‘മിണ്ടാതിരിക്കാന്‍ തീരുമാനിച്ചിട്ടില്ല’, കണ്ണൂരിലേത് കള്ളവോട്ട്, പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ അന്വേഷണം ഇഴഞ്ഞാല്‍ ഇടപെടുമെന്ന് മീണ 

‘മിണ്ടാതിരിക്കാന്‍ തീരുമാനിച്ചിട്ടില്ല’, കണ്ണൂരിലേത് കള്ളവോട്ട്, പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ അന്വേഷണം ഇഴഞ്ഞാല്‍ ഇടപെടുമെന്ന് മീണ 

കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പറഞ്ഞ മീണ പാമ്പുരിത്തിയില്‍ 12 കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്തത് സിപിഎം പ്രവര്‍ത്തകനാണ്.

പൊലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ അന്വേഷണം മന്ദഗതിയിലാണെങ്കില്‍ ഇടപെടുമെന്നും മീണ പറഞ്ഞു. മിണ്ടാതിരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടില്ലെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരുമായി സിപിഎമ്മിന്റെ കള്ളവോട്ടിന്റെയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയതിന്റേയും പേരില്‍ ഇടഞ്ഞുനില്‍ക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍.

പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയെടുക്കുമെന്നാണ് മീണ പറഞ്ഞത്.

കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 171 സി, ഡി, എഫ് എന്നിവ പ്രകാരം ക്രിമിനല്‍ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. വീഴ്ച സംഭവിച്ചതായി ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി.

ഇതിനിടയില്‍ സംസ്ഥാന പൊലീസ് സേനയിലെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കുക, സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷം കോടതിയിലേക്ക് നീങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in