‘അക്കൗണ്ടിലേക്ക് ദിവസേന 100 രൂപ’, പ്രധാനമന്ത്രിയുടെ പ്രസംഗം എങ്ങനെയായിരിക്കണം? കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു

‘അക്കൗണ്ടിലേക്ക് ദിവസേന 100 രൂപ’, പ്രധാനമന്ത്രിയുടെ പ്രസംഗം എങ്ങനെയായിരിക്കണം? കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള നരേന്ദ്രമോദിയുടെ പ്രസംഗത്തിന് പിന്നാലെ, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എങ്ങനെയായിരുന്നിരിക്കണമെന്ന സാങ്കല്‍പ്പിക പ്രസംഗവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കൊവിഡ് 19 കൂടുതല്‍ വ്യാപിക്കുന്നില്ലെന്നും, ശരിയായ രീതിയില്‍ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രധാനമന്ത്രി രാജ്യത്തോട് പറയുന്നതായി കണ്ണന്‍ ഗോപിനാഥന്‍ തയ്യാറാക്കിയ പ്രസംഗത്തിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനമില്ലാതാകുന്ന രാജ്യത്തെ പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി സ്വീകരിക്കുന്ന നടപടികളും പ്രധാനമന്ത്രി വിവരിക്കുന്നതായി കണ്ണന്‍ ഗോപിനാഥന്‍ തയ്യാറാക്കിയ സാങ്കല്‍പ്പിക പ്രസംഗത്തിലുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ കഴിഞ്ഞ ദിസവം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജ്യം കൊവിഡ് ഭീതിയിലായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം എങ്ങനെയായിരുന്നിരിക്കണമെന്ന് വിവരിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത്.

‘അക്കൗണ്ടിലേക്ക് ദിവസേന 100 രൂപ’, പ്രധാനമന്ത്രിയുടെ പ്രസംഗം എങ്ങനെയായിരിക്കണം? കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു
മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ക്ഷേത്ര ചടങ്ങുമായി യോഗി 

മോദി നടത്തേണ്ടിയിരുന്ന പ്രസംഗം എന്ന രീതിയില്‍ കണ്ണന്‍ ഗോപിനാഥന്‍ പങ്കുവെച്ച ട്വീറ്റിന്റെ പൂര്‍ണരൂപം:

നമ്മളെല്ലാവരും വളരെ ദുഷ്‌കരമായ സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എന്നാല്‍ നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ഇതിനെ അതിജീവിക്കാന്‍ സാധിക്കും. നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ധാര്‍മ്മികമായും, സാമ്പത്തികമായും എല്ലാ തരത്തിലുള്ള പിന്തുണയും നിങ്ങള്‍ക്ക് നല്‍കും.

ഇതുവരെ 20,000 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ചെയ്തത്. ഇതില്‍ 500 കേസുകള്‍ പോസിറ്റീവായി. എന്നിരുന്നാണ് രാജ്യത്ത് സാമൂഹിക വ്യാപനം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍) ഉറപ്പ് നല്‍കുന്നുണ്ട്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

നാളെ മുതല്‍ ദിവസേന 10,000 സാംപിളുകള്‍ പരിശോധിക്കാനാകുമെന്നാണ് പ്രതീക്ഷ. മൊബൈല്‍ വഴിയുള്ള പ്രാഥമിക പരിശോധനാ സംവിധാനവും നാളെ മുതല്‍ ആരംഭിക്കാനാകും. ഇതിനായി XXXXXXXXXX എന്ന നമ്പറിലേക്ക് നിങ്ങള്‍ക്ക് വിളിക്കാം.

ഇന്ന് കേന്ദ്രആരോഗ്യമന്തിയുമായി ചേര്‍ന്ന് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തിയിരുന്നു. എല്ലാ ജില്ലകളിലെയും ഐസൊലേഷന്‍ വാര്‍ഡുകളില്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ലഭ്യമായ സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ ലഭ്യമാണ്. എല്ലാ പൗരന്മാരും നിങ്ങളുടെ ജില്ലകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്‌സൈറ്റ് വഴി പരിശോധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അവിടെ ഇനി എന്തൊക്കെ ആവശ്യമുണ്ടെന്നും നിങ്ങള്‍ക്ക് കണ്ടെത്താം. നിങ്ങള്‍ക്ക് സഹായിക്കാനാകുമെങ്കില്‍ വെബ്‌സൈറ്റില്‍ സൂചിപ്പിച്ച കോണ്‍ടാക്റ്റുകളുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായം നല്‍കുകയും ചെയ്യാം.

എന്റെ എല്ലാ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്കും, ഈ വര്‍ഷം സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം) ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്.

വിദഗ്ധരുമായും, സംസ്ഥാനസര്‍ക്കാരുകളുമായും നടത്തിയ ചര്‍ച്ചയില്‍ നിന്ന്, വരുന്ന 21 ദിവസത്തേക്ക് സാമൂഹിക അകലം പാലിക്കുക എന്നത് വളരെ അത്യാവശ്യമാണെന്നും, കൊവിഡിനെ തടയാന്‍ ഇത് നിര്‍ബന്ധവുമാണെന്നാണ് മനസിലാക്കിയത്. ഇങ്ങനെയൊരു നിബന്ധന കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും നികത്തുക എന്നത് അസാധ്യമാണ്. എന്നിരുന്നാലും ലോക്ക് ഡൗണ്ട് അവസാനിക്കുന്നത് വരെ 5000 രൂപയില്‍ താഴെ ബാലന്‍സുള്ള ജന്‍ ധന്‍ യോജന അക്കൗണ്ടുകളിലേക്ക് ദിവസേന 100 രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ബിഒസിഡബ്ലു 2100 രൂപയും നിക്ഷേപിക്കും.

കര്‍ഷകരില്‍ നിന്ന് വളസംഭരിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. അടുത്ത വര്‍ഷത്തെ പ്രധാന്‍മന്ത്രി കിസാന്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ യോഗ്യരായിട്ടുള്ളവര്‍ക്ക് മുന്‍കൂറായി നല്‍കുവാനും തീരുമാനമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 21 ദിവസത്തെ ശമ്പളം അക്കൗണ്ട് വഴി നല്‍കും. ഇത് അടുത്ത വര്‍ഷത്തെ ജോലി ദിനങ്ങളില്‍ ക്രമീകരിക്കും. വ്യവസായ സ്ഥാപനങ്ങള്‍ക്കായുള്ള സഹായ പദ്ധതിയും തയ്യാറാക്കുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ അവര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു.

ഈ മഹാമാരിയെ നേരിടാന്‍ നമ്മളെല്ലാം ഒന്നിച്ചു നിന്നാല്‍ മാത്രമേ ഈ നടപടികളെല്ലാം സഹായകരമാകൂ. സാമൂഹിക അകലം പാലിക്കുന്നത് വഴി രോഗം പടരുന്നത് തടയാന്‍ നമുക്ക് സാധിക്കും. അതിനാല്‍ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട്, ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ദുരന്തനിവാരണ നിയമപ്രകാരം ആവശ്യമായ ഉത്തരവുകള്‍ പാലിച്ചു കൊണ്ടായിരിക്കും ലോക്ക് ഡൗണ്‍ നടപ്പാക്കുക.

ആരും പരിഭ്രാന്തരാകരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവശ്യസാധനങ്ങളും സേവനങ്ങളും തടസമില്ലാതെ ലഭ്യമാകും. ഓര്‍ക്കുക, അനാവശ്യമായ എല്ലാ യാത്രകളും, ഇടപെടലുകളും ഒഴിവാക്കേണ്ടത് പ്രധാനമാണ്. അവസാനമായി, ഈ മഹാമാരിയെ നേരിടാന്‍ ഒന്നിച്ചു നിന്ന എല്ലാ പ്രതിപക്ഷപാര്‍ട്ടികളോടും, മുഖ്യമന്ത്രമാരോടും, മന്ത്രിമാരോടും, ജീവനക്കാരോടും, ആരോഗ്യ പ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുകയാണ്. നമ്മള്‍ വിജയിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in