‘ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി ശേഖരിച്ചു’,അര്‍ജുന്‍ കേരളം വിട്ടെന്ന് ക്രൈംബ്രാഞ്ച് 

‘ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി ശേഖരിച്ചു’,അര്‍ജുന്‍ കേരളം വിട്ടെന്ന് ക്രൈംബ്രാഞ്ച് 

അപകടദിവസം തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കഴിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സുഹൃത്ത് പ്രകാശ് തമ്പി ശേഖരിച്ചെന്ന് നിര്‍ണ്ണായക മൊഴി. ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയി പ്രകാശ് തമ്പി പിന്നീട് തിരിച്ചേല്‍പ്പിച്ചെന്നാണ് ജ്യൂസ് കടയുടമ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. കൊല്ലത്തെ കടയുടമ ഷംനാദാണ് അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിവൈഎസ്പി ഹരികൃഷ്ണനാണ് ഇയാളില്‍ നിന്ന് മൊഴിയെടുത്തത്. സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രകാശ് തമ്പി പൊലീസ് പിടിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സജീവമായത്. അതേസമയം ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളത്തിലില്ലെന്ന് വെളിപ്പെട്ടു. ഇയാള്‍ അസമിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പരിക്കേറ്റ ഇയാള്‍ ഇത്രദൂരം സഞ്ചരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അര്‍ജുന്റെ മൊഴിയെടുക്കാനെത്തിയപ്പോഴാണ് ഇയാള്‍ നാട്ടിലില്ലെന്ന് വ്യക്തമായത്. വിഷയം ഗൗരവമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നത്. അപകടദിവസം അമിത വേഗതയിലാണ് ബാലഭാസ്‌കറിന്റെ കാര്‍ യാത്ര ചെയ്തിരുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. ചാലക്കുടിയില്‍ നിന്ന് 1.08 ന് കാര്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സ്പീഡ് ക്യാമറയില്‍ കുടുങ്ങിയിരുന്നു. 3.45 ന് വാഹനം പള്ളിപ്പുറത്തെത്തി. അതായത് 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 2.37 മണിക്കൂര്‍ മാത്രമാണെടുത്തത്. അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അര്‍ജുന്റെ മൊഴി.

Related Stories

No stories found.
logo
The Cue
www.thecue.in