ഐ.സിയില്‍ നിന്ന് രാജിവെക്കില്ലെന്ന് രചന നാരായണന്‍കുട്ടി; കമ്മിറ്റിയുടെ തീരുമാനത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ചു

ഐ.സിയില്‍ നിന്ന് രാജിവെക്കില്ലെന്ന് രചന നാരായണന്‍കുട്ടി;  കമ്മിറ്റിയുടെ തീരുമാനത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ചു

അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെക്കില്ലെന്ന് കമ്മിറ്റി അംഗം രചന നാരായണന്‍ കുട്ടി. ഐ.സി.സി നിര്‍ദേശിച്ചത് തന്നെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നടപ്പാക്കിയത്.

ഐ.സി.സിയെ നോക്കുകുത്തി ആക്കിയിട്ടില്ല. മറ്റ് മൂന്ന് പേരും എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് തനിക്കറിയില്ലെന്നും രചന നാരായണ്‍ കുട്ടി ദ ക്യുവിനോട് പറഞ്ഞു.

അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെക്കില്ലെന്ന് കമ്മിറ്റിയിലെ പുറമെ നിന്നുള്ള പ്രതിനിധിയും നിയമ വിദഗ്ധയുമായ അഡ്വ. അനഘയും ദ ക്യുവിനോട് പറഞ്ഞു.

നിലവില്‍ ഐ.സി.സിയുടെ അധികാരത്തെ ബഹുമാനിക്കാത്ത നടപടി അമ്മയില്‍ നിന്ന് ഉണ്ടായതായി കരുതുന്നില്ല. മറ്റ് കമ്മിറ്റി അംഗങ്ങളുടേത് വ്യക്തിപരമായ തീരുമാനമാണ്. ഇതുവരെ തനിക്ക് പ്രശ്‌നങ്ങളൊന്നും തോന്നിയിട്ടില്ലെന്നും അനഘ.

ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാള്‍ക്കെതിരെ മൃദുസമീപനം സ്വീകരിച്ച നടപടി ശരിയാണോ എന്ന ചോദ്യത്തിന് കേസ് അന്വേഷണ ഘട്ടത്തില്‍ നില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അനഘ പറഞ്ഞു.

രചന നാരായണന്‍കുട്ടി പറഞ്ഞത്

മാലാ പാര്‍വതി രാജിവെച്ചത് മാത്രമേ അറിയുകയുള്ളു. മറ്റ് രണ്ട് പേര്‍ രാജിവെച്ചത് ഞാന്‍ അറിഞ്ഞിട്ടില്ല. ഞാന്‍ അമ്മയുടെ ഐ.സി.സിയില്‍ നിന്ന് രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. എക്‌സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായത്തോട് യോജിച്ചുള്ള തീരുമാനമാണ് ഉണ്ടായത്. ഐ.സി.സി എന്താണോ നിര്‍ദ്ദേശിച്ചത് അവിടെ അത് തന്നെയാണ് നടന്നിരിക്കുന്നത്.

ആ നിര്‍ദേശം എന്താണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. കാരണം അത് രഹസ്യാത്മക സ്വാഭാവമുള്ളതാണ്. ഐ.സി.സി എടുക്കുന്ന ഒരു തീരുമാനവും എനിക്ക് പുറത്തുവിടാന്‍ പറ്റില്ല. പക്ഷേ ഐ.സി.സി എന്താണോ നിര്‍ദേശിച്ചത് അത് തന്നെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ച് കൊണ്ട് ചെയ്തിട്ടുള്ളത്. ഐ.സി.സിയെ ഒരു നോക്കുകുത്തി ആക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇവര്‍ മൂന്ന് പേരും ഇങ്ങനെ ചെയ്തത് എന്നതില്‍ ഞാന്‍ കണ്‍ഫ്യൂസ്ഡ് ആണ്.

പക്ഷേ അവര്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും. വ്യക്തികളാണല്ലോ. കുറേ തെറ്റിധാരണകളുടെ ഭാഗമായിട്ടാണ് അങ്ങനെ നടന്നിരിക്കുന്നത്.

എനിക്ക് പക്ഷേ അതില്‍ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭൂരിപക്ഷം ആളുകളും ഐ.സി.സിയെ സപ്പോര്‍ട്ട് ചെയ്തു. എനിക്ക് അതില്‍ ഒരു റിഗ്രറ്റും തോന്നുന്നില്ല. അതുകൊണ്ട് ഐ.സി.സിയില്‍ നിന്ന് ഞാന്‍ രാജിവെക്കില്ല.

അനഘയുടെ പ്രതികരണം

അമ്മയുടെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എനിക്ക് അമ്മയുടെ ഐ.സി.സിയില്‍ വ്യക്തിപരമായി ഒരു പ്രശ്‌നവും തോന്നിയിട്ടില്ല.

ഐ.സി.സിയുടെ അധികാരത്തെ അമ്മ ബഹുമാനിച്ചില്ലെന്ന് കരുതുന്നില്ല. ചര്‍ച്ചകള്‍ നല്ല രീതിയിലാണ് നടന്നത്. കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് വ്യക്തിപരമായി ഐ.സി.സിയുടെ അധികാരത്തെ ബഹുമാനിച്ചില്ല എന്ന് തോന്നിയത് കൊണ്ടാകാം അവര്‍ പുറത്ത് പോകാമെന്ന് തീരുമാനമെടുത്തത്.

പക്ഷേ അതിനെക്കുറിച്ച് ഞാന്‍ പ്രതികരിക്കുന്നത് ശരിയല്ല. അതില്‍ അവര്‍ക്ക് മാത്രമേ പ്രതികരിക്കാന്‍ കഴിയൂ. ഐ.സി.സിയുടെ അധികാരത്തെ ബഹുമാനിക്കാത്തതായി തോന്നിയില്ല, അതുകൊണ്ടാണ് ഇപ്പോഴും ഐ.സി.സി മെമ്പറായി തന്നെ തുടര്‍ന്ന് പോകുന്നത്. രാജിവെക്കാന്‍ ഉദ്ദേശമില്ല.

താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ (ഐ.സി.സി) നിന്നും മാലാ പാര്‍വതിക്ക് പിന്നാലെ നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചിരുന്നു. ഐ.സി.സി ചെയര്‍പേഴ്സണാണ് ശ്വേത മേനോന്‍.

ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബു സ്വമേധയാ മാറിനില്‍ക്കുന്നു എന്നാണ് അമ്മയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഐ.സി.സി അംഗം എന്ന നിലയില്‍ ഇത് അംഗീകരിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മാലാ പാര്‍വതി രാജി നല്‍കിയത്. അതേസമയം അമ്മയില്‍ തുടരുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായ നടന്‍ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയ്ക്ക് പിന്നാലെയാണ് അമ്മയിലെ ഐസിസി ചേര്‍ന്നത്. ഏപ്രില്‍ 27ന് ചേര്‍ന്ന യോഗത്തില്‍, വിജയ്ബാബുവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് നിയമലംഘനമാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു.

എന്നാല്‍ വിജയ് ബാബു സ്വമേധയാ മാറി നില്‍ക്കുന്നു എന്ന് പറയുന്നത് സംഘടനയുടെ അച്ചടക്ക നടപടിയല്ലെന്നും അമ്മയുടെ വാര്‍ത്താക്കുറിപ്പ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും മാലാ പാര്‍വതി തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

NB: ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി പ്രകാരമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന് പറയുന്നുണ്ടെങ്കിലും. സങ്കടകക്ഷിയായ സ്ത്രീയെയും സാക്ഷികളെയും തിരിച്ചറിയാന്‍ ഇടവരുത്തണമെന്ന് കരുതികൊണ്ട് അവരുടെ പേരോ വിലാസമോ തിരിച്ചറിയല്‍ വിവരങ്ങളോ മറ്റെന്തെങ്കിലും കാര്യങ്ങളോ വെളിപ്പെടുത്താതെ ഈ ആക്റ്റ് പ്രകാരം ലൈംഗിക പീഡനത്തിന്റെ ഇരയ്ക്ക് നീതി കിട്ടിയതിനെക്കുറിച്ചുള്ള വിവരം പ്രചരിപ്പിക്കാവുന്നതാണെന്ന് നിയമത്തില്‍ പറയുന്നുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in