മനുസ്മൃതി പഠിപ്പിക്കാന്‍ നീക്കവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി

മനുസ്മൃതി പഠിപ്പിക്കാന്‍ നീക്കവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി
Published on

മനുസ്മൃതി സിലബസിന്റെ ഭാഗമാക്കാന്‍ നീക്കമാരംഭിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി. നിയമ ബിരുദ കോഴ്‌സിന്റെ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനാണ് നീക്കം. വെള്ളിയാഴ്ച ചേരുന്ന അക്കാഡമിക് കൗണ്‍സില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാമെടുക്കും. ജൂണ്‍ 24ന് ചേര്‍ന്ന ഫാക്കല്‍റ്റി കോഴ്‌സ് കമ്മിറ്റിയാണ് മനുസ്മൃതി പഠിപ്പിക്കാനുള്ള തീരുമാനമെടുത്തത്. യോഗത്തിന്റെ മിനിറ്റ്‌സ് അനുസരിച്ച് തീരുമാനം ഏകകണ്ഠമായിരുന്നു. മനുസ്മൃതിയുമായി ബന്ധമുള്ള രണ്ട് പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തുന്നത്.

ജി.എന്‍.ഝാ രചിച്ച മനുസ്മൃതി വിത്ത് ദി മനുഭാഷ്യ ഓഫ് മേധാതിഥി, കെ.കൃഷ്ണസ്വാമി അയ്യര്‍ എഴുതിയ കമന്ററി ഓഫ് മനുസ്മൃതി -സമൃതിചന്ദ്രിക എന്നിവയാണ് പുസ്തകങ്ങള്‍. ഒന്നാം സെമസ്റ്ററിലെ ജൂറിസ്പൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിലാണ് ഇവ ഉള്‍പ്പെടുത്തുക. അതേസമയം മനുസ്മൃതി പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. മനുസ്മൃതിയില്‍ പലയിടത്തും സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും തുല്യാവകാശങ്ങളെയും എതിര്‍ക്കുന്നുണ്ടെന്ന് അധ്യാപക സംഘടനയായ സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് പറഞ്ഞു.

മനുസ്മൃതി പഠിപ്പിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയുടെ തത്വങ്ങള്‍ക്കും അടിസ്ഥാന ഘടനയ്ക്കും വിരുദ്ധമാണെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് എഴുതിയ കത്തില്‍ സംഘടന ചൂണ്ടിക്കാട്ടി. ഇത് സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ അടിയന്തരമായി പിന്‍വലിക്കണമെന്നും അക്കാഡമിക് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കുക പോലും ചെയ്യരുതെന്നും സംഘടന ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in