ജീവന്‍ പണയം വച്ചും പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മധ്യപ്രദേശില്‍ വനിതാ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ച് ആള്‍ക്കൂട്ടം  

ജീവന്‍ പണയം വച്ചും പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മധ്യപ്രദേശില്‍ വനിതാ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ച് ആള്‍ക്കൂട്ടം  

രാജ്യത്ത് കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുമ്പോള്‍ ചികിത്സയ്ക്കും, പ്രതിരോധപ്രവര്‍ത്തനത്തിനുമായി തീവ്രയത്‌നം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പലയിടത്തും ആക്രമിക്കപ്പെടുകയാണ്. ഗുജറാത്തിലെ സൂററ്റിലും, ഹൈദരാബാദിലും കേരളത്തിലും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപം രണ്ട് വനിതാ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കല്ലും, വടികളുമെറിഞ്ഞ് ഓടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കൊവിഡ് രോഗബാധ പരിശോധനക്കെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയാണ് നാട്ടുകാരുടെ ആക്രമണം. ബുധനാഴ്ചയാണ് സംഭവം.

വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ കല്ലെറിഞ്ഞ് ഓടിക്കുന്ന വീഡിയോ പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്‍ഡോറിന് സമീപമുള്ള താട് പാടി ബഖലില്‍ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 54 കുടുംബങ്ങള്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ഈ കുടുംബങ്ങളിലേക്ക് പരിശോധനക്കെത്തിയ ആരോഗ്യപ്രവര്‍ത്തകരെയാണ് നാട്ടുകാരില്‍ ചിലര്‍ ആക്രമിച്ചത്. കല്ലുകളും വടികളും എറിഞ്ഞും അസഭ്യം പറഞ്ഞും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ ഓടിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഇന്‍ഡോറിന് സമീപം റാണിപുരയില്‍ പരിശോധനക്കെത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാരില്‍ ചിലര്‍ അധിക്ഷേപിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തിരുന്നു. 93 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശിലെ രോഗബാധിതരില്‍ 76 ശതമാനം ഇന്‍ഡോര്‍ മേഖലയില്‍ നിന്നാണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികില്‍സയിലും സജീവമായിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൈദരാബാദില്‍ രോഗി മരിച്ചതിന് ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചിരുന്നു. ഗുജറാത്തിലെ സൂറത്തിലും ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ മഹാവ്യാധിയില്‍ നിന്ന് മോചിപ്പിക്കാന്‍ തീവ്രയത്‌നം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറരുതെന്ന് പ്രധാനമന്ത്രി നരേന്ദമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ആരോഗ്യപ്രവര്‍ത്തകരെ നിന്ദിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആരോഗ്യ പ്രവര്‍ത്തകരെ നിന്ദിക്കുന്ന പ്രവണതയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചുമതലപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സഹായ സഹകരണങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന്റേതാണ്. പല ഘട്ടങ്ങളിലും അവരെ പരിഹസിക്കുന്നതായുള്ള ആക്ഷേപം വന്നിട്ടുണ്ട്. അത്തരം പ്രവണത നല്ലതല്ല. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കരുത്.

Related Stories

No stories found.
logo
The Cue
www.thecue.in