ഗംഗാജലം കുടിക്കാനും കുളിക്കാനുമെടുക്കരുതെന്ന് മുന്നറിയിപ്പ്;മോദിയൊഴുക്കിയ ഇരുപതിനായിരം കോടിയുടെ ഫലമെന്ത് ?  

ഗംഗാജലം കുടിക്കാനും കുളിക്കാനുമെടുക്കരുതെന്ന് മുന്നറിയിപ്പ്;മോദിയൊഴുക്കിയ ഇരുപതിനായിരം കോടിയുടെ ഫലമെന്ത് ?  

കുടിക്കാനോ കുളിക്കാനോ ഗംഗാജലം ഉപയോഗിക്കരുതെന്ന് കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. ഒരു കാരണവശാലും വെള്ളം നേരിട്ട് കുടിക്കരുതെന്ന് ബോര്‍ഡിന്റെ പഠനം വ്യക്തമാക്കുന്നു. ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഗംഗാജലത്തില്‍ കണ്ടെത്തി. Scroll.in ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഗംഗാസ്‌നാനം പുണ്യമായി ഹിന്ദുവിശ്വാസികള്‍ കരുതിപ്പോരുന്നുണ്ട്.

പ്രതിദിനം നൂറുകണക്കിനാളുകള്‍ പലവിധ സങ്കല്‍പ്പങ്ങളുടെ ഭാഗമായി ഇവിടെയെത്താറുമുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യസംബന്ധമായി അതീവ പ്രാധാന്യമുള്ള കണ്ടെത്തലാണ് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ 86 ഇടങ്ങളില്‍ നിന്ന് ജലം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ജലത്തിന്റെ ഗുണനിലവാരത്തകര്‍ച്ച വ്യക്തമാക്കുന്ന ഗുരുതര കണ്ടെത്തലുകളുണ്ടായത്.

ഇത്രയും ഇടങ്ങളില്‍ പ്രത്യേക കേന്ദ്രം ആരംഭിച്ചാണ് വെള്ളം വിലയിരുത്തിയത്. 86 ല്‍ ഏഴിടങ്ങളിലെ വെള്ളം മാത്രമാണ് ചൂടാക്കിയും മറ്റുമുള്ള അണുനാശനം ഉറപ്പുവരുത്തി കുടിക്കാവുന്നത്. 18 ഇടങ്ങളിലെ വെള്ളം മാത്രമാണ് കുളിക്കാന്‍ ഉപയോഗിക്കാവുന്നത്.

കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയ മേഖലകള്‍ തിരിച്ച് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. 

ശുചീകരണത്തിനായി ഇരുപതിനായിരം കോടിയുടെ നമാമി ഗംഗ പദ്ധതി നരേന്ദ്രമോദി സര്‍ക്കാര്‍ 2014 ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടികള്‍ ഒഴുക്കിയെന്നല്ലാതെ രൂക്ഷമായ മലിനീകരണത്തില്‍ നിന്ന് നദി മോചിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് നദിയിലേക്ക് വ്യാവസായിക മാലിന്യങ്ങള്‍ വന്‍തോതില്‍ എത്തുന്നതിന് തടയിടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പരിസ്ഥിതി മന്ത്‌ലായത്തിന്റെ അവകാശവാദം.

ഗംഗയുടെ തീരങ്ങളില്‍ 1100 ലേറെ വ്യവസായ സ്ഥാപനങ്ങളുണ്ട്. ഇവയില്‍ നിന്നുള്ള രാസ്യമാലിന്യങ്ങളടക്കം നദിയിലേക്കാണ് ഒഴുക്കിയിരുന്നത്. എന്നാല്‍ ഇന്ന് ഒരു ഫാക്ടറിയില്‍ നിന്നും ഗംഗയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി സെക്രട്ടറി സികെ മിശ്ര പറയുന്നത്. എങ്കിലും ഗംഗാജലത്തിന്റെ സ്വഭാവത്തില്‍ തൃ്പ്തിയില്ലെന്നും ദിനേന വെള്ളത്തിന്റെ നിലവാരം പരിശോധിച്ച് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in