‘ഇവ കണ്ടാലറിയാം ബാക്കി 9995 എണ്ണത്തിന്റെ നിലവാരം’; ദൂരദര്‍ശന്‍ ലോഗോ മാറ്റത്തില്‍ പരിഹാസവര്‍ഷം 

‘ഇവ കണ്ടാലറിയാം ബാക്കി 9995 എണ്ണത്തിന്റെ നിലവാരം’; ദൂരദര്‍ശന്‍ ലോഗോ മാറ്റത്തില്‍ പരിഹാസവര്‍ഷം 

പ്രസാര്‍ ഭാരതി പുറത്തുവിട്ട ദൂരദര്‍ശന്‍ ലോഗോ ഡിസൈനുകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. പൊതുജനത്തിനായി സംഘടിപ്പിച്ച ലോഗോ മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ 5 എണ്ണമാണ് പുറത്തുവിട്ടത്. എന്നാല്‍ തീര്‍ത്തും മോശം ഡിസൈനുകളാണ് ഇവയെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നിരിക്കുന്നത്. ഇവയേക്കാള്‍ ഭേദം ഇപ്പോഴുള്ളത് നിലനിര്‍ത്തുകയാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.

2017 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ പൊതുജനത്തിനായി പ്രസാര്‍ ഭാരതി ലോഗോ രചനാ മത്സരം സംഘടിപ്പിച്ചിരുന്നു. പതിനായിരത്തിലേറെ ഡിസൈനുകളാണ് അയച്ചുകിട്ടിയത്. ഇതാണ്‌, രണ്ടുവര്‍ഷമാകുന്ന വേളയില്‍ അധികൃതര്‍ പുറത്തുവിട്ടത്. എന്ത് മാനദണ്ഡമാക്കിയാണ് മേന്‍മയില്ലാത്ത അഞ്ചെണ്ണം തെരഞ്ഞെടുത്തതെന്നാണ് ആളുകളുടെ ചോദ്യം. ഇവ കണ്ടാലറിയാം ബാക്കി 9995 എണ്ണത്തിന്റെ നിലവാരമെന്ന് ചിലര്‍ കുറിച്ചു. ദയവ് ചെയ്ത് ഇപ്പോഴുള്ളത് മാറ്റി ഇവയിലൊന്ന് തെരഞ്ഞെടുക്കരുതെന്ന് ചിലര്‍ അഭ്യര്‍ത്ഥിച്ചു. കഴിവുറ്റ പ്രൊഫഷണലുകളെ നിയമിച്ച് അവര്‍ക്ക് ശമ്പളം നല്‍കി മികച്ച സൃഷ്ടികള്‍ നേടൂവെന്ന് ഉപദേശിച്ചവരും കുറവല്ല. ഗൃഹാതുരത്വമുണര്‍ത്തുന്ന ഇപ്പോഴത്തേത് നിലനിര്‍ത്തൂവെന്ന് ആവശ്യപ്പെട്ടവരാണ് കൂടുതല്‍.

ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് ദൂരദര്‍ശന്‍ ലോഗോമാറ്റത്തിന് തീരുമാനിച്ചത്. യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാകും പുതിയ ലോഗോയെന്നാണ് പ്രസാര്‍ ഭാരതി പറയുന്നത്. സനീഷ് സുകേശന്‍, തേജേഷ് സുധീര്‍, ആനന്ദ് ചിറയില്‍ നിഖില്‍ ലാന്‍ഡ്‌ജെ, അബി തോമസ് ജോയ് എന്നിവരുടെ ഡിസൈനുകളാണ് അവസാന അഞ്ചില്‍ ഇടംപിടിച്ചത്. ഒരു ലക്ഷം രൂപ ഇവര്‍ക്ക് സമ്മാനമായി ലഭിക്കും. ഈ അഞ്ചില്‍ നിന്ന് പുതിയ ലോഗോ വൈകാതെ തെരഞ്ഞെടുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in