പ്രവാസികളുടെ മക്കൾക്ക് ദയാപുരം കോളേജിന്‍റെ സ്കോളർഷിപ്പുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

പ്രവാസികളുടെ മക്കൾക്ക് ദയാപുരം കോളേജിന്‍റെ സ്കോളർഷിപ്പുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

കോഴിക്കോട്: കോവിഡ് മൂലം ജീവനോ ജോലിയോ വരുമാനമോ നഷ്ടപ്പെട്ട പ്രവാസികളുടെ പെൺമക്കൾക്കായി ദയാപുരം കോളേജ് പഠന സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുന്നു. ബി.എസ്.സി ഫിസിക്സ് വിത്ത് കെമിസ്ട്രി, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ലാംഗ്വേജ് ലിറ്ററേച്ചർ, ബി.എ ഫംങ്ഷണൽ ഇംഗ്ലീഷ്, ബി.എ ഹിസ്റ്ററി, ബികോം, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് വിഷയ താൽപര്യവും പഠനത്തിൽ അഭിരുചിയും ഉള്ള വിദ്യാർത്ഥിനികൾക്ക് ആണ് സ്കോളർഷിപ്പ് ലഭിക്കുക.

അർഹതയും മിടുക്കുമുള്ള വിദ്യാർത്ഥിനികൾക്ക് അത്യാവശ്യമെന്ന് ബോധ്യപ്പെടുന്ന പക്ഷം ഹോസ്റ്റൽ പ്രവേശനവും സ്കോളർഷിപ്പിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

“കോവിഡ് ഉണ്ടാക്കിയ ആരോഗ്യപരവും വൈകാരികവും ആയ ആഘാതങ്ങളിൽനിന്ന് കരകയറാനുള്ള മാർഗം പ്രതീക്ഷയാണ്. കുടുംബങ്ങൾക്ക് പ്രതീക്ഷ കിട്ടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. അതിൽതന്നെ സാമൂഹ്യ നീതിക്ക് സ്ത്രീ വിദ്യാഭ്യാസം പരമപ്രധാനമാണ്.” അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.എം.എം. ബഷീർ പറഞ്ഞു.

കേരളത്തിന്‍റെ സാമ്പത്തികാഭിവൃദ്ധിക്കെന്നപോലെ ദയാപുരത്തിന്‍റെ ഉൽപ്പത്തിക്കും കാരണം ഗൾഫ് പ്രവാസമാണ്. ഇപ്പോൾ ഒരുപാട് പ്രവാസികൾ നിശ്ശബ്ദമായി സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോവുകയാണ്. അവർക്കുവേണ്ടി ചെയ്യാവുന്ന ഒരു ചെറിയ കാര്യം എന്ന നിലയ്ക്കാണ് ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന് ദയാപുരം പേട്രൺ സി.ടി. അബ്ദുറഹീം പറഞ്ഞു.

ദയാപുരം കോളേജ് വൊളണ്ടിയർ ഇൻചാർജ്ജ് ഡോ.എൻ.പി.ആഷ് ലി ചെയർപേഴ്സ്ണായ സമിതി അഭിമുഖം നടത്തി അക്കാദമിക് റെക്കോർഡ് കൂടി പരിഗണിച്ചായിരിക്കും സ്കോളർഷിപ്പിന് അർഹതയുള്ളവരെ കണ്ടെത്തുക. ഗൾഫിലെ സ്കൂളുകളിലും നാട്ടിലെ സ്കൂളിലും പഠിച്ച പ്രവാസികളുടെ മക്കൾക്ക് അപേക്ഷിക്കാം.

scholarships@dayapuram.org എന്ന ഇ മെയിലിൽ അപേക്ഷകയുടെ പ്ലസ് ടു വരെയുള്ള മാർക്ക് വിവരങ്ങൾ, രക്ഷിതാക്കളിൽ ഒരാളുടെ NRI Status സംബന്ധിച്ച വിവരങ്ങൾ, സാമ്പത്തിക സാമൂഹ്യ സ്ഥിതിയെപ്പറ്റിയും കുടുംബ സ്ഥിതിയെയും പറ്റിയുള്ള വിശദമായ കുറിപ്പ് എന്നിവ സഹിതം ജൂൺ 25 ാം തിയ്യതിക്കു മുമ്പ് അപേക്ഷിക്കുക

The Cue
www.thecue.in