
ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചിട്ടും നീറ്റ്-യുജി പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ബിഹാറില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ അത് ബാധിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ചില ക്രമക്കേടുകള്‍ നടന്നു. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പരീക്ഷയില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് ബിഹാര്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡാര്‍ക്ക് നെറ്റില്‍ ചോര്‍ന്നുവെന്നും അതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയതെന്നും മന്ത്രി വിശദീകരിച്ചു. പ്രചരിച്ച ചോദ്യ പേപ്പറിന് യഥാര്‍ത്ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടായിരുന്നു. പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനു കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷയിലെ ചില ചോദ്യങ്ങള്‍ ടെലിഗ്രാം ചാനലുകളില്‍ ദിവസങ്ങള്‍ക്കു മുന്‍പേ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11.21 ലക്ഷം പേരാണ് യുജിസി പരീക്ഷയെഴുതിയത്.
നീറ്റ് നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, എന്‍ടിഎ തന്നെയാണ് യുജിസി പരീക്ഷയുടെയും നടത്തിപ്പുകാര്‍. ചോദ്യങ്ങള്‍ ചോര്‍ന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ക്രമക്കേടില്‍ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 12ന് ബിഎഡ് പ്രോഗ്രാമിലേക്ക് നടത്തിയ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും റദ്ദാക്കിയിരുന്നു. പരീക്ഷകളില്‍ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.