ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി ; ഇളവുകള്‍ ഏപ്രില്‍ 20 മുതല്‍ 

ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി ; ഇളവുകള്‍ ഏപ്രില്‍ 20 മുതല്‍ 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി. 19 ദിവസത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടുകയാണെന്ന് രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. തിങ്കളാഴ്ച വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. രോഗം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും മോദി പറഞ്ഞു. ഇളവുകളെക്കുറിച്ചുള്ള മാര്‍ഗരേഖ ബുധനാഴ്ച പുറത്തിറക്കും. കാര്‍ഷികമേഖലയ്ക്ക് ഇളവുണ്ടാകും. എന്നാല്‍ യാത്രാനിയന്ത്രണങ്ങള്‍ നീക്കില്ല. എല്ലാ ഹോട്ട്‌സ്‌പോട്ടുകളും സംസ്ഥാനങ്ങളിലെ സാഹചര്യവും കൃത്യമായി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തും. സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.

കൊറോണ വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടം രാജ്യം ശക്തമായി തുടരും. കൊവിഡിനെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കായി. ഈ പോരാട്ടത്തില്‍ ഓരോരുത്തരും സൈനികരാണ്. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ഇതുവരെ വിജയിച്ചു. പ്രശ്‌നം കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടിയെടുത്തിരുന്നു. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണ്. ഇന്ത്യയെക്കാള്‍ 30 % കേസുകള്‍ കൂടുതലാണ് മറ്റ് നാടുകളില്‍. എല്ലാവരുടെയും പിന്‍തുണയ്ക്ക് നന്ദി. രോഗവ്യാപനം ഇത്രയെങ്കിലും പിടിച്ചുനിര്‍ത്താനായത് ജനങ്ങളുടെ പിന്‍തുണകൊണ്ടാണ്. ഭക്ഷണത്തിനും യാത്രയ്ക്കുമെല്ലാം ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്തരത്തിലുള്ള ജനതയുടെ ത്യാഗത്തിന് അവരെ നമിക്കുന്നു. യാത്രാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനായെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in