അതിഥിതൊഴിലാളികളെ തെരുവിലേക്ക് ഇറക്കിവിടുന്നത് തടയുമെന്ന് മുഖ്യമന്ത്രി

അതിഥിതൊഴിലാളികളെ തെരുവിലേക്ക് ഇറക്കിവിടുന്നത് തടയുമെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികായി വാടകയ്ക്ക് താമസിക്കുന്നവരെ ഇറക്കിവിടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇപ്പോള്‍ താമസിക്കുന്നിടത്ത് നിന്ന് അവരെ ഇറക്കിവിടുന്നത് തടയുമെന്നും പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ക്യാമ്പ് തയ്യാറാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാന അതിര്‍ത്തികള്‍ അടച്ച സാഹചര്യത്തിലും രാജ്യം ഏപ്രില്‍ 21വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓരോരുത്തരും നിലവില്‍ എവിടെയാണോ അവിടെത്തന്നെ കഴിയുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ തൊഴിലുടമകള്‍ക്കും ശ്രദ്ധ വേണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

തദ്ദേശ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്താകെ ഇതുവരെ 43 കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി. 941ല്‍ 861 പഞ്ചായത്തുകളും ഇതിനായി സ്ഥലം കണ്ടെത്തി. 87 മുന്‍സിപാലിറ്റികളില്‍ 84 ഇടങ്ങളിലും, ആറ് കോര്‍പറേഷനുകളിലായി ഒന്‍പത് ഇടങ്ങളിലും കമ്യൂണിറ്റി കിച്ചനായി സ്ഥലം കണ്ടെത്തി. ഇവിടങ്ങളില്‍ ഉടന്‍ ഭക്ഷണ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി.

Related Stories

No stories found.
logo
The Cue
www.thecue.in