അവസാന ട്വീറ്റില്‍ നിര്‍മ്മലയ്ക്ക് അഭിനന്ദനം, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ദിവ്യ സ്പന്ദന

അവസാന ട്വീറ്റില്‍ നിര്‍മ്മലയ്ക്ക് അഭിനന്ദനം, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ദിവ്യ സ്പന്ദന

Published on

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവിയും സിനിമ താരവുമായ ദിവ്യ സ്പന്ദന തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. ധനമന്ത്രിയായി ചുമതലയേറ്റ നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ച ട്വീറ്റ് ആണ് ദിവ്യ അവസാനമായി പോസ്റ്റ് ചെയ്തത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ധന മന്ത്രാലയം കൈകാര്യം ചെയ്യുന്ന വനിത മന്ത്രിക്ക് ആശംസയെന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്.

ഞായറാഴ്ച മുതലാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ദിവ്യ സ്പന്ദനയുടെ അക്കൗണ്ട് ഇല്ലാതായത്. നിര്‍മ്മല സീതാരാമന് അഭിനന്ദനം അറിയിച്ച് രണ്ടാം ദിവസം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിക്ക് ഇതെന്തു പറ്റിയെന്നാണ് ഏവരും ചോദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ നിരന്തരം ട്വീറ്റ് ചെയ്തിരുന്ന ദിവ്യ മാണ്ഡ്യയിലെ കോണ്‍ഗ്രസിന്റെ മുന്‍ എംപിയായിരുന്നു. പിന്നെയാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തത്.

ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും സജീവമാണ്. കോണ്‍ഗ്രസ് ദിവ്യ സ്പന്ദനയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അടുത്ത ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പോവുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്യരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണോ ദിവ്യയുടെ പിന്മാറ്റമെന്നും സംശയമുണ്ട്. എന്നാല്‍ ഒരറിയിപ്പുമില്ലാതെ ദിവ്യ സ്പന്ദന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തത് വലിയ അഭ്യൂഹങ്ങള്‍ക്കാണ് വഴിവെച്ചത്.

logo
The Cue
www.thecue.in