ഡൽഹിയിൽ നിന്ന് 'നമ്മുടെ സർവകലാശാല'കളെക്കുറിച്ചു ഒരു കത്ത്...

ഡൽഹിയിൽ നിന്ന്  'നമ്മുടെ സർവകലാശാല'കളെക്കുറിച്ചു ഒരു കത്ത്...
Summary

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ അസി.പ്രൊഫസറായ എന്‍.പി ആഷ്‌ലി എഴുതുന്നു

സുഖമായിരിക്കുന്നോ?

കത്ത് കിട്ടി.

കോളേജ് തുടങ്ങുന്നതിന്റെ തിരക്കുകളിൽ ആയിരുന്നതിനാൽ കുറച്ചു വൈകി എന്നതാണിപ്രാവശ്യത്തെ excuse. ഡൽഹിയിൽ നല്ല പൊല്യൂഷൻ ആയത് കൊണ്ട് സൂര്യൻ തന്നെ  മട്ടാണ്. എന്റെ ഹീലിയോഫോബിയ  നിനക്കറിയാല്ലോ. പൊതുവെ വായുവിന്റെ നശീകരണത്തിൽ നല്ല ഇടങ്ങേറും ക്ഷീണവും ഉണ്ടെങ്കിലും ഈ വെളിച്ചമില്ലാത്ത സൂര്യൻ ചെറിയൊരു ആശ്വാസവുമാണ്. 

ഇവിടെ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഈ ആഴ്ചയാണ് ഡിഗ്രി ഒന്നാം വർഷക്കാർക്കു ക്ലാസ് തുടങ്ങിയത്. CUET കാരണം ജൂലൈയിൽ തുടങ്ങേണ്ട ക്ലാസുകൾ മൂന്നര മാസം കഴിഞ്ഞു ഇപ്പോഴാണ് തുടങ്ങിയത്. മൂന്നര മാസം ഗുണിക്കണം ലക്ഷക്കണക്കിന് കുട്ടികൾ, ആയിരക്കണക്കിന് അധ്യാപകർ- അത്രയും സമയമല്ലേ അല്ലെടോ സത്യത്തിൽ പോയത്? ഇനി എല്ലാം തിരക്ക് കൂട്ടി ഓടിത്തീർക്കൽ ആവും. 

CUET എങ്ങിനെ ഉണ്ട് എന്ന് നീ ചോദിച്ചിരുന്നില്ലേടോ? സത്യം പറഞ്ഞാൽ അറിഞ്ഞൂടാ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന പുറത്തുനിന്നുള്ള ഏജൻസി ആണല്ലോ  പരീക്ഷ നടത്തിയത്. അവർക്കു എൻജിനീയറിങ്/ മെഡിക്കൽ തുടങ്ങിയ പരീക്ഷകൾ അല്ലാതെ നടത്തി പരിചയമില്ലാത്തതു കൊണ്ടാണ് ഇത്ര കാര്യങ്ങൾ വൈകിയത് എന്ന് ആരോ പറഞ്ഞു.  ഈ expertise സർവകലാശാലകളിൽ ഇപ്പോൾ തന്നെ ഉള്ളതാണ്. ഇവരെ ആരെയും കൂട്ടാതെ ടെസ്റ്റ് ഉണ്ടാക്കാൻ ആരാണ് ഈ ഏജൻസിക്കാരോട് പറഞ്ഞത്? സർവകലാശാലകളുടെ ഉന്നതാധികാര ബോർഡുകൾക്കെല്ലാം സ്വയം ഭരണാധികാരമുണ്ട്. അവർ നേരെ നിന്നാൽ ഇതൊന്നും നടക്കില്ല. സ്വന്തം ഉത്തരവാദിത്വം നിറവേറ്റാതെ സർക്കാരിനെ പഴിച്ചു കഴിഞ്ഞു കൂടുന്നവർ കുറെ ഉണ്ട്! 

ഡൽഹി യൂണിവേഴ്സിറ്റി
ഡൽഹി യൂണിവേഴ്സിറ്റി

ഡൽഹിയിൽ ഇനിയും വന്നിട്ടില്ലാത്ത ഒരു കാര്യം  അഡ്മിഷനിലും അപ്പോയ്ന്റ്മെന്റിലും ഉള്ള ഡൊണേഷൻ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കേരളത്തിലെ സർവവ്യാപിയും അതിസാധാരണവും ആയ കൈക്കൂലി കൈക്കൂലി ആണ്. കേരളത്തിലെ സാമൂഹികപ്രതിബദ്ധതയുള്ള സാമുദായിക വിഭാഗങ്ങളും പരിഷ്ക്കർത്താക്കളും ഉണ്ടാക്കിയ സ്ഥാപനങ്ങൾ ഇന്ന് പണക്കാർക്കോ മത-സമുദായ നേതാക്കൾക്കോ കോഴ വാങ്ങിക്കാനും ഉദ്യോഗസ്ഥർ പറയുന്നവർക്ക് സീറ്റു നൽകി സ്വാധീനം നിലനിർത്താനും ഉള്ള കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്

എൻ.പി.ആഷ്ലി

courtesy: the quint

ഇവിടെ വേറെ ഒരു പ്രശ്നം ഉണ്ട്. എൻജിനീയറിങ് എൻട്രൻസിൽ നല്ല മാർക്ക് കിട്ടുന്ന ആളുടെ മാത്തമറ്റിക്കൽ സ്‌കിൽസ് നന്നായി വർധിക്കും; അത് മതി ആൾക്ക് നല്ലൊരു എൻജിനീയർ ആവാനും. അതല്ല CUET യുടെ സ്ഥിതി. ഇംഗ്ലീഷിലോ ഹിസ്റ്ററിയിലോ ബ്രാക്കറ്റിൽ കൊടുത്തതിൽ നിന്ന്  ഉത്തരമെഴുതുന്നവർ ഇംഗ്ലീഷിലോ ഹിസ്റ്ററിയിലോ എന്തെങ്കിലും അഭിരുചി ഉള്ളവരാവണമെന്നില്ല. ഡിഗ്രി കാലത്താണല്ലോ നമ്മൾ ഒരു വിഷയത്തിലൂടെ ലോകത്തെ കാണാൻ പഠിപ്പിക്കുന്നത്. അതിനു വേണ്ടത് കോച്ചിങ്ങിനു പോയി കാണാതെ പഠിക്കാനുള്ള കഴിവല്ല എന്ന പ്രാഥമികകാര്യം ചർച്ച പോലുമായില്ല.  

CUET വഴി വന്ന വിദ്യാർത്ഥികളിൽ ഒരു വലിയ പങ്കും ഡൽഹിയിലെ സ്കൂളുകളിൽ നിന്നുള്ളവരാണ് എന്നാണ് ഒറ്റ നോട്ടത്തിൽ തോന്നുന്നത്. ഇതൊരു പക്ഷെ ഡൽഹിയിലെ പേരുള്ള കോളേജുകളിലെ മാത്രം സ്ഥിതി ആവാം. ഡാറ്റ വെച്ച് പഠിച്ചു നോക്കണം എന്താണ് വിവിധ പ്രാദേശിക മേഖലകളുടെ പ്രാതിനിധ്യമെന്നു. 

CUET കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിലുണ്ടാക്കിയ സ്വാധീനത്തെപ്പറ്റി നീ ചോദിച്ചല്ലോ.   

സാധാരണ ഡൽഹി യൂണിവേഴ്സിറ്റി അഡ്മിഷൻ തുടങ്ങും മുമ്പ് പത്തും പന്ത്രണ്ടും രക്ഷിതാക്കളുടെ വിളി വരുമായിരുന്നു. ഇപ്രാവശ്യം അത് രണ്ടോ മൂന്നോ ആയി കുറഞ്ഞിട്ടുണ്ട് എന്ന വ്യക്തിപരമായ അനുഭവം വെച്ച് തോന്നുന്നു-കേരളത്തിലെ വിദ്യാർത്ഥികൾ ഇപ്രാവശ്യം കുറവാണ്. പത്രത്തിലും അങ്ങിനെ ആണ് കണ്ടത്. 

കേരളത്തിലെ വിദ്യാർത്ഥികളുടെ DU വിലെ എണ്ണക്കൂടുതലിനു മൂന്നു കാരണങ്ങൾ ആണുണ്ടായിരുന്നത്. ഒന്ന്, മലയാളികളുടെ കയ്യിൽ പൈസയുണ്ട്. രണ്ടു, മണ്ഡലിന്റെ സാമൂഹ്യനീതി രാഷ്ട്രീയത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സാമൂഹിക വികസനത്തിൽ ഏറെ പിന്നിലാണ് യു പി യും ബിഹാറും അടക്കമുള്ള സംസ്ഥാനങ്ങൾ എന്നതിനാൽ OBC സീറ്റുകളിൽ ആളില്ലാതെ പോവാറായിരുന്നു. ഈ സീറ്റുകളിൽ കേരളത്തിലെ ഈഴവരും മാപ്പിളമാരും തമിഴ്നാട്ടിലെ ഒബിസി വിഭാഗക്കാരും വന്നു ചേരുന്ന അവസ്ഥ ഉണ്ടായിരുന്നു. മൂന്നു, കേരളബോര്ഡില് സി ബി എസ് ഇ യെ അപേക്ഷിച്ചു കൂടുതൽ മാർക്ക് കിട്ടിയിരുന്നു. ഇതിൽ മൂന്നാമത്തേത് മാത്രമേ CUET കൊണ്ട്  മാറിയിട്ടുള്ളു. ബാക്കി എന്താണെന്ന് നോക്കണം. കൊറോണ കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങളോ അത് ദൂരത്തെപ്പറ്റിയുണ്ടാക്കിയ ഭീതികളോ ഒക്കെ മലയാളികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ടോ എന്നും കുറച്ചു കഴിഞ്ഞേ വ്യക്തമാവൂ.  

എന്‍.പി ആഷ്‌ലി 
എന്‍.പി ആഷ്‌ലി  Courtesy: N P Ashley facebook page

ഡൽഹി യൂണിവേഴ്സിറ്റിയെ ഡിഗ്രി പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്സിറ്റി ആയിരുന്നതിനു  (നോക്കണ്ട! ഞാൻ പറഞ്ഞതല്ല. പൊതുവെ പറയുന്നതാ!!!) എനിക്ക് തോന്നിയ പ്രധാന കാരണം യൂണിവേഴ്സിറ്റിക്കൊരു കലണ്ടർ ഉണ്ടായിരുന്നു എന്നതാണ്. ഇന്ന സമയത്തു ക്ലാസ് തുടങ്ങും, ഇന്ന ദിവസം ക്ലാസുകൾ തീരും, ഇന്ന ദിവസം പരീക്ഷ തുടങ്ങും, പരീക്ഷ നടക്കുന്ന സമയത്തു തന്നെ അധ്യാപകർ ക്യാമ്പിൽ പോയി പേപ്പറുകൾ നോക്കും, ഒരാഴ്ച കൊണ്ട് റിസൾട്ട് വരും, പിന്നെ  അവധിക്കാലം- അങ്ങിനെ ഒരു ക്രമം തെറ്റാതെ പോന്നിരുന്നു. ഇങ്ങനെ മൂന്നു വർഷമുള്ള വിദ്യാർത്ഥികളും അധ്യാപകരും ഒരേ സമയം ക്യാമ്പസിൽ ഉണ്ടാവും. കേൾക്കുമ്പോൾ വലിയ കാര്യമൊന്നും തോന്നില്ലെങ്കിലും  ഈ അക്കാഡമിക് കലണ്ടർ  ആയിരുന്നു ഡൽഹി യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ക്വാളിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. എല്ലാവരും ഒരുമിച്ചു കോളേജ് ക്യാമ്പസ്സിലുണ്ടായതു കൊണ്ടാണ്  ഇവിടുത്തെ ഏറ്റവും വലിയ സവിശേഷതയായ സ്റ്റുഡന്റ് ക്ലബുകളും സൊസൈറ്റികളും നന്നായി വർക്ക് ചെയ്തത്. കൊറോണ കൊണ്ട് ചുരുങ്ങിപ്പോയ വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതവും കൂടി നശിപ്പിക്കുന്ന രീതിയിൽ അക്കാദമിക് കലണ്ടർ നാനാവിധമായി എന്നതാണ് ഇപ്പോൾ നടന്നിട്ടുള്ളത്. 

ഇതിൽ എന്താണിത്ര പ്രത്യേകത, പല സെമെസ്റ്ററുകൾ പല സമയത്തു തുടങ്ങുക, പരീക്ഷ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ എപ്പോഴെങ്കിലും നടക്കുക, റിസൾട്ട് എന്നെങ്കിലും വരിക, ടീച്ചിങ് നടക്കുന്ന സമയത്തു ദിവസങ്ങളോളം ക്ലാസ് നിർത്തി അധ്യാപകരെക്കൊണ്ട് ക്യാമ്പിൽ പോയി പരീക്ഷാപേപ്പർ നോക്കിപ്പിക്കുക,  അവധിക്കാലമില്ലാതെ അധ്യാപകർ വര്ഷങ്ങളോളം പണിയെടുക്കുക, പരീക്ഷ എപ്പോൾ നടക്കും, റിസൾട്ട് എപ്പോൾ വരും എന്നൊക്കെ തോന്നുമ്പോൾ അറിയിച്ചു  അധ്യാപകരെയും വിദ്യാർത്ഥികളെയും അപമാനിച്ചു കൊണ്ടിരിക്കുക തുടങ്ങിയ കലാപരിപാടികൾ അവിടെ കേരളത്തിലെ സർവകലാശാലകളിൽ വര്ഷങ്ങളായി നടന്നു വരുന്നതല്ലേ എന്ന് നീ ചോദിച്ചേക്കാം. ഒന്നാം സെമെസ്റ്റര്‌കാർ പ്രവേശനം നേടി വരുമ്പോഴേക്കും അഞ്ചാം സെമസ്റ്റര്‌കാർ പരീക്ഷക്ക് പോവും. അവർ തിരിച്ചെത്തുമ്പോഴേക്കും മൂന്നാം സെമെസ്റ്റര്‌കാർക്കു സ്റ്റഡി ലീവ് തുടങ്ങും. അങ്ങിനെ മൂന്നു വർഷക്കാരും കൂടി ഒരുമിച്ചുള്ള സമയം അറിയാൻ മഷിയിട്ടു നോക്കണം എന്നതൊക്കെ അവിടെ കാലങ്ങളായി നടന്നു പോരുന്നുണ്ടു എന്നത് ശരി തന്നെ.  

ഡൽഹിയിൽ ഇനിയും വന്നിട്ടില്ലാത്ത ഒരു കാര്യം  അഡ്മിഷനിലും അപ്പോയ്ന്റ്മെന്റിലും ഉള്ള ഡൊണേഷൻ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കേരളത്തിലെ സർവവ്യാപിയും അതിസാധാരണവും ആയ കൈക്കൂലി കൈക്കൂലി ആണ്. കേരളത്തിലെ സാമൂഹികപ്രതിബദ്ധതയുള്ള സാമുദായിക വിഭാഗങ്ങളും പരിഷ്ക്കർത്താക്കളും ഉണ്ടാക്കിയ സ്ഥാപനങ്ങൾ ഇന്ന് പണക്കാർക്കോ മത-സമുദായ നേതാക്കൾക്കോ കോഴ വാങ്ങിക്കാനും ഉദ്യോഗസ്ഥർ പറയുന്നവർക്ക് സീറ്റു നൽകി സ്വാധീനം നിലനിർത്താനും ഉള്ള കേന്ദ്രങ്ങളായി മാറിയിട്ടുണ്ട് എന്നതും സമ്മതിക്കുന്നു. അതിനു കാരണക്കാർ മാനേജ്മെന്റുകൾ മാത്രമല്ല. മാനേജ്‌മന്റ് പറയുന്നിടത്തു യാതൊരു നീതിബോധവുമില്ലാതെ ഒപ്പിട്ടു കൊടുക്കുന്ന പ്രിൻസിപ്പൽമാരും അധ്യാപകരും എക്സ്പെർട്ടുകളും കൂട്ടുപ്രതികൾ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. 

സമയത്തു കോഴ്സ് തുടങ്ങാതെ, പരീക്ഷ നടത്താതെ ചുറ്റിക്കുന്ന യൂണിവേഴ്സിറ്റി വിട്ടു സ്വയം ഭരണകേന്ദ്രങ്ങൾ ആവാനുള്ള ശ്രമത്തിലാണ് കോളേജുകളും അതാക്കാനുള്ള ശ്രമത്തിലാണ് യൂണിവേഴ്സിറ്റികളും സർക്കാരും രാജ്യതലത്തിൽ തന്നെ. സമയത്ത് പരീക്ഷ നടക്കും എന്നല്ലാതെ ഒരു കാരണം പോലും എന്തുകൊണ്ട് ഓട്ടോണമി എന്ന ചോദ്യത്തിന് ഉത്തരമായി ഞാൻ കേട്ടിട്ടില്ല.  സമയത്തു യൂണിവേഴ്സിറ്റിക്കും  പരീക്ഷ നടത്താം എന്നും നടത്തണം എന്ന്, ആർക്കും തോന്നാത്തത് കൊണ്ടാവണം ഇതാരുടെയും പ്രശ്നവുമല്ല. പൊതുഖജനാവിൽ നിന്ന് കിട്ടിയ പണമുപയോഗിച്ചും സർക്കാർ ശമ്പളം കൊടുക്കുന്ന ഒരു വിഭാഗം അധ്യാപകരെയും സർക്കാർ പഠിപ്പിക്കുന്ന ഒരു വിഭാഗം കുട്ടികളെയും കാണിച്ചു മുതലാളിമാരും സമുദായനേതാക്കന്മാരും സ്വകാര്യ കോളേജുകൾ നടത്തുന്നതിനുള്ള ഒരു ഉപചാരവാക്കാണ് പലർക്കും ഓട്ടോണോമി എന്ന് നീയൊരിക്കൽ പറഞ്ഞിരുന്നുവല്ലോ. കേരളത്തിലെ കോളേജുകളിലുണ്ടായിരുന്ന ഗംഭീരരായ മെൻറ്റർമാരും ഇതിന്റെ ഒക്കെ ഇടയിൽ പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. 

ഏതായാലും ഡൽഹിയിൽ ഇപ്പൊ ഉണ്ടായിക്കൊണ്ടിരിക്കുന്നതിൽ നമ്മൾ കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ സ്ഥിതി അറിയുന്നവർക്ക് പുതുമയൊന്നും തോന്നേണ്ട കാര്യമില്ല. അങ്ങോട്ടാണ് ഇവിടുത്തെയും യാത്ര! 

NEP തിരഞ്ഞെടുപ്പെന്നും കുട്ടികളുടെ ഇഷ്ടമെന്നും ക്രിയാത്മകത എന്നും ഒക്കെ പറഞ്ഞു ഉണ്ടാക്കുന്നത് എത്തുക സ്ഥാപനങ്ങളെ കുളം തോണ്ടുന്നതിലേക്കാണ്. സ്കൂളുകളിൽ ഗവേഷണം, കോളേജുകളിൽ അടിസ്ഥാന സ്കിൽ പരിശീലനം എന്ന് തുടങ്ങി കോളേജുകളുടെ സ്കൂൾവൽക്കരണവും സ്കൂളുകളുടെ കോളേജ്‌വൽക്കരണവും ആണ് പരിപാടി തന്നെ. എന്താവും സ്ഥിതി? 

എന്‍.പി ആഷ്‌ലി 

Eugène Ionesco’s play Rhinoceros
Eugène Ionesco’s play Rhinoceroscourtesy: American Conservatory Theater/playbill

കൊറോണയുടെ ഭീതി ഇവിടെയും കുറഞ്ഞു. പക്ഷെ കൊറോണ കഴിഞ്ഞ ശേഷം ഞാൻ കാണുന്നത് ക്ഷീണിച്ച അധ്യാപകരെയും FRUSTRATED ആയ വിദ്യാർത്ഥികളെയുമാണ്. ഒരുമിച്ചിരുന്നു പ്രശ്നങ്ങൾ സംസാരിച്ചു പ്രവർത്തിച്ചാൽ കോറോണയുണ്ടാക്കിയ വിടവ് നികത്താവുന്നതേയുള്ളു. അതിനു സർക്കാറും യൂണിവേഴ്സിറ്റികളും ആ രണ്ടു വര്ഷം നമ്മുടെ സ്ഥാപനങ്ങളിൽ ഉണ്ടാക്കിയ വിടവുകൾ അംഗീകരിക്കണം. പ്രശ്നമുണ്ടെന്നു സമ്മതിക്കണം. അത് നടക്കുന്നില്ല. 

അധ്യാപകരെ കൊണ്ടു കഷ്ടപ്പെട്ട് ഒരു കാര്യവുമില്ലാത്ത ജോലി എടുപ്പിക്കുന്നതായി മാറുന്നുണ്ട്  യു ജി സി യുടെ നാക് അക്രഡിറ്റേഷൻ. അധ്യാപകരുടെ ഏറ്റവും പ്രധാനപ്പെട്ട പണി ക്ലാസ്സിൽ പഠിപ്പിക്കുകയും ക്യാമ്പസിൽ MENTOR ചെയ്യുകയും ആണെന്നത് പാടെ അവഗണിച്ചു നാലാളുടെ ഒരു സമിതിയുടെ മുമ്പിൽ കാണിക്കാൻ കുറെ റെക്കോർഡുകൾ ഉണ്ടാക്കുകയാണ് എന്നായിട്ടുണ്ട് ഇപ്പോൾ. എന്ത് ചെയ്താലും രേഖ വേണം. രേഖ ഉണ്ടാക്കാൻ ആണ് എന്തെങ്കിലും ചെയ്യുന്നത് തന്നെ. ചില കോളേജുകളുടെ NAAC റിപ്പോർട്ട് എട്ടായിരവും പതിനായിരവും പേജുകളാണത്രെ. യു ജി സി ശമ്പളംകൊടുക്കുന്നതല്ലേ, പണിയെടുക്കട്ടെ എന്ന സിനിക്കൽ മനോഭാവം. തങ്ങൾ ചെയ്യുന്നതെന്താണെന്നും എന്തിനാണെന്നും ജനങ്ങളോട് പറഞ്ഞു മനസ്സിലാക്കാനുള്ള ക്ഷമയോ ഇത്തരം നീക്കങ്ങളെ എതിർക്കാനുള്ള സാമൂഹികപ്രതിബദ്ധതയോ കൂട്ടായ്മയോ ഇല്ലാത്ത  ഞാനും നീയും ഉൾപ്പെട്ട അധ്യാപകരും ഇതിനൊക്കെ ഉത്തരവാദികളാണ് എന്നാണെടോ എനിക്ക് തോന്നുന്നത്. തലമുറകളെ ഇങ്ങനെ പാഴാക്കിക്കളയുമ്പോൾ നമ്മൾ ഇങ്ങനെ മാപ്പു സാക്ഷികൾ പോലുമാവാതെ നിൽപ്പാണ്...

ഫേസ്ബുക്കിൽ കേറി നോക്കിയാൽ കുട്ടികൾക്കാണ് എല്ലാ കുഴപ്പവും എന്നാണല്ലോടോ തോന്നുക. അവർ ലഹരി ഉപയോഗിക്കുന്നു...അവർക്കു കാര്യമായി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ട്...ഒക്കെ അവരുടെ കുഴപ്പം!

അവബോധത്തിനൊന്നും ഞാൻ എതിരല്ല. പക്ഷെ ഇതിന്റെ മൂലകാരണം നാം പഠിക്കണം എന്നൊരു അഭിപ്രായമുണ്ട്. പണമോ സ്ഥാനമോ പേരോ എങ്ങിനെയും വാരിക്കൂട്ടുക എന്ന സ്വാർത്ഥത ആണ് ആകെവേണ്ടത് എന്ന് പറഞ്ഞു വളർത്തുന്ന കുട്ടികളുടെ ധാർമിക ചോദനകളെ അഡ്രസ് ചെയ്യാൻ എന്താണ് നമ്മുടെ കയ്യിലുള്ളത്? മര്യാദക്ക് ഒരു വിഷയം പഠിക്കാൻ, ആത്മാർത്ഥമായ  ചർച്ചകൾക്ക് യുവാക്കൾക്ക് എവിടെയാണ് സ്ഥലമുള്ളത്? ലക്ഷ്യബോധം ഒരു സമൂഹം കൂടി കൊടുക്കേണ്ടതാണ്. 

1000 ആളുണ്ടെങ്കിൽ അതിൽ 999 പേരും ടോപ്പർ ആവില്ല എന്ന്, നമ്മുടെ അസ്തിത്വം സാമൂഹ്യമാണെന്നു പറഞ്ഞു കൊടുക്കാതെ ഈ വ്യവസ്ഥിതിയുടെ സമ്മർദ്ദം കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വ്യക്തികൾക്കു മരുന്ന് വാങ്ങിക്കൊടുത്തിട്ടു മാത്രം എന്ത് കാര്യം? 

നമ്മുടെ ഓരോരുത്തരുടെയും കുട്ടികൾ പ്രതിഭകളാണെന്നു പറഞ്ഞിട്ട് ലക്ഷക്കണക്കിന് ഫീസ് വാങ്ങുന്ന സ്കൂളുകൾക്കും സ്വകാര്യ സർവകലാശാലകൾക്കും ലാഭമുണ്ട്.  പറച്ചിൽ വിദ്യാഭ്യാസരംഗത്തെ സമ്പത്തിന്റെ ഉത്പാദനം (WEALTH CREATION) എന്നാണെങ്കിലും സംഗതി WEALTH EXTRACTION (സമ്പത്തിന്റെ പിഴിഞ്ഞെടുക്കൽ) ആണ്. വിദ്യാർത്ഥികളെ ഒന്നുകിൽ ദാസരായി അല്ലെങ്കിൽ ഉപഭോക്താക്കളായി കാണുന്ന നമ്മുടെ മനോഭാവം ആണ് ഏറ്റവും വലിയ പ്രശ്നം. അവരെ ഉത്തരവാദിത്വവും അവകാശങ്ങളുമുള്ള പൗരരായി കാണാൻ നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കഴിയുന്നെ ഇല്ല എന്നാണെന്റെ പരാതി. ഇപ്പോൾ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ, അതിന്റെ വഴികിട്ടായ്മയുടെ  ഇരകൾ ആണവർ. ഇന്നത്തെക്കാലത്തു അധ്യാപകരാവുന്നതിനേക്കാൾ കഷ്ടമുള്ള ഏക കാര്യം വിദ്യാർത്ഥികളാവുന്നതാണ് എന്ന് തോന്നും. 

നോട്ടു നിരോധനദിനം, നവംബർ എട്ടു ഇപ്പൊ കഴിഞ്ഞല്ലേയുള്ളു. ഒന്നാലോചിച്ചാൽ സർവകലാശാലകളുടെ DEMONETISATION ആണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനു ഏറ്റവും പുതിയ ഉപകരണമാണ് നാഷണൽ എഡ്യൂക്കേഷൻ പോളിസി. 

യൂജിൻ യുനെസ്കോയുടെ "കാണ്ടാമൃഗ"ത്തിലെ ആ കഥാപാത്രത്തെ ഓർമയില്ലേ? ഴാങ് എന്നാണു പേര് എന്ന് തോന്നുന്നു. നാടകത്തിൽ എല്ലാവരും കാണ്ടാമൃഗങ്ങളായി മാറുകയാണ്. അപ്പോൾ അങ്ങേർക്കും മാറണം. അതിനു അങ്ങേരു പറയുന്ന ന്യായം മുഴുവൻ "മനുഷ്യത്വത്തെ" അടിസ്ഥാനമാക്കിയാണ്. ജനാധിപത്യപരമായ കാരണങ്ങളാൽ ഫാസിസത്തെ പിന്തുണക്കുന്നവരെപ്പറ്റിയാണ് അതെന്നു തോന്നും. അത് പോലെ NEP തിരഞ്ഞെടുപ്പെന്നും കുട്ടികളുടെ ഇഷ്ടമെന്നും ക്രിയാത്മകത എന്നും ഒക്കെ പറഞ്ഞു ഉണ്ടാക്കുന്നത് എത്തുക സ്ഥാപനങ്ങളെ കുളം തോണ്ടുന്നതിലേക്കാണ്. സ്കൂളുകളിൽ ഗവേഷണം, കോളേജുകളിൽ അടിസ്ഥാന സ്കിൽ പരിശീലനം എന്ന് തുടങ്ങി കോളേജുകളുടെ സ്കൂൾവൽക്കരണവും സ്കൂളുകളുടെ കോളേജ്‌വൽക്കരണവും ആണ് പരിപാടി തന്നെ. എന്താവും സ്ഥിതി? 

ഇപ്പോഴത്തെ കേന്ദ്രസർക്കാറിന് ഒഴിവാക്കാൻ പറ്റാത്തതാണിവരുടെ demonetisation ലോജിക് എന്ന കാര്യത്തെപ്പറ്റി നമ്മൾ സംസാരിച്ചിരുന്നല്ലോ. ഇവര് വരുന്നതിനു മുമ്പ് ഉണ്ടായിരുന്നതെല്ലാം  മോശം കാര്യങ്ങളാണെന്നും ഇവിടെ ആകെ കള്ളപ്പണവും അഴിമതിയും മാത്രമായിരുന്നു എന്നും  അത് കൊണ്ട് നിലവിലുള്ള എല്ലാത്തിനെയും ഇടിച്ചു നിരത്തുകയോ വിലയില്ലാതാക്കുകയോ ചെയ്യുകയാണ് പ്രതിവിധി എന്ന സ്വന്തം കഥയുടെ ഇരകളാണവർ. ഏതോ ഒരു വിപ്ലവമാണ് തങ്ങൾ നടത്തുന്നത് എന്നാണവർ പറയുകയും ഭാവിക്കുകയും ചെയ്യുന്നത്. കാവിവൽക്കരണമൊക്കെ അവിടെ നിൽക്കട്ടെ, ഒരു വൽക്കരണത്തിനും പറ്റാത്ത അബദ്ധകോഴ്സുകളുടെ ഘോഷയാത്രയാണ് അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സിലബസുകളിൽ നിറയെ. ഇത്തരം  ഇടിച്ചുതള്ളലിനെ പ്രത്യയശാസ്ത്രപരമായി ഇവരോട് അടുത്ത് നില്ക്കുന്നവർ പോലും എങ്ങിനെ പിന്തുണക്കുന്നോ എന്തോ?

സ്ഥാപനങ്ങൾ ഉണ്ടാവാൻ പതിറ്റാണ്ടുകളും ചിലപ്പോൾ നൂറ്റാണ്ടുകളുമെടുക്കും. നമ്മുടെ ഒരു പാട് സ്ഥാപനങ്ങൾ ഇന്ത്യക്കാരാജ്യത്തെക്കാൾ പഴയതാണ്. അവയുടെ രീതികൾ ഒരു പാട് മനുഷ്യരിലൂടെ  ഉണ്ടായി വന്നതാണ്. ഇതൊക്കെയാണ് നിന്ന നില്പിൽ ഇങ്ങനെ ഇല്ലാതാക്കിക്കളയുന്നത്. 200 കൊല്ലത്തിലധികം shell അല്ലാതെ ഒരു കമ്പനിയും നിലനിന്നിട്ടില്ലെന്നും അങ്ങിനെ ഒരു ജീവിതം ഉണ്ടായതു സർവകലാശാലകൾക്ക് മാത്രമാണെന്നും എന്നുണ്ടല്ലോ. 

പക്ഷെ, എടൊ, എന്റെ ഒരു കൊളീഗ് പറയുന്നത് നമ്മളിങ്ങനെ കുറെ പറഞ്ഞു ഉള്ള നിരാശ കൂട്ടിയിട്ടു കാര്യമില്ലല്ലോ. "നിരാശയെ ഉറപ്പാക്കുകയല്ല; പ്രതീക്ഷയെ സാധ്യമാക്കുകയാണ് രാഷ്ട്രീയത്തിന്റെ കടമ" എന്ന റെയ്മണ്ട് വില്യംസിന്റെ വാക്യം ആൾ എപ്പോഴും quote ചെയ്യുകയും ചെയ്യും (പറഞ്ഞപ്പോൾ ആണ് ഓർത്തത് Drama in Performance ഞാൻ ലൈബ്രറിയിൽ നിന്നെടുത്തു. വായിച്ചിട്ടു പറയാം ട്ടോ...)

ഈ ദുഷിച്ചു നാറിയ വ്യവസ്ഥക്കെതിരെ സമരം ചെയ്യുകയാണ് വേണ്ടത്, കാലാപം കൂട്ടുകയാണ് വേണ്ടത് എന്നൊക്കെ നീയിപ്പോ പറയും. ആര് എപ്പോ ക്ലാസ് തുടങ്ങിയാലും തുടങ്ങിയില്ലേലും ആർക്കും ഒരു ചേതവും തോന്നാത്ത, സമുദായത്തിലെ പാവപ്പെട്ടവർക്കു വേണ്ടി വെച്ച സീറ്റുകൾ എത്ര വിലയ്ക്കു വിറ്റാലും കൈക്കൂലി വാങ്ങി നിയമനം നടത്തിയാലും കൊടുക്കുന്നവർക്കും വാങ്ങാത്തവർക്കും അറിയുന്നവർക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത ഒരു രാജ്യത്താണ് നമ്മൾ. അധാര്മികമായ ഒരു ലോകത്ത് ധാർമികമായ ഒരു വ്യക്തി ജീവിതം സാധ്യമല്ല എന്നത് ഒരു പുതിയ കാര്യവും അല്ലല്ലോ.  അത് കള.

വേറെ എന്ത് ചെയ്യാം എന്ന് ഞാൻ വെറുതെ ആലോചിച്ചു. പഴയ അധ്യാപകരുടെ പഠിപ്പിക്കലിന്റെയും mentoring ഇന്റെയും വഴികൾ ശേഖരിച്ചു കഥകളായി പ്രസിദ്ധപ്പെടുത്തിയാലോ? കുറെ പഠിക്കാനുണ്ടാവും.  അധ്യാപകർ എല്ലാവരും ഗംഭീര കക്ഷികളായതു കൊണ്ടല്ല. മിക്കവാറും പുരുഷാധിപത്യവാദികളും ജാതി വികാരം കൊണ്ട് നടക്കുന്നവരുമാണ്. എന്നാലും അവരുടെ ഇടയിൽ വിഷയത്തോട് പ്രതിബദ്ധത ഉള്ള, വിദ്യാർത്ഥികളിൽ സ്കിൽ വളരണം എന്ന് ആഗ്രഹിച്ചു അത് വളർത്തിയവർ ഉണ്ടായിരുന്നു. അവരുടെ രീതികൾ സ്ഥാപനങ്ങളിലൂടെ നമുക്ക് പകർന്നു കിട്ടേണ്ടതായിരുന്നു. ഇപ്പൊ കോറോണയും നമ്മുടെ വിദ്യാഭ്യാസ വിചക്ഷണരും ചേർന്ന് അത് നഷ്ടപ്പെടുത്തിയ സ്ഥിതിക്ക് നമുക്ക് അങ്ങിനെ ഒരു ശേഖരണം നടത്തി നോക്കിയാലോ? 

പിന്നെ ഒരു കാര്യമുള്ളത്, എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളും തുടങ്ങിയത് വിദ്യാഭ്യാസമേഖലയിൽ പുതിയ സാമൂഹിക ഉള്ളടക്കം വന്നു തുടങ്ങിയപ്പോഴാണ് എന്ന് പറയാറില്ലേ? സ്ത്രീകളായാലും തൊഴിലാളികളായാലും ദളിത്-ബഹുജനമുന്നേറ്റമായാലും. ഈ സാമൂഹികമായ ഉള്ളടക്കത്തെപ്പറ്റി പല തലമുറകളിലൂടെ പഠിക്കുന്ന എന്തെങ്കിലും പ്രൊജക്റ്റ് ആലോചിച്ചാലോ?

അല്ലെങ്കിൽ ഒരു സിനിമാക്കഥയെപ്പറ്റി ആലോചിച്ചാലോ? കോളേജ് എന്ന് പറഞ്ഞാൽ വല്ല ക്യാമ്പസ് പ്രണയ കഥയോ അടിപിടി സിനിമയോ ആണല്ലോ മിക്കപ്പോഴും. എന്താണ് ഒരു കോളേജിൽ, യൂണിവേഴ്സിറ്റിയിൽ നടക്കുന്നത് എന്ത് എന്നും അതിന്റെ സാമൂഹികമായും ചരിത്രപരമായും ഉള്ള റോളിനെപ്പറ്റിയും ഒരു കഥ ഉണ്ടാക്കിയാലോ? ആരും സിനിമ എടുത്തിട്ടൊന്നുമല്ല. വെറുതെ എഴുതി നോക്കാമല്ലോ. 

അല്ലെങ്കിൽ വെറുതെ ഒരു യാത്ര പോയാലോ...പല പല കാമ്പസുകളിലൂടെ...അവയുടെ ആത്മാവ് കുറിച്ചെടുത്തു ഒരു യാത്ര? പുസ്തകങ്ങൾ, മരങ്ങൾ, വഴികൾ, ഓർമ്മകൾ... അങ്ങിനെ...എന്നിട്ടു കുറച്ചു കുറിപ്പുകൾ എഴുതാം. ഒരു documentation പ്രൊജക്റ്റ്. 

എന്തെങ്കിലുമൊക്കെ ചെയ്തു വെക്കണം. നമുക്ക് നഷ്ടപ്പെടുന്നത് എന്താണ് എന്നെങ്കിലും. വേണ്ടേ? നോക്കാം അല്ലെ?

സ്വന്തം,

ആഷ്‌ലി

This is an opinion piece.The views expressed above are the author’s own. The Cue neither endorses nor is responsible for them.

Related Stories

No stories found.
logo
The Cue
www.thecue.in