പി.ശശിയെ നിയമിച്ച ശേഷം ആദ്യം എടുത്ത തീരുമാനം; എസ്. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനെന്ന് യൂത്ത് കോണ്‍ഗ്രസ്

പി.ശശിയെ നിയമിച്ച ശേഷം ആദ്യം എടുത്ത തീരുമാനം; എസ്. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനെന്ന്
യൂത്ത് കോണ്‍ഗ്രസ്

ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍. റിപ്പോര്‍ട്ടര്‍ ചാനലിനോടായിരുന്നു പ്രതികരണം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പി.ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണ്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് എസ്. ശ്രീജിത്തിനെ നീക്കിയ നടപടിയെന്നും നുസൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് തുടങ്ങിവെച്ച പോരാട്ടമാണ് നടിയെ ആക്രമിച്ച കേസ്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വീഴ്ച സംഭവിച്ചാല്‍ അത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുമെന്നും നുസൂര്‍ കൂട്ടിച്ചേര്‍ത്തു.

ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കി സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു. ഷേഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച കാലാവധി അവസാനിക്കാനിരിക്കെയാണ് എസ്. ശ്രീജിത്തിന്റെ സ്ഥലം മാറ്റം. എ.ഡി.ജി.പി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.

കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വടകര എം.എല്‍.എ .കെ രമ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in