കടമുറിയിലും കാറിലും വോട്ടിംഗ് മെഷീനുകള്‍ കൂട്ടിയിട്ട നിലയില്‍,ഗുരുതര വീഴ്ച; തിരിമറിയെന്ന് ആരോപണം 

കടമുറിയിലും കാറിലും വോട്ടിംഗ് മെഷീനുകള്‍ കൂട്ടിയിട്ട നിലയില്‍,ഗുരുതര വീഴ്ച; തിരിമറിയെന്ന് ആരോപണം 

നിര്‍ണ്ണായക പൊതു തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണലിന് ഇനി രണ്ടുദിവസം മാത്രം ശേഷിക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ അനധികൃത കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് വോട്ടിംഗ് മെഷീനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായത്. മെഷീനുകള്‍ ഒരു അനധികൃത കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിന്റെയും വാഹനത്തില്‍ സൂക്ഷിച്ചതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒരു വീഡിയോ ഉത്തര്‍പ്രദേശിലെ ചന്ദോലിയില്‍ നിന്നുള്ളതാണ്. വോട്ടിംഗ് മെഷീനും വിവി പാറ്റ് യന്ത്രവും ഒരു കടമുറിയില്‍ ഇറക്കിവെയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊന്ന് ഒരു കാറില്‍ ഇവിഎം സൂക്ഷിച്ചിരിക്കുന്നതിന്റേതാണ്. സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ മെഷീനുകള്‍ പോളിങ് സ്‌റ്റേഷനില്‍ എത്തിച്ചെന്ന് ഒരാള്‍ ആരോപിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഘാസിപൂരില്‍ മെഷീനുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബിഎസ്പി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയിട്ടുമുണ്ട്. മെഷീനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ, മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് മെഷീനുകള്‍ കൈകാര്യം ചെയ്യപ്പെട്ടതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.  ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതുപോലെ എളുപ്പമാണ് ഇവിഎമ്മില്‍ തിരിമറി നടത്താനെന്നായിരുന്നു ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം.ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ ചൊവ്വാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സന്ദര്‍ശിക്കുന്നുണ്ട്. വോട്ടെണ്ണല്‍ സമയത്ത് വിവി പാറ്റിന്റെ നിര്‍ണ്ണയം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in