ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടണമെന്ന് എ കെ ആന്റണി, എക്‌സൈസ് മന്ത്രിയുടെ വാദം വിചിത്രം

ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടണമെന്ന് എ കെ ആന്റണി, എക്‌സൈസ് മന്ത്രിയുടെ വാദം വിചിത്രം

Published on

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളും അടച്ചിടണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണി. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടയ്ക്കാത്തതിന് കാരണം ചാരായ നിരോധനത്തിന്റെ തിക്ത ഫലങ്ങളാണെന്ന എക്സൈസ് മന്ത്രിയുടെ വാദം നിര്‍ഭാഗ്യകരവും വിചിത്രവുമാണെന്നും എ കെ ആന്റണി. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായിട്ടും ലക്ഷക്കണക്കിന് ജീവനക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതായിട്ടും രാജ്യത്തെ എല്ലാ മേഖലകളും അടച്ചിടാന്‍ തയ്യാറായിട്ടുണ്ട്. അതുപോലെ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളും അടച്ചിടാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും എ കെ ആന്റണി.

ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ചാരായ നിരോധനം ഏര്‍പ്പെടുത്തിയത്. ലക്ഷോപലക്ഷം ജനങ്ങളുടെ, പ്രത്യേകിച്ചും വനിതകളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ചാരായം നിരോധിച്ചത്. ചാരായ നിരോധിച്ചതിന് ശേഷം കേരളത്തിലെ വീടുകളിലുണ്ടായ സമാധാനത്തിന്റെ അന്തരീക്ഷം മറ്റെല്ലാവരെക്കാളും നന്നായി അറിയുന്നത് വീട്ടമ്മമാര്‍ക്കാണ്

എ കെ ആന്റണി

1996-ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ചാരായ നിരോധനം പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചാരായ നിരോധനം പിന്‍വലിച്ചില്ല. സ്ത്രീകളില്‍ നിന്നുണ്ടാകാവുന്ന ശക്തമായ എതിര്‍പ്പിനെ ഭയന്നാണ് അഞ്ച് വര്‍ഷം ഭരിച്ചിട്ടും അവര്‍ പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കാന്‍ തയ്യാറാകാതിരുന്നത്. എ കെ ആന്റണി പ്രസ്താവനയില്‍ പറയുന്നു. ചാരായ നിരോധനം തെറ്റായിരുന്നെങ്കില്‍ പിന്നീട് വന്ന രണ്ട് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് അത് പിന്‍വലിക്കാമായിരുന്നു. അതുണ്ടായില്ല. സത്യം ഇതായിരിക്കെ എക്സൈസ് മന്ത്രി ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളും തുറന്നുവയ്ക്കാന്‍ പറയുന്ന ന്യായം ചാരായനിരോധനമാണെന്നതാണ്. ഇത് നിര്‍ഭാഗ്യകരമാണെന്നും ആന്റണി

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മദ്യശാലകള്‍ അടച്ചിടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. മദ്യശാലകളും ബിവറേജസ് ഔട്ട് ലൈറ്റുകളും അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ബാറുകളില്‍ ടേബിളുകള്‍ തമ്മില്‍ നിശ്ചിത അകലം ഉണ്ടാക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനുമാണ് നിര്‍ദ്ദേശം.

logo
The Cue
www.thecue.in