കൊവിഡ് പാഠം : പട്ടിയും പൂച്ചയും അടക്കമുള്ളവയുടെ മാംസവ്യാപാരത്തിന് നിരോധനവുമായി ചൈനയിലെ ജൂഹായ് നഗരവും

കൊവിഡ് പാഠം : പട്ടിയും പൂച്ചയും അടക്കമുള്ളവയുടെ മാംസവ്യാപാരത്തിന് നിരോധനവുമായി ചൈനയിലെ ജൂഹായ് നഗരവും

കൊവിഡ് 19 പടര്‍ന്ന്‌ ലോകത്ത് പതിനായിരങ്ങളുടെ ജീവഹാനിക്കിടയായ പശ്ചാത്തലത്തില്‍ പട്ടിയും പൂച്ചയുമുള്‍പ്പെടെയുള്ള വന്യജീവികളുടെ മാംസവ്യാപാരത്തിന് നിരോധനവുമായി ചൈനയിലെ ജൂഹായ് നഗരവും. ഷെന്‍സന്‍ മേഖലയ്ക്ക് പിന്നാലെയാണ് ജൂഹായിലും മാംസ ഉപഭോഗത്തിന് വിലക്ക്. മെയ് ഒന്ന് മുതലാണ് പുതിയ നിയമം ഇവിടെ പ്രാബല്യത്തിലാവുകയെന്ന് ചൈന ന്യൂസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യമാണ് ഷെന്‍സനില്‍, വന്യജീവികളെ ഭക്ഷണമാക്കുന്നതിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്. വിവിധ നഗരങ്ങള്‍ നടപ്പാക്കുന്ന വന്യജീവി സംരക്ഷണ നടപടികളെ ത്രസിപ്പിക്കുന്ന വാര്‍ത്തയെന്നാണ് സന്നദ്ധസംഘടനയായ ഹ്യുമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ വിശേഷിപ്പിച്ചത്.

സംഘടന ഇതിനായി ഏറെക്കാലമായി ശബ്ദമുയര്‍ത്തുന്നുണ്ട്. രാജ്യത്താകമാനം മൃഗസംരക്ഷണ നടപടികള്‍ പ്രാബല്യത്തിലാകുന്നതിന്റെ തുടക്കമായി ഇതിനെ കാണുന്നുവെന്നും സംഘടനാ വക്താവ് വെന്‍ഡി ഹിഗ്ഗിന്‍സ് പറഞ്ഞു. വന്യജീവികളുടെ മാംസവ്യാപാരത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന എല്ലാവര്‍ക്കുമുള്ള സന്തോഷവാര്‍ത്തയാണിത്. ഇത് മൃഗസംരക്ഷണത്തെ സംബന്ധിച്ച് മാത്രമല്ല. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനവുമാണെന്നും ഹിഗ്ഗിന്‍സ് വ്യക്തമാക്കി. വുഹാനിലെ ഒരു മാംസമാര്‍ക്കറ്റാണ് കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് കരുതപ്പെടുന്നത്.

നായയും പൂച്ചയും പന്നിയും അടക്കമുള്ള ജീവികളെ ഇവിടെ അറുത്ത് മാസം വില്‍ക്കാറുണ്ടായിരുന്നു. നായ്ക്കളെ വളര്‍ത്തുമൃഗമായി മാത്രമേ പരിഗണിക്കാവൂവെന്ന് കാര്‍ഷിക നഗരകാര്യ മന്ത്രാലയം ഇതാദ്യമായി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ദേശീയ നിരോധനം നടപ്പാക്കാത്തതിനാല്‍ മറ്റ് നഗരങ്ങളും സ്വമേധയാ വന്യജീവികളുടെ മാംസം ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. ചൈനയില്‍ പ്രതിവര്‍ഷം ഏതാണ്ട് പത്ത് ദശലക്ഷം പട്ടികളെയെങ്കിലും മാംസവ്യാപാരത്തിനായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. ജനസംഖ്യയുടെ 20 ശതമാനത്തില്‍ താഴെ ആളുകളാണ് ഇത്തരത്തിലുള്ള ഇറച്ചി ഉപയോഗിക്കുന്നതെന്നുമാണ് കണ്ടെത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in