'ഇന്ത്യക്കാരനായാല്‍ ഹിന്ദി അറിഞ്ഞിരിക്കണം'; കസ്റ്റമര്‍ കെയറിന്റെ മോശം പെരുമാറ്റത്തില്‍ തമിഴില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ

'ഇന്ത്യക്കാരനായാല്‍ ഹിന്ദി അറിഞ്ഞിരിക്കണം'; കസ്റ്റമര്‍ കെയറിന്റെ മോശം പെരുമാറ്റത്തില്‍ തമിഴില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ

ഹിന്ദി അറിയില്ലെന്ന കാരണം പറഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ. സംഭവത്തില്‍ ഫുഡ് ഡെലിവറി ആപ്പിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താവിനോട് മാപ്പ് പറഞ്ഞ് സൊമാറ്റോ രംഗത്തെത്തിയത്.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഒരു വിഭവം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു വികാസ് എന്ന ഉപഭോക്താവ് കസ്റ്റമര്‍ കെയറിനെ സമീപിച്ചത്. ഹിന്ദി ദേശീയഭാഷയാണെന്നും, ഇന്ത്യക്കാരനായാല്‍ അല്‍പമെങ്കിലും ഹിന്ദി അറിഞ്ഞിരിക്കണമെന്നുമായിരുന്നു സംസാരത്തിനിടെ കസ്റ്റമര്‍ കെയര്‍ ഏജന്റ് വികാസിനോട് പറഞ്ഞത്.

പണം നല്‍കി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാത്തതില്‍ വികാസ് ഹോട്ടലില്‍ വിളിച്ച് പരാതിപ്പെട്ടപ്പോഴാണ് സൊമാറ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ പറഞ്ഞത്. പണം നല്‍കുന്ന കാര്യം സ്ഥിരീകരിക്കാന്‍ കസ്റ്റമര്‍ കെയര്‍ ഏജന്റ് ഹോട്ടലുമായി ബന്ധപ്പെട്ടു, എന്നാല്‍ തമിഴ് അറിയാത്തതിനാല്‍ അവര്‍ പറഞ്ഞത് ഏജന്റിന് മനസിലായില്ല. ഇത് വികാസിനെ അറിയിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശമുണ്ടായത്.

ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ അനുഭവം വികാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഇതിന് പിന്നാലെ സൊമാറ്റോയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. #RejectZomato, #StopHindiImposition തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തമിഴിലും ഇംഗ്ലീഷിലും മാപ്പ് പറഞ്ഞ് സൊമാറ്റോ രംഗത്തെത്തിയത്.

തങ്ങളുടെ കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ മോശം പെരുമാറ്റത്തില്‍ മാപ്പ് പറയുന്നതായും, അടുത്ത തവണ മികച്ച രീതിയില്‍ ഭക്ഷണമെത്തിക്കാനുള്ള നിങ്ങള്‍ തരുമെന്ന് കരുതുന്നു. സൊമാറ്റോ ബഹിഷ്‌കരിക്കരുതെന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in