സ്റ്റുഡന്റ് വിസ ഫീസ് കുത്തനെ ഉയര്‍ത്തി ഓസ്‌ട്രേലിയ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും

സ്റ്റുഡന്റ് വിസ ഫീസ് കുത്തനെ ഉയര്‍ത്തി ഓസ്‌ട്രേലിയ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും

സ്റ്റുഡന്റ് വിസ ഫീസ് ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ച് ഓസ്‌ട്രേലിയ. നിലവിലുള്ള 710 ഓസ്‌ട്രേലിയന്‍ ഡോളര്‍ ഫീസ് 1600 ഡോളറായാണ് ഉയര്‍ത്തിയത്. 39,407 രൂപ നല്‍കിയിരുന്നത് 88,803 രൂപയായി ഉയരും. ഇതോടെ ക്യാനഡ, ന്യൂസിലാന്‍ഡ്, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വിസ ഫീസ് ഈടാക്കുന്ന രാജ്യമായി ഓസ്‌ട്രേലിയ മാറി. വിദ്യാര്‍ത്ഥി വിസയില്‍ കുടിയേറ്റം നടത്തുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ഈ മാറ്റം തിരിച്ചടിയായേക്കും. വിവിധ താല്‍ക്കാലിക വിസ ഹോള്‍ഡര്‍മാര്‍ രാജ്യത്ത് തുടര്‍ന്നു കൊണ്ട് സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ടെംപററി ഗ്രാജ്വേറ്റ്, വിസിറ്റ്, മാരിടൈം ക്രൂ വിസ എന്നിവയില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ക്ക് അവിടെ നിന്നുകൊണ്ട് വിദ്യാര്‍ത്ഥി വിസയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കില്ല.

ഇത്തരം വിസയില്‍ എത്തുന്നവര്‍ അവയുടെ കാലാവധി അവസാനിച്ചതിനു ശേഷം രാജ്യത്തിനു പുറത്തു പോകുകയോ എംപ്ലോയര്‍ വിസയോ പെര്‍മനന്റ് റെസിഡന്‍സിയോ ലഭിക്കുന്ന തരത്തില്‍ ജോലികള്‍ തേടുകയോ വേണമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അറിയിച്ചു. പഠിക്കാനായി ഓസ്‌ട്രേലിയയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്തു നിന്ന് വിസയ്ക്ക് അപേക്ഷിക്കാമെന്നാണ് ഗവണ്‍മെന്റ് വിശദീകരിക്കുന്നത്. വദ്യാര്‍ത്ഥി വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ കുറഞ്ഞ സേവിംഗ്‌സ് തുക 1.4 കോടിയില്‍ നിന്ന് 1.7 കോടിയായും ഉയര്‍ത്തി. ഇതിനൊപ്പം കുറഞ്ഞ പ്രായപരിധി 50 വയസില്‍ നിന്ന് 35 വയസായി താഴ്ത്തിയിട്ടുമുണ്ട്. ജൂലൈ 1 മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തിലായി.

വിദേശത്തു നിന്നുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങള്‍. ജൂലൈ 1ന് മുന്‍പ് അപേക്ഷ നല്‍കിയവര്‍ക്ക് പഴയ നിരക്കുകളായിരിക്കും ബാധകമാവുക. യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒരു പ്രധാന ഡെസ്റ്റിനേഷനായിരുന്നു ഓസ്‌ട്രേലിയ. വിദേശ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. കുടിയേറ്റത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇന്ത്യക്കാര്‍ സ്റ്റുഡന്റ് വിസയെ കാണുന്നത്. ചെലവേറുമെന്നതിനാല്‍ ഇനി ഓസ്‌ട്രേലിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ നിന്ന് പുറത്തായേക്കും.

Related Stories

No stories found.
logo
The Cue
www.thecue.in