന്നെ എറണാകുളം കെഎസ്ഇബി ഹാളില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സ്വീകരണം ഒരുക്കിയിട്ടുണ്ട്. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ആണ് ഉദ്ഘാടകന്‍. .

Related Stories

No stories found.
logo
The Cue
www.thecue.in