ദീപാ നിശാന്തിനുള്ള ആ ‘നന്ദി’ തന്റേതല്ലെന്ന് രമ്യ ഹരിദാസ്, വിശദീകരണം ഇങ്ങനെ 

ദീപാ നിശാന്തിനുള്ള ആ ‘നന്ദി’ തന്റേതല്ലെന്ന് രമ്യ ഹരിദാസ്, വിശദീകരണം ഇങ്ങനെ 

ദീപ നിശാന്തിനെ ട്രോളി ‘നന്ദിയുണ്ട് ടീച്ചര്‍’ എന്ന കുറിപ്പിട്ടത് താനല്ലെന്ന വിശദീകരണവുമായി ആലത്തൂര്‍ എം പി രമ്യ ഹരിദാസ്. ദീപാ നിശാന്തിന്റെ ചിത്രത്തിനൊപ്പമായിരുന്നു 'നന്ദിയുണ്ട് ടീച്ചര്‍ എന്ന ഒറ്റവരി കുറിപ്പ്. തന്റെ വിജയത്തിന് ഏറെ സഹായിച്ച മാധ്യമമാണ് സോഷ്യല്‍ മീഡിയ. ഒരു അകൗണ്ടും പേജും മാത്രമാണ് തനിക്കുള്ളത്. താനുപയോഗിക്കാത്ത അകൗണ്ടിലാണ് പോസ്റ്റ് വന്നിരിക്കുന്നത്. ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ല തന്റെ ശൈലിയെന്നും നിര്‍ഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും രമ്യ പറയുന്നു.

തന്റെ പേരിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും പിന്‍വലിക്കണമെന്ന് രമ്യ അഭ്യര്‍ത്ഥിച്ചു. തനിക്കെതിരായ ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് വിജയം. അതുകൊണ്ട് താന്‍ അത്തരം പ്രവര്‍ത്തികള്‍ക്കില്ലെന്നും രമ്യ വ്യക്തമാക്കുന്നു.

രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്‌നേഹം നിറഞ്ഞ എന്റെ നാട്ടുകാര്‍ അറിയാന്‍,

ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ് സോഷ്യല്‍ മീഡിയ.

നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാന്‍ ഈ സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും ഇതു നല്‍കുന്ന പിന്തുണ ഏറെ വിലപ്പെട്ടതുമാണ്.

ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്.

അതില്‍ ഒന്ന് ഈ പേജാണ്.

ആയതിന്റെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോള്‍ അടുത്ത ദിവസങ്ങളിലായി ഞാന്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത വിഷയങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്എന്റേ തല്ലാത്ത, ഞാന്‍ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടില്‍ വന്നതായി അറിയാന്‍ കഴിഞ്ഞു.ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമായ ഒരു കാര്യമാണ് .

ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങള്‍ ഇത്രേം വലിയൊരു സ്‌നേഹം നല്‍കിയതെന്ന പൂര്‍ണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ശൈലിയുമല്ല .

ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവര്‍ പിന്‍വലിക്കണം .

പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം ,

അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം ,

ആലത്തൂരിന് വേണ്ടി . ഒരിക്കല്‍ കൂടി വാക്കുകള്‍ക്ക് അതീതമായ

നന്ദി അറിയിക്കുന്നു ..

പാട്ട് പാടിയായിരുന്നു രമ്യയുടെ തിരഞ്ഞെടുപ്പ് പ്രചരണം. ഇതിനെ അമ്പലകമ്മിറ്റി തിരഞ്ഞെടുപ്പോ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരമോയല്ലെന്ന് ദീപ നിശാന്ത് വിമര്‍ശിച്ചിരുന്നു. ദീപ നിശാന്തിനെതിരെ ദളിത് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in