

കൊച്ചിയില്‍ ആകാശ വിസ്മയം അവതരിപ്പിക്കാന്‍ ഒരുങ്ങി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍. 500 ഡ്രോണുകള്‍ അണിനിരക്കുന്ന വമ്പന്‍ ഡ്രോണ്‍ ഷോയ്ക്ക് വരും ദിവസങ്ങളില്‍ കൊച്ചി സാക്ഷ്യം വഹിക്കും. ജെയിന്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായാണ് ഇത്രയധികം ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ജനുവരി 29 മുതല്‍ തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ അരങ്ങേറുന്ന ഈ ആകാശപ്പൂരം സമ്മിറ്റിന്റെ മുഖ്യ ആകര്‍ഷണമാണ്. ഓരോ ദിവസവും രാത്രിയില്‍ നടക്കുന്ന മ്യൂസിക്കല്‍ ഇവന്റിന് മുന്നോടിയായാണ് ഡ്രോണ്‍ ഷോ നടക്കുക.
നമ്മുടെ ഭൂതകാലമാണ് ഭാവിയുടെ വഴികാട്ടികള്‍ എന്ന സന്ദേശവും, നാളെയുടെ വളര്‍ച്ചയ്ക്ക് കരുത്തായി മാറുന്ന പാരമ്പര്യവും ഡ്രോണുകള്‍ ആകാശത്ത് ചിത്രീകരിക്കും. കൂടാതെ, അറിവിന് അതിര്‍വരമ്പുകളില്ലെന്ന ഓര്‍മ്മപ്പെടുത്തലും, ഇന്നത്തെ ലളിതമായ മാറ്റങ്ങള്‍ എങ്ങനെ മികച്ചൊരു നാളേക്ക് അടിത്തറയാകുന്നു എന്ന ആശയവും ഈ ദൃശ്യവിരുന്നിലൂടെ ജനങ്ങളിലേക്ക് എത്തും. അത്യാധുനിക സാങ്കേതിക വിദ്യയുടെ വിസ്മയകരമായ മാറ്റങ്ങള്‍ നേരിട്ട് കാണാനും അനുഭവിച്ചറിയാനും താല്‍പര്യമുള്ളവര്‍ക്ക് ഈ നാല് ദിനങ്ങളിലായി ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം പുത്തന്‍ അനുഭവമായിരിക്കും.
ജനുവരി 29 വ്യാഴാഴ്ചയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ആരംഭിക്കുന്നത്. ബുധനാഴ്ച ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. കിന്‍ഫ്ര കണ്‍വന്‍ഷന്‍ സെന്ററിലാണ് സമ്മിറ്റിന്റെ രണ്ട് പ്രധാന വേദികള്‍. ഐക്യരാഷ്ട്രസഭയുടെ 'പാക്ട് ഫോര്‍ ദ ഫ്യൂച്ചര്‍' എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സംരംഭകത്വം, എര്‍ത്ത്, പരിസ്ഥിതി, ഭക്ഷണം, സംസ്‌കാരം എന്നിങ്ങനെ ഏഴ് വ്യത്യസ്ത മേഖലകളിലായി നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ദ്ധര്‍ സംവദിക്കും. പ്രമുഖ ചിന്തകര്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും ഒപ്പം സാധാരണക്കാരുടെ ശബ്ദത്തിനും ഇത്തവണ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
നാനൂറിലധികം വിദഗ്ദ്ധര്‍, ഇരുന്നൂറിലധികം സെഷനുകള്‍, അമ്പതിലധികം മാസ്റ്റര്‍ ക്ലാസുകളും വര്‍ക്ഷോപ്പുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. പുതിയ തലമുറയുടെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന 'ജെന്‍ സി ലിംഗോ ലാബ്', ബന്ധങ്ങളെക്കുറിച്ചുള്ള 'അരികെ' തുടങ്ങിയ സെഷനുകള്‍ ഇത്തവണത്തെ പ്രത്യേകതകളാണ്. കൂടാതെ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി പീപ്പിള്‍സ് സ്റ്റേജ് എന്നൊരു ആശയവും ഇത്തവണ നടപ്പിലാക്കുന്നുണ്ട്.