നീറ്റ് പരീക്ഷ വീണ്ടും നടത്തുന്നത് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തി അറിഞ്ഞതിനു ശേഷം മാത്രം; സുപ്രീം കോടതി

Neet
Neet
Published on

നീറ്റ് പരീക്ഷ വീണ്ടും നടത്തണോ എന്നത് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തി അറിഞ്ഞതിനു ശേഷം തീരുമാനിക്കാമെന്ന് സുപ്രീം കോടതി. ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്നത് വ്യക്തമായിട്ടുണ്ട്. ഇത് പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചുവെങ്കില്‍ പുനപരീക്ഷ നടത്തണം. കുറ്റവാളികളെ കണ്ടെത്താനായില്ലെങ്കിലും പുനഃപരീക്ഷ നടത്തേണ്ടതുണ്ട്. പക്ഷേ അതൊരു അവസാന മാര്‍ഗ്ഗമായി മാത്രമേ ചെയ്യാനാകൂ. എത്ര പേരാണ് പരീക്ഷയില്‍ കൃത്രിമം കാണിച്ചതെന്ന് മനസിലാക്കാതെ പുനഃപരീക്ഷ നടത്തിയാല്‍ പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് കുട്ടികളെ അത് ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ക്രമക്കേട് കാട്ടിയ എത്ര കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചിട്ടുണ്ടെന്ന് കോടതി ചോദിച്ചു.

ചോര്‍ച്ച വലിയ തോതില്‍ നടന്നിട്ടില്ലെങ്കില്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും ചോര്‍ച്ച കണ്ടെത്തിയ പ്രദേശങ്ങളില്‍ മാത്രം പുനഃപരീക്ഷ നടത്തിയാല്‍ മതിയെന്നും കോടതി പറഞ്ഞു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട 30 ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്. പരീക്ഷ റദ്ദാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെയും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ നിന്നുള്ള 50 വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളും ഇതേ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷയുടെ നടപടിക്രമം, ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളുടെ സ്വഭാവം, ചോര്‍ച്ചയുടെ സ്വഭാവം തുടങ്ങി വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ച വൈകുന്നേരത്തിനു മുന്‍പായി സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in