സംസ്ഥാനത്തിന് ഇന്നും ആശ്വാസം ; പുതുതായാര്‍ക്കും കൊവിഡ് ഇല്ല, 61 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്തിന് ഇന്നും ആശ്വാസം ; പുതുതായാര്‍ക്കും കൊവിഡ് ഇല്ല, 61 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് തിങ്കളാഴ്ച ആര്‍ക്കും കൊവിഡ് 19 രോഗബാധയില്ല. അതേസമയം 61 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 499 പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്‌. 95 പേരായിരുന്നു ചികിത്സയില്‍. ഇതില്‍ 61 പേര്‍ ഉടന്‍ ആശുപത്രി വിടും. ചികിത്സയിലുള്ളവരുടെ എണ്ണം 34 ആയി കുറയും. 21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലാണ്. 372 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍. ഇതുവരെ 33,010 രക്തസാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി അവശ്യസര്‍വീസിന്റെ ഭാഗമായവരില്‍ നിന്ന് 2341 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 1846 എണ്ണം നെഗറ്റീവ് ആണ്.

സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണ് ആകെയുള്ളത്. പുതുതായി ഏതെങ്കിലും മേഖലകള്‍ ഇതിന്റെ ഭാഗമായിട്ടില്ല. തിങ്കളാഴ്ച 1249 ടെസ്റ്റുകള്‍ നടന്നു. കേരളത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാകുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ 80 ലധികം മലയാളികള്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത് മറ്റ് സംസ്ഥാനങ്ങളിലും രോഗബാധയില്‍ മലയാളികള്‍ ദുരിതത്തിലായിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തത്. കര്‍ണാടകയില്‍ നിന്ന് 55188 പേരും തമിഴ്‌നാട്ടില്‍ നിന്ന് 50863 പേരും മഹാരാഷ്ട്രയില്‍ നിന്ന് 22515 ആളുകളുമാണ് താല്‍പ്പര്യമറിയിച്ചിരിക്കുന്നത്. ഇവരെയെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in