ലീഗ് എംപിമാരില്‍ യൂത്തിന് അതൃപ്തി; വഹാബിനെതിരെ പടയൊരുക്കം

ലീഗ് എംപിമാരില്‍ യൂത്തിന് അതൃപ്തി; വഹാബിനെതിരെ പടയൊരുക്കം

പാര്‍ലമെന്റിലെ മുസ്ലിംലീഗ് എം പി മാരുടെ പ്രവര്‍ത്തനത്തില്‍ യൂത്ത് ലീഗിന് അതൃപ്തി. മുസ്ലിം വിഭാഗത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ എം പിമാരുടെ ഇടപെടല്‍ തൃപ്തികരമല്ലെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ വിമര്‍ശനം. മുത്തലാഖ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ പി വി അബ്ദുള്‍വഹാബ് പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് കൊണ്ട് യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷനും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍ രംഗത്തെത്തി. പാര്‍ലമെന്റില്‍ പോകാന്‍ പ്രയാസമുണ്ടെങ്കില്‍ വഹാബ് മാറിനില്‍ക്കണം. ചര്‍ച്ചയ്ക്ക് പേര് വിളിച്ചപ്പോള്‍ ഹാജരായില്ല. വഹാബിന്റെ രാജ്യസഭയിലെ ഹാജര്‍ നില കുറവാണ്. പാര്‍ലമെന്റിലെ ചര്‍ച്ചകയിലും എം പി മാര്‍ വീഴ്ച വരുത്തിയെന്നും മുഈനലി തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

 മുഈനലി തങ്ങള്‍
മുഈനലി തങ്ങള്‍

പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരും ലോകസഭയില്‍ ക്രയാത്കമായി ഇടപെടുന്നില്ലെന്ന് വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വിഷയം സജീവ ചര്‍ച്ചയാണ്. പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങളില്‍ എം പിമാര്‍ക്കിടയില്‍ ഏകോപനമില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുള്ള പരാതി. മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്‌തെങ്കിലും എതിര്‍ക്കുന്ന കക്ഷികളെ ഒന്നിപ്പ് നിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. മുത്തലാഖ് ബില്ല് ലോകസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി വൈകിയത്തെയതും ലീഗിനെ പിന്തുണയ്ക്കുന്ന സാമുദായിക സംഘടനകളുടെ ഉള്‍പ്പെടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു.

അടുത്ത ആഴ്ച വയനാട്ടി യൂത്ത് ലീഗിന്റെ സംസ്ഥാന ക്യാമ്പ് നടക്കുന്നുണ്ട്. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ഇതില്‍ പങ്കെടുക്കുക. എം പി മാരുടെ പ്രവര്‍ത്തനം യോഗത്തില്‍ ഉയര്‍ത്താനാണ് ഒരുവിഭാഗത്തിന്റെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in