സുഷമാ സ്വരാജ് അന്തരിച്ചു, പാര്‍ട്ടി വക്താവായിരുന്ന ആദ്യ വനിത
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയമായ സുഷമാ സ്വരാജ് അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്ന സുഷമാ സ്വരാജിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂഡല്‍ഹി എയിംസില്‍ വച്ചാണ് അന്ത്യം. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗമാണ് സുഷമാ സ്വരാജ്.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മത്സരിച്ചിരുന്നില്ല. 2019ല്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ സുഷമാ സ്വരാജ് മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ മന്ത്രിസഭയിലുണ്ടാകിലെന്ന് വിശദീകരണമുണ്ടായി.

വിദേശകാര്യമന്ത്രി എന്ന നിലയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നങ്ങളില്‍ സമയോചിത ഇടപെടല്‍ നടത്തിയതിന്റെ പേരില്‍ സ്വീകാര്യത നേടിയ മന്ത്രിയുമായിരുന്നു സുഷമാ സ്വരാജ്. വിവിധ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിലും ട്വിറ്ററിലൂടെ നടത്തിയ ഇടപെടലുകളിലും സുഷമയ്ക്ക് സ്വീകാര്യത സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ വക്താവ് സ്ഥാനത്ത് എത്തിയ ആദ്യ വനിത കൂടിയാണ് സുഷമാ സ്വരാജ്.

67 വയസായിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം വിദേശകാര്യപദവിയിലെത്തിയ വനിത കൂടിയായിരുന്നു സുഷമാ സ്വരാജ്. മധ്യപ്രദേശിലേക്ക് വിധിഷയില്‍ നിന്ന് നാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുഷമാ സ്വരാജ് 2014ല്‍ ലോക്‌സഭയിലെത്തിയത്. ഏഴ് തവണ പാര്‍ലിമെന്റിലെത്തിയിട്ടുണ്ട്.