

കേരളത്തിലെ ഇ-സ്പോര്‍ട്സ് ആരാധകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ആവേശം പകര്‍ന്നുകൊണ്ട് ഇ-സ്പോര്‍ട്സ് ഗെയിംവേഴ്സിന് കൊച്ചി ഒരുങ്ങുന്നു. ജെയിന്‍ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിലാണ് 'ഇ-സ്പോര്‍ട്സ് ഗെയിം വേഴ്സ്' അരങ്ങേറുന്നത്. സംസ്ഥാനം ഇന്നുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഏറ്റവും വലിയ ഗെയിമിംഗ് മാമാങ്കമാണ് ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ജെയിന്‍ യൂണിവേഴ്സിറ്റി ഒരുക്കുന്നത്. നവ ആശയങ്ങള്‍, വിദ്യാഭ്യാസം, വിനോദം എന്നിവ സംയോജിപ്പിക്കുന്ന ഉച്ചകോടിയുടെ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം ഇ-സ്പോര്‍ട്സ് തന്നെയാണ്.
കഴിഞ്ഞ ആറ് വര്‍ഷമായി കേരളത്തിലെ ഇ-സ്പോര്‍ട്സ് മേഖലയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഇ-സ്പോര്‍ട്സ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ ഗെയിമിംഗ് ഇന്‍ഫ്ളുവന്‍സര്‍മാരും പാന്‍-ഇന്ത്യന്‍ ഇ-സ്പോര്‍ട്സ് താരങ്ങളും അണിനിരക്കുന്ന വമ്പന്‍ ടൂര്‍ണമെന്റുകള്‍, ഗെയിമിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, ഇന്‍ഫ്‌ളുവന്‍സര്‍ മീറ്റുകള്‍, ലൈവ് ടൂര്‍ണമെന്റുകള്‍ എന്നിവ മാമാങ്കത്തിന് മാറ്റുകൂട്ടും. സമ്മിറ്റിലെത്തുന്ന ഗെയിം പ്രേമികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും ഇന്‍ഫ്ളുവന്‍സര്‍മാരെയും നേരില്‍ കാണാനും സംവദിക്കാനും അവസരമുണ്ടാകും. കൂടാതെ, ആധുനിക ഗെയിമിംഗ് സാങ്കേതിക വിദ്യകള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ എക്സ്പീരിയന്‍സ് സോണുകളും ഒരുക്കിയിട്ടുണ്ട്.
ആഗോളതലത്തില്‍ കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമായി മാറിയ ഇ-സ്പോര്‍ട്സ്, വിനോദം എന്നതിലുപരി വലിയ സാമ്പത്തിക, തൊഴില്‍ സാധ്യതകള്‍ കൂടി തുറന്നിടുന്നുണ്ട്. 'ഗെയിം വേഴ്സ്' കേവലം ഒരു ടൂര്‍ണമെന്റ് എന്നതിലുപരി കേരളത്തിലെ ഇ-സ്പോര്‍ട്സ് ഇക്കോസിസ്റ്റത്തിനുള്ള ഒരു ബിസിനസ് പ്ലാറ്റ്ഫോം കൂടിയായാണ് ഒരുങ്ങുന്നത്. ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകള്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, സ്ട്രീമര്‍മാര്‍, ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ എന്നിവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും നിക്ഷേപകരുമായി സംവദിക്കാനും ഇവിടെ അവസരമൊരുങ്ങും. ഇ-സ്പോര്‍ട്സ് ഒരു കരിയറായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രൊഫഷണലുകള്‍ നയിക്കുന്ന വര്‍ക്ക്‌ഷോപ്പുകളിലൂടെ ഗെയിം കാസ്റ്റിംഗ്, അനാലിസിസ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളെക്കുറിച്ച് അറിയാനും മാര്‍ഗ്ഗനിര്‍ദ്ദേശം നേടാനും നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കാനും ഇത് നിര്‍ണ്ണായക വേദിയാകും.
'സാധാരണക്കാര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ക്ക് വരെ, സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവര്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന വേദിയാണ് 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍'. ഈ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇ-സ്‌പോര്‍ട്‌സിനെയും ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഗെയിം വേഴ്‌സിലൂടെ താഴെത്തട്ടിലുള്ള പ്രതിഭകള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരുപോലെ അവസരങ്ങള്‍ തുറന്നുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രത്യേകിച്ച് പുതുതലമുറയ്ക്ക്, അവരുടെ കഴിവുകളെയും വിനോദത്തെയും ഒരു പ്രൊഫഷനാക്കി മാറ്റാന്‍ ഇത് സഹായിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും അവസരങ്ങളും നല്‍കി ഈ രംഗത്തെ മികച്ച തൊഴിലവസരങ്ങളിലേക്ക് അവരെ നയിക്കാന്‍ 'ഗെയിം വേഴ്‌സ്' വഴികാട്ടിയാവും.'
ഡോ. ടോം ജോസഫ്, ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍, കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി
'ഇ-സ്പോര്‍ട്സ് രംഗത്ത് കേരളത്തില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക്, പ്രത്യേകിച്ച് ഒളിമ്പിക്സ് പോലുള്ള വലിയ വേദികളിലേക്ക് എത്തിക്കുക എന്നതാണ് എകെഇഫിന്റെ ലക്ഷ്യം.'- ഓള്‍ കേരള ഇ-സ്പോര്‍ട്സ് ഫെഡറേഷന്‍ പ്രസിഡന്റ് അമല്‍ അര്‍ജുന്‍ പറഞ്ഞു. 'ജെയിന്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള ഈ 'ഗെയിം വേഴ്സ്' ആ സ്വപ്നത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി +91 81294 69669 എന്ന നമ്പരില്‍ ബന്ധപ്പെടുക.