ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി, അതിഥി തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സഹായം

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി, അതിഥി തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സഹായം

കൊവിഡ് പശ്ചാത്തലത്തില്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ചെറുകിട- ഇടത്തരം വ്യാപാരികള്‍, ചെറുകിട സംരംഭങ്ങള്‍, മേക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജ്. ദേശീയ അടിസ്ഥാന വേതനമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുമെന്നും അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികളാണുള്ളത്. അടുത്ത രണ്ട് മാസത്തേക്ക് എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മെയ് 31 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25,000 കോടി രൂപ വീതം വിതരണം ചെയ്തു.

രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാവുന്ന തരത്തില്‍ പൂര്‍ണമായും റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഓരോരുത്തര്‍ക്കും അഞ്ച് കിലോ ധാന്യം, ഒരു കുടുംബത്തിന് ഒരു കിലോ കടല, എന്നിവ പ്രതിമാസം നല്‍കും. അടുത്ത രണ്ട് മാസത്തേക്ക് എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യം നല്‍കും.

തൊഴില്‍ മേഖലയില്‍ ലിംഗനീതി ഉറപ്പാക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഒരു തരത്തിലുള്ള വിവേചനവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. കുടിയേറ്റ തൊഴിലാളികള്‍ക്കും നഗര മേഖലയിലെ ദരിദ്രര്‍ക്കും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗപ്പെടുത്തി കുറഞ്ഞ തുകയ്ക്ക് വാടക വീടുകള്‍ സജ്ജമാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും. അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ 11,000 കോടി അനുവദിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in